ബിജെപിയെ പൂട്ടും? ഗുജറാത്തിൽ കോൺഗ്രസിന് വേണ്ടി പ്രശാന്ത് കിഷോർ ഇറങ്ങും? ഒരുക്കം തുടങ്ങി കോൺഗ്രസ്
അഹമ്മദാബാദ്; അടുത്ത വർഷം 7 സംസ്ഥാനങ്ങളിലാണ് നിയമസഭ തിരഞ്ഞെടുപ്പ് നടക്കുക. കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബ്, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ, ഹിമാചൽ പ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ചർച്ചകളിലേക്ക് ഇതിനോടകം തന്നെ രാഷ്ട്രീയ പാർട്ടികൾ കടന്നു കഴിഞ്ഞു
അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിൽ ഭരണം നിലനിർത്താൻ സാധിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ബിജെപി. എന്നാൽ ഇത്തവണ എന്തുവിലകൊടുത്തും മഴുവൻ സംസ്ഥാനങ്ങളിലും അധികാരം പിടിക്കുമെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്. ഇതിൽ മോദിയുടെ സ്വന്തം തട്ടകമായ ഗുജറാത്തും ഉൾപ്പെടുന്നു.

2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഞെട്ടിച്ച പ്രകടനം കാഴ്ച വെച്ച സംസ്ഥാനമാണ് ഗുജറാത്ത്. ബിജെപിയുടെ കോട്ടകൾ ഇളക്കി കൊണ്ട് വൻ മുന്നേറ്റം നടത്താൻ കോൺഗ്രസിന് സാധിച്ചു. ആകെയുള്ള 182 സീറ്റുകളിൽ 77 സീറ്റുകളിലായിരുന്നു കോൺഗ്രസ് വിജയിച്ചത്. ബിജെപിക്ക് അക്കുറി 2012 നെ അപേക്ഷിച്ച് 16 സീറ്റുകളാണ് നഷ്ടമായത്.

2012 ൽ 115 സീറ്റുകളായിരുന്നു ബിജെപിക്ക് ഉണ്ടായിരുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലഭിച്ചത് 99 സീറ്റുകളും. അതേസമയം മറ്റൊരു തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയതോടെ എന്ത് വിലകൊടുത്തും തട്ടകം കാക്കാനുള്ള നീക്കത്തിലാണ് ബിജെപി. എന്നാൽ അത് അത്ര എളുപ്പമാകില്ലെന്ന സൂചനയാണ് പുറത്തുവരുന്നത്.കൊവിഡ് പ്രതിസന്ധിയിൽ സർക്കാരിനെതിരായ ജനവികാരം ശക്തമാണ്.

പ്രതിച്ഛായ വർധിപ്പിക്കുയെന്ന ലക്ഷ്യത്തോടെ മന്ത്രിസഭയിൽ പൊളിച്ചെഴുത്ത് ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ചിട്ടയായ പ്രവർത്തനം കാഴ്ചവെച്ചില്ലേങ്കിൽ കനത്ത തിരിച്ചടി തന്നെ ഉണ്ടായേക്കുമെന്ന് നേതാക്കൾ തന്നെ പാർട്ടി നേതൃത്വത്തിന് മുന്നറിയിപ്പ് നൽകുന്നുണ്ട്. അതേസമയം മറുവശത്ത് കോൺഗ്രസ് ആകട്ടെ ഇത്തവണ ഗുജറാത്ത് ഭരണം പിടിക്കാനാകുമെന്ന പ്രതീക്ഷ പുലർത്തുന്നു.

മികച്ച നേതാക്കളെ കളത്തിലിറക്കി ശക്തമായ പ്രവർത്തനം കാഴ്ച വെച്ചാൽ ഗുജറാത്തിൽ അട്ടിമറി ഉണ്ടാകുമെന്ന് തന്നെയാണ് നേതൃത്വം കരുതുന്നത്. സ്ഥാനാർത്ഥി നിർണയം ഉൾപ്പെടെയുള്ള ചർച്ചകളിലേക്ക് കടക്കും മുൻപ് സംഘടന തലത്തിൽ പുതിയ നേതാക്കളെ നിയമിക്കാനുള്ള നടപടികൾ പാർട്ടിയിൽ പുരോഗമിക്കുകയാണ്.

അതിനിടെ കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ രൂപീകരിക്കുന്നതിനായി കോൺഗ്രസ് പ്രത്യേക യോഗം ചേർന്നു. പാർട്ടി സംസ്ഥാന അധ്യക്ഷൻ അമിത് ചാദ്വ, പ്രതിപക്ഷ നേതാവ് പരേഷ് ധനാനി, മുൻ കോൺഗ്രസ് അധ്യക്ഷൻ ഭരത് സിംഗ് സോളങ്കി, അരുൺ മോദ്വാദിയ തുടങ്ങിയ നേതാക്കളാണ് യോഗത്തിൽ പങ്കെടുത്തത്.

ബിജെപി സർക്കാരിൻറെ വീഴ്ചകൾ ജനങ്ങൾക്ക് മുൻപിൽ തുറന്ന് കാട്ടുകയാണ് പ്രധാന ലക്ഷ്യം. ഇതിനായി വലിയ ജനസമ്പർക്ക പരിപാടികൾ കോൺഗ്രസ് സംഘടിപ്പിക്കുമെന്ന് അമിത് ചാദ്വ പ്രതികരിച്ചു. നിയമസഭ തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള പ്രാഥമിക പദ്ധതികൾ തങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. ഹൈക്കമാന്റുമായി ഇക്കാര്യത്തിൽ ചർച്ച നടത്തി വരികയാണെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് കൈകാര്യം ചെയ്യുന്നതിലെ സർക്കാർ പരാജയങ്ങളും ജനങ്ങളെ ബോധ്യപ്പെടുത്തും.കൊവിഡ് ബാധിച്ച് മരിച്ച വ്യക്തികളുടെ കുടുംബങ്ങളെ പാർട്ടി നേതൃത്വം നേരിട്ട് സന്ദർശിക്കും. ഇവർക്ക് നഷ്ടപരിഹാരമായി നാല് ലക്ഷം രൂപ നല്‍കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും സർക്കാരിനെതിരായ ജനങ്ങളുടെ പ്രതിഷേധങ്ങൾ പ്രകടിപ്പിക്കാനുള്ള വേദിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ വരുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വേണ്ടി പ്രശാന്ത് കിഷോർ തന്ത്രങ്ങൾ മെനഞ്ഞേക്കുമെന്ന റിപ്പോർട്ടുകൾ ഉണ്ട്. ബംഗാളിലെ തൃണമൂലിന്റെ കൂറ്റൻ വിജയത്തിന് പിന്നാലെ പഞ്ചാബിലും ഗുജറാത്തിലും പ്രശാന്ത് കിഷോർ കോൺഗ്രസുമായി സഹകരിച്ചേക്കുമെന്നാണ് അഭ്യൂഹങ്ങൾ.

ബംഗാൾ വിജയത്തിന് പിന്നാലെ ബിജെപിക്കെതിരെ വിശാല പ്രതിപക്ഷ സഖ്യത്തിന് നിലമൊരുക്കാനുള്ള ശ്രമങ്ങൾ പ്രശാന്ത് കിഷോറിന്റെ നേതൃത്വത്തിൽ നടക്കുന്നതായുളള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാറുമായി പ്രശാന്ത് കിഷോർ കൂടിക്കാഴ്ച നടത്തിയത് ഇതിന്റെ ഭാഗമായിട്ടായിരുന്നു എന്നായിരുന്നു റിപ്പോർട്ടുകൾ.
Recommended Video

ഇതിനിടയിലാണ് ഗുജറാത്തിൽ കോൺഗ്രസുമായി പ്രശാന്ത് സഹകരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കുന്നത്. നേരത്തേ 2022 ൽ ഉത്തർപ്രദേശിലും പ്രശാന്ത് കോൺഗ്രസിനു വേണ്ടി തന്ത്രം മെനഞ്ഞെക്കുമെന്നുള്ള തരത്തിൽ വാർത്തകൾ ഉണ്ടായിരുന്നു. അതേസമയം പ്രശാന്ത് സഹകരിക്കുമെന്നത് സംബന്ധിച്ച് ഔദ്യോഗികമായുള്ള പ്രതികരണങ്ങള്‍ പ്രശാന്ത് കിഷോറോ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡോ നടത്തിയിട്ടില്ല.












Click it and Unblock the Notifications