പ്രകാശ് കാരാട്ട് പിബി, കേന്ദ്ര കമ്മിറ്റി കോ-ഓർഡിനേറ്റർ; താത്കാലിക ചുമതല ഏപ്രിൽ വരെ
ഡൽഹി: മുതിർന്ന നേതാവും മുൻ പാർട്ടി ജനറൽ സെക്രട്ടറിയുമായ പ്രകാശ് കാരാട്ടിനെ പോളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മിറ്റി കോ-ഓർഡിനേറ്ററായി നിയമിച്ച് സി പി എം. 24ാം പാർട്ടി കോൺഗ്രസ് കഴിയുന്നത് വരെയാണ് ചുമതല നൽകിയിരിക്കുന്നത്. ഇന്ന് ചേർന്ന കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. പാർട്ടി ജനറൽ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരിയുടെ പകരക്കാരനായി നേതൃത്വം ആരെ നിയോഗിക്കുമെന്ന ആകാംക്ഷയ്ക്കിടെയാണ് കാരാട്ടിന് താത്കാലിക ചുമതല നൽകാൻ നേതൃത്വം തീരുമാനിച്ചത്.
2025 ഏപ്രിൽ 2 മുതൽ ആറ് വരെ മധുരയിൽ വെച്ചാണ് പാർട്ടി കോൺഗ്രസ് ചേരുക. പാർട്ടി കോൺഗ്രസിൽ വെച്ച് പുതിയ ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കും. 2005 - 2015 കാലഘട്ടത്തിലാണ് പ്രകാശ് കാരാട്ട് സി പി എം ജനറൽ സെക്രട്ടറി പദവി വഹിച്ചത്. 2015 ൽ നടന്ന പാർട്ടി കോൺഗ്രസിൽ വെച്ചാണ് സീതാറാം യെച്ചൂരിയെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. ഈ 2025 ൽ പത്ത് വർഷം പൂർത്തിയാക്കാനിരിക്കേയായിരുന്നു യെച്ചൂരിയുടെ വിയോഗം.
1985 മുതൽ കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന പ്രകാശ് കാരാട്ട് 1992 ലാണ് പിബി അംഗമായത് .പാർട്ടി കോൺഗ്രസിന് വേണ്ട തയ്യാറെടുപ്പുകളെല്ലാം ഇനി കാരാട്ടിന്റെ നേതൃത്വത്തിലായിരിക്കും നടക്കും. കാരാട്ടിന് കീഴിൽ പിബി അംഗങ്ങൾക്ക് കൂട്ടായ ചുമതലയും നൽകിയിട്ടുണ്ട്.

നെഞ്ചിലെ അണുബാധയെ തുടർന്ന് ചികിത്സയിലിരിക്കെ സപ്റ്റംബർ 12 നായിരുന്നു സീതാറാം യെച്ചൂരിയുടെ ആകസ്മിക മരണം. ഇതോടെ സി പി എമ്മിനെ ആര് നയിക്കുമെന്ന ആകാംക്ഷകൾ ശക്തമായിരുന്നു. ദേശീയ തലത്തിൽ സി പി എം പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തിൽ യെച്ചൂരിക്ക് പകരം ആര് എന്ന ചോദ്യം സി പി എമ്മിനേയും ആശയക്കുഴപ്പത്തിലാക്കിയിരുന്നു. കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാവ് എം എ ബേബിയുടെ അടക്കം പേരുകൾ ഈ ഘട്ടത്തിൽ ചർച്ചയായി. പിബിയിൽ 75 എന്ന പ്രായപരിധി മറികടക്കാത്ത മുതിർന്ന നേതാവാണ് ബേബി. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ പേരിന് മുൻതൂക്കം പ്രവചിക്കപ്പെട്ടു. എന്നാൽ ഉടൻ പാർട്ടി ജനറൽ സെക്രട്ടറി വേണ്ടെന്ന തീരുമാനത്തിലേക്ക് സി പി എം എത്തുകയായിരുന്നു.












Click it and Unblock the Notifications