പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസിനെ നയിക്കും, ഉത്തരാഖണ്ഡ് പിടിക്കും, ആദ്യ മാസ്റ്റര്‍ പ്ലാന്‍ ഇങ്ങനെ
ദില്ലി: പ്രശാന്ത് കിഷോറിന്റെ സന്ദര്‍ശനത്തില്‍ അമ്പരന്ന് കോണ്‍ഗ്രസ് ക്യാമ്പ്. അടിമുടി മാറ്റം നിമിഷങ്ങള്‍ക്കുള്ളിലാണ് സജ്ജമായത്. ഉത്തരാഖണ്ഡില്‍ നിന്ന് തുടങ്ങുമെന്നാണ് സൂചന. അതേസമയം ഗാന്ധി കുടുംബം പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് കിഷോറിന്. ജി23 നേതാക്കളുടെ ഇടപെടലും, ഒപ്പം അമരീന്ദര്‍ സിംഗിന്റെ ചര്‍ച്ചകളും കിഷോറിനെ കോണ്‍ഗ്രസിലേക്ക് വീണ്ടും അടുപ്പിച്ചിരിക്കുകയാണ്. മാറ്റങ്ങള്‍ക്കായി ഉത്തരാഖണ്ഡില്‍ നിന്നുള്ള നേതാക്കളും ദില്ലിയിലെത്തിയിട്ടുണ്ട്.

രാഹുലിനെയും പ്രിയങ്കയെയുമാണ് ആദ്യം കിഷോര്‍ കണ്ടത്. എന്നാല്‍ ഇതോടെ യോഗം തീരുമെന്നാണ് കരുതിയത്. പിന്നാലെ തന്നെ സോണിയാ ഗാന്ധിയുമായും പ്രശാന്ത് കിഷോര്‍ സംസാരിച്ചു. സോണിയ വിര്‍ച്വലി ഇവര്‍ തമ്മിലുള്ള യോഗത്തില്‍ ചേരുകയായിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളുടെ ആഗ്രഹപ്രകാരം കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുക എന്ന ദൗത്യമാണ് കിഷോര്‍ ഏറ്റെടുത്തിരിക്കുന്നത്. നിലവില്‍ കോണ്‍ഗ്രസിലെ ആരും അതിന് താല്‍പര്യപ്പെടാത്ത സാഹചര്യത്തില്‍ കിഷോര്‍ തന്നെ അത് ഏറ്റെടുക്കും.

പഞ്ചാബ്, ഉത്തര്‍പ്രദേശ്, തിരഞ്ഞെടുപ്പുകളെ കുറിച്ച് ഇവര്‍ സംസാരിച്ചിട്ടില്ല. കോണ്‍ഗ്രസില്‍ നിര്‍ണായക റോള്‍ കിഷോറിന് നല്‍കാനാണ് രാഹുല്‍ ഗാന്ധി തീരുമാനിച്ചിരിക്കുന്നത്. 2024 മാത്രം മുന്നില്‍ കണ്ടാണ് ഈ കൂടിക്കാഴ്ച്ച. പല പ്രാദേശിക നേതാക്കളുമായും കിഷോര്‍ ബന്ധപ്പെടുന്നുണ്ട്. ഗാന്ധി കുടുംബത്തിലെ മൂന്ന് പേരും കിഷോറിനെ കാര്യങ്ങള്‍ ഏല്‍പ്പിക്കാന്‍ ഒറ്റക്കെട്ടായി തീരുമാനിച്ചിരിക്കുകയാണ്. 2017ലെ യുപി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പ്രശാന്ത് കിഷോര്‍ സഹായിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് സംഘടനാ ശേഷിയില്ലാത്തത് കൊണ്ട് തകര്‍ന്ന് തരിപ്പണമാവുകയായിരുന്നു.

കോണ്‍ഗ്രസുമായി ചേരാനില്ലെന്ന നിലപാടിലായിരുന്നു കിഷോര്‍. തന്റെ തന്ത്രങ്ങള്‍ പരാജയപ്പെടുന്നത് കോണ്‍ഗ്രസുമായി ചേരുമ്പോഴാണ് എന്നാണ് കിഷോര്‍ കരുതിയിരുന്നത്. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തന ശൈലി മാറ്റണമെന്നാണ് കിഷോര്‍ നിര്‍ദേശിച്ചിരുന്നത്. പഞ്ചാബില്‍ പോലും അമരീന്ദറുമായി ചേരാനില്ലെന്ന് വരെ അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. പറഞ്ഞ വാഗ്ദാനങ്ങള്‍ ആദ്യം പാലിക്കാനായിരുന്നു അമരീന്ദറിന് നല്‍കിയ നിര്‍ദേശം. ഇത് നടപ്പാക്കി തുടങ്ങിയതിന് ശേഷമാണ് അമരീന്ദറുമായി കിഷോര്‍ ചേര്‍ന്നത്.

അടുത്ത വര്‍ഷത്തെ അഞ്ച് തിരഞ്ഞെടുപ്പുകളില്‍ നാലും പിടിക്കാനാണ് കോണ്‍ഗ്രസ് നീക്കം. ഉത്തരാഖണ്ഡിലായിരിക്കും മിഷന്‍ 2024 ആദ്യം പ്രയോഗിക്കുക. ഇവിടെ പാര്‍ട്ടിയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ രാഹുല്‍ ശ്രമം തുടങ്ങി കഴിഞ്ഞു. ഉത്തരാഖണ്ഡില്‍ നിന്ന് നേതാക്കള്‍ ദില്ലിയിലെത്തിയിട്ടുണ്ട്. ഹരീഷ് റാവത്ത്, നവപ്രഭാത്, കരണ്‍ മഹാര എന്നിവരെയാണ് രാഹുല്‍ കണ്ടത്. ഹരീഷ് റാവത്ത് തന്നെയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവുക. സംസ്ഥാന സമിതിയിലും മാറ്റങ്ങളുണ്ടാവും.

നവപ്രഭാത്, കിഷോര്‍ ഉപാധ്യായ്, ഭുവന്‍ കാപ്രി, പ്രകാശ് ജോഷി എന്നിവരുടെ പേരുകളാണ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ പരിഗണിക്കുന്നത്. അതേസമയം നിയമസഭാ കക്ഷി നേതാവായി പ്രീതം സിംഗിനെയും കൊണ്ടുവരും. ഇതോടെ വിഭാഗീയത കൊണ്ടുവരും. കുമയൂണിനും ഗര്‍വാളിനും പ്രാധാന്യം നല്‍കി കൊണ്ടുള്ള തന്ത്രമാണ് ഉത്തരാഖണ്ഡില്‍ പയറ്റുന്നത്. കുമയൂണും ഗര്‍വാളും ഉത്തരാഖണ്ഡില്‍ ഭരണം തീരുമാനിക്കുന്ന മേഖലയാണ്. ഹരീഷ് റാവത്ത് ഇവിടെ പോപ്പുലര്‍ ലീഡറാണ്.

കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ വാഗ്ദാനം സൗജന്യ വൈദ്യുതിയാണ്. വലിയ പ്രതിസന്ധി ഉത്തരാഖണ്ഡ് ഊര്‍ജോല്‍പ്പാദനത്തില്‍ നേരിടുന്നുണ്ട്. ഈ സാഹചര്യത്തില്‍ വലിയ പ്രഖ്യാപനമാണ് ഇത്. ബിജെപിയും എഎപിയും ഇതേ പ്രഖ്യാപനം തന്നെ നടത്തിയിട്ടുണ്ട്. ഹരീഷ് റാവത്ത് നൂറ് യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കുമെന്ന് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അവസാന കാലത്ത് പറഞ്ഞിരുന്നു. എന്നാല്‍ അത് എഎപി എടുത്ത് ഉപയോഗിച്ചിരിക്കുകയാണ്.

അരവിന്ദ് കെജ്രിവാള്‍ 300 യൂണിറ്റ് വൈദ്യുതിയാണ് സൗജന്യമായി നല്‍കുമെന്ന് അറിയിച്ചിരിക്കുന്നത്. കര്‍ഷകര്‍ക്ക് അത് അണ്‍ലിമിറ്റഡായിരിക്കുമെന്നും കെജ്രിവാള്‍ വ്യക്തമാക്കി. ഉത്തരാഖണ്ഡും ദില്ലിയും തമ്മില്‍ താരതമ്യമില്ല. ദില്ലിയുടെ അതേ സൗകര്യം ഇവിടെയുണ്ടായിരുന്നെങ്കില്‍ 400 യൂണിറ്റ് സൗജന്യമായി നല്‍കുമായിരുന്നുവെന്നും ഹരീഷ് രാവത്ത് തിരിച്ചടിച്ചു. അതേസമയം കോണ്‍ഗ്രസിന്റെ മാസ്റ്റര്‍ പ്ലാന്‍ കിക്കായാല്‍ പ്രശാന്ത് കിഷോറിന്റെ വരവ് ഞെട്ടിക്കും. 2024ലെ പ്രതിപക്ഷ നീക്കത്തിന് രാഹുല്‍ ഗാന്ധി അതോടെ ചുക്കാന്‍ പിടിക്കും.












Click it and Unblock the Notifications