ആദിവാസി യുവാവിന്റെ ദേഹത്ത് മൂത്രമൊഴിച്ച സംഭവം; പ്രതി അറസ്റ്റില്‍, ദേശീയസുരക്ഷ നിയമം ചുമത്തി
ഭോപ്പാല്‍: മധ്യപ്രദേശില്‍ ആദിവാസി യുവാവിന്റെ ദേഹത്ത് മൂത്രമൊഴിച്ച ആളെ പോലീസ് അറസ്റ്റ് ചെയ്തു. പ്രവേഷ് ശുക്ലയെ ആണ് പോലീസ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്.
രണ്ട് മണിക്കാണ് ഇയാള്‍ പിടിയിലായത് എന്നാണ് പോലീസ് അറിയിച്ചത്. സംഭവത്തിന്റെ വീഡിയോ കഴിഞ്ഞദിവസം സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ദേശീയസുരക്ഷ ആക്ട്, എസ്എസി, എസ്ടി ആക്ട് , മറ്റ് വകുപ്പുകള്‍ എവന്നിവ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ഇയാളുടെ ഭാര്യയേയും മാതാപിതാക്കളേയും ചോദ്യം ചെയ്തിരുന്നു. അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാന്‍ ഇയാള്‍ പല സ്ഥലങ്ങളിലേക്ക് മാറിമാറി യാത്ര ചെയ്യുകയായിരുന്നു.
36കാരനായ ദസ്മത് രാവത്ത് എന്ന യുവാവിന്റെ ദേഹത്താണ് പ്രവേഷ് മൂത്രമെഴിച്ചത്. നിലത്തിരുന്നിരുന്ന യുവാവിന്റെ ദേഹത്ത് സിഗരറ്റ് വലിച്ചുകൊണ്ട് പ്രവേഷ് മൂത്രമൊഴിക്കുകയായിരുന്നു. എന്നാല്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോൾ രാവത്ത് ഈ വീഡിയോ വ്യാജമാണെന്ന് പറഞ്ഞിരുന്നു.
വീഡിയോ വ്യാജമാണെന്നും ശുക്ലയെ കള്ളക്കേസിൽ കുടുക്കാനാണ് ഇത് ഉണ്ടാക്കിയതെന്നുമാണ് യുവാവ് പറഞ്ഞത്. എന്നാൽ ഇത് യുവാവിനെ കൊണ്ട് നിർബന്ധിച്ച് പറയിച്ചതാണെന്നാണ് വിലയിരുത്തുന്നത്. പ്രവേഷ് ബിജെപി പ്രവർത്തകൻ ആണെന്നാണ് പറയപ്പെടുന്നത്.
എംഎൽഎമാരായ കേഥാർനാഥ് ശുക്ല, രാജേന്ദ്ര ശുക്ല എന്നിവരുടെ ഒപ്പമുള്ള ഇയാളുടെ ചിത്രങ്ങളും സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു. എന്നാൽ ഇയാൾക്ക് ബിജെപിയുമായി ബന്ധമില്ലെന്നാണ് പാർട്ടി പറയുന്നത്. "എന്റെ നിയോജകമണ്ഡലത്തിൽ നിന്നുള്ള ആളായതിനാൽ എനിക്ക് അയാളെ അറിയാം, പക്ഷേ അയാൾ ബിജെപി പ്രവർത്തകൻ അല്ല," കേദാർനാഥ് ശുക്ല പറഞ്ഞു.
സംഭവത്തെ വിമർശിച്ച് കോൺഗ്രസും രംഗത്തുവന്നു. "സംസ്ഥാനത്തെ സിദ്ധി ജില്ലയിൽ നിന്നുള്ള ഒരു ആദിവാസി യുവാവിന് നേരെ (ഒരാൾ) മൂത്രമൊഴിക്കുന്ന ക്രൂരതയുടെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. പരിഷ്‌കൃത സമൂഹത്തിൽ ആദിവാസി സമൂഹത്തിലെ യുവാക്കൾക്കെതിരെ ഇത്തരമൊരു ഹീനമായ പ്രവൃത്തി നടക്കാൻ പാടില്ല" മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥ് പറഞ്ഞു
"ഈ സംഭവം മധ്യപ്രദേശിനെയാകെ നാണക്കേടാക്കി....കുറ്റവാളിക്ക് കർശനമായ ശിക്ഷ നൽകണം, മധ്യപ്രദേശിൽ ആദിവാസികൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കണം," അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവം വിവാദമായതിന് പിന്നാലെ മുഖ്യമന്ത്രി ശിവരാജ് ചൗഹാൻ ഇയാൾക്കെതിരെ കേസെടുക്കാൻ ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications