കേരളത്തിന്റെ രണ്ടാം വന്ദേഭാരത് യാത്ര തുടങ്ങി; പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു
കാസര്‍കോട്: കേരളത്തിന്റെ രണ്ടാം വന്ദേഭാരത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്തു. കാസര്‍കോട്ട് നിന്നാണ് രണ്ടാം വന്ദേഭാരത് യാത്ര തുടങ്ങിയത്. പ്രധാനമന്ത്രി ഓണ്‍ലൈനായാണ് ഫ്‌ളാഗ് ഓഫ് കര്‍മ്മം നിര്‍വഹിച്ചത്. ഇതിനോടൊപ്പം മറ്റ് സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ച എട്ട് വന്ദേഭാരത് എക്‌സ്പ്രസുകളുടെ ഫ്‌ളാഗ് ഓഫ് കര്‍മ്മവും പ്രധാനമന്ത്രി നിര്‍വഹിച്ചു.
ക്ഷണിക്കപ്പെട്ട അതിഥികളും തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളുമാണ് ആദ്യ യാത്രക്കാര്‍. വഴിനീളെ വലിയ സ്വീകരണമാണ് വന്ദേഭാരതിന് ഒരുക്കിയിട്ടുള്ളത്. ഉദ്ഘാടന ചടങ്ങിലും വിദ്യാര്‍ത്ഥികളുടെ പരിപാടികള്‍ റെയില്‍വേ സ്റ്റേഷനില്‍ സംഘടിപ്പിച്ചിരുന്നു. ഉദ്ഘാടനം പ്രമാണിച്ച് പയ്യന്നൂര്‍, തലശ്ശേരി, കായകുളം എന്നിവടങ്ങളില്‍ വന്ദേഭാരതിന് സ്വീകരണമൊരുക്കിയിട്ടുണ്ട്.

അതേസമയം പുതിയ ഇന്ത്യയുടെ അഭിലാഷങ്ങള്‍ തന്റെ സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചുവെന്ന് ഫ്‌ളാഗ് ഓഫ് കര്‍മ്മം നിര്‍വഹിച്ച് കൊണ്ട് നരേന്ദ്ര മോദി പറഞ്ഞു. സ്ത്രീ സംവരണം അടക്കമുള്ള ഭരണ നേട്ടങ്ങള്‍ മോദി പ്രസംഗത്തില്‍ പരാമര്‍ശിച്ചു. പുതിയ ഭാരതത്തിന്റെ പ്രതീക്ഷയുടെ പ്രതീകമാണ് വന്ദേ ഭാരതെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ ഒരു കോടിയില്‍ അധികം യാത്രക്കാര്‍ വന്ദേ ഭാരത് ട്രെയിനുകളില്‍ രാജ്യത്ത് യാത്ര ചെയ്തിട്ടുണ്ട്.
രാജ്യത്ത് എല്ലാ ഇടത്തേയ്ക്കും വന്ദേ ഭാരത് സര്‍വീസുകള്‍ എത്തിക്കുകയാണ് ലക്ഷ്യമിടുന്നത് എന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. അത് ടൂറിസം വളര്‍ച്ചയ്ക്ക് വഴിയൊരുക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജസ്ഥാന്‍, തമിഴ്‌നാട്, തെലങ്കാന, ആന്ധ്രപ്രദേശ്, കര്‍ണാടക, ബിഹാര്‍, ബംഗാള്‍, കേരളം, ഒഡീഷ, ജാര്‍ഖണ്ഡ്, ഗുജറാത്ത് എന്നീ 11 സംസ്ഥാനങ്ങളിലായി പ്രധാന തീര്‍ഥാടന, വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള വന്ദേഭാരത് എക്‌സ്പ്രസുകളാണ് ഇന്ന് ഫ്‌ളാഗ് ഓഫ് ചെയ്തിരിക്കുന്നത്.
കാസര്‍കോട് - തിരുവനന്തപുരം വന്ദേ ഭാരത് ട്രെയിന്‍ രാവിലെ 7 മണിക്ക് പുറപ്പെട്ട് 3.05 ന് തിരുവനന്തപുരത്ത് എത്തും. തിരിച്ച് വൈകീട്ട് 4.05ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് രാത്രി 11.58ന് കാസര്‍കോട് എത്തിച്ചേരും. ഒന്നാം വന്ദേഭാരതില്‍ നിന്ന് വ്യത്യസ്തമായി രണ്ടാം വന്ദേഭാരതിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട് എന്നതാണ് പ്രത്യേകത.
എട്ട് കോച്ചുകളാണ് രണ്ടാം വന്ദേഭാരത് എക്സ്പ്രസിന് ഉള്ളത്. ഒന്നാം വന്ദേഭാരതിന് 16 കോച്ചുകളാണ് ഉണ്ടായിരുന്നത്. രണ്ടാം വന്ദേഭാരതിന് തിങ്കളാഴ്ച കാസര്‍കോട്ടേക്കും ചൊവ്വാഴ്ച തിരുവനന്തപുരത്തേക്കും സര്‍വീസ് ഉണ്ടായിരിക്കില്ല എന്നാണ് റെയില്‍വേ അറിയിച്ചിരിക്കുന്നത്. കണ്ണൂര്‍, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, തൃശൂര്‍, എറണാകുളം സൗത്ത്, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലാണ് യാത്രയ്ക്കിടയില്‍ രണ്ടാം വന്ദേഭാരത് നിര്‍ത്തുക.












Click it and Unblock the Notifications