പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രധാനമന്ത്രി: ദില്ലിയില്‍ കനത്ത സുരക്ഷ
ദില്ലി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങുകള്‍ ദില്ലിയില്‍ ആരംഭിച്ചു. ഉച്ചക്ക് 12 മണിയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം നിര്‍വഹിക്കുക. രാവിലെ ഏഴര മുതല്‍ പൂജ ചടങ്ങുകള്‍ ആരംഭിച്ചു. ചടങ്ങില്‍ ആദ്യാവസാനം വരെ പ്രധാനമന്ത്രി പങ്കെടുക്കും. ഇരു ചേംബറുകളിലും പ്രധാന മന്ത്രി സന്ദര്‍ശിക്കും. രാവിലെ ഏഴരയോട് കൂടി പ്രധാനമന്ത്രിയും ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ളയും പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ എത്തി.

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി പ്രധാനമന്ത്രിക്ക് ഇന്നലെ ചെങ്കോല്‍ കൈമാറിയിരുന്നു. ഈ ചെങ്കോല്‍ പ്രധാനമന്ത്രി സ്പീക്കറുടെ ഇരിപ്പിടത്തിന് സമീപം സ്ഥാപിച്ചു. ശേഷം ലോക്‌സഭയില്‍ നിലവിളക്ക് തെളിയിച്ചു. ഇതോടൊപ്പം ഉദ്ഘാടന ഫലകവും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു. പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മ്മിച്ച തൊഴിലാളികളെ പ്രധാനമന്ത്രി ആദരിക്കുകയും ചെയ്തു.
ഇപ്പോള്‍ ലോബിയില്‍ സര്‍വ്വമത പ്രാര്‍ത്ഥന പുരോഗമിക്കുകയാണ്. 12 മണിയോടെ പാര്‍ലമെന്റിനെ കുറിച്ചുള്ള വീഡിയോ പ്രദര്‍ശനവും പ്രസംഗങ്ങളും ആരംഭിക്കും. ഒരു മണിയോടെ 75 രൂപ നാണയവും സ്റ്റാമ്പും പ്രധാനമന്ത്രി പ്രകാശനം ചെയ്യും. ഇതിന് ശേഷമാണ് പ്രധാനമന്ത്രി പ്രസംഗിക്കുക. പാര്‍ലെമെന്റ് നിര്‍മ്മാണത്തില്‍ പങ്കെടുത്ത 40,000 തൊഴിലാളികളെയാണ് ആദരിച്ചത്. ഇവരുടെ പ്രതിനിധികളായി കുറച്ച് പേരെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
അതേസമയം, പ്രതിപക്ഷത്തെ 20 പാര്‍ട്ടികള്‍ ചടങ്ങ് ബഹിഷ്‌കരിക്കും. സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്കൊപ്പം കര്‍ഷക സംഘടനകള്‍ മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചതിനാല്‍ ദില്ലിയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ന്യൂഡല്‍ഹി മേഖലയില്‍ 3 മണി വരെ സ്വകാര്യ വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി.












Click it and Unblock the Notifications