'പ്രതിച്ഛായ തകർക്കാൻ ശ്രമം, ഇന്ത്യയ്ക്ക് പുറത്തുള്ളവരും സഹായിക്കുന്നു'; രാഹുലിനെതിരെ പരോക്ഷ വിമർശനം
ഭോപ്പാല്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. തന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ചിലര്‍ നിരന്തരം ശ്രമിക്കുന്നുവെന്നും ഇന്ത്യയ്ക്ക് അകത്തും പുറത്തുമുളളവരും ഇതിന് സഹായിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ന്യൂഡല്‍ഹി-ഭോപ്പാല്‍ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന്‍ ഫ്‌ളാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതില്‍ ജര്‍മ്മന്‍ വിദേശകാര്യ വക്താവ് പ്രതികരിച്ചിരുന്നു. കൂടാതെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തിലും ബി ജെ പി കോണ്‍ഗ്രസിനെ നിരന്തരം കടന്നാക്രമിച്ചിരുന്നു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ ക്ഷണിക്കുകയാണെന്നും ബി ജെ പി ആരോപിച്ചിരുന്നു. ഈ പോര് നടക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പേരെടുത്ത് പറയാത്ത വിമര്‍ശനം പുറത്തുവന്നത്.

നമ്മുടെ രാജ്യത്ത് ചിലരുണ്ട്. 2014 മുതല്‍ ഇവര്‍ പരസ്യമായി സംസാരിക്കുകയും മോദിയുടെ പ്രതിച്ഛായ തകര്‍ക്കുകമെന്ന് ദൃഢനിശ്ചയമെടുക്കുകയും ചെയ്തു. ഇവരെ പിന്തുണയ്ക്കാന്‍ രാജ്യത്തിനകത്തും പുറത്തുമായ ആളുകള്‍ക്ക് ചിലര്‍ കരാര്‍ നല്‍കിയിട്ടുണ്ട്. ഈ ആളുകള്‍ മോദിയുടെ പ്രതിച്ഛായ നശിപ്പിക്കാന്‍ ശ്രമിക്കുന്നു.
എന്നാല്‍ ഇന്ത്യയിലെ ദരിദ്രരും ഇടത്തരക്കാരും ആദിവാസികളും ദളിതരും പിന്നാക്കക്കാരും ഉള്‍പ്പടെ ഓരോ ഇന്ത്യക്കാരനും മോദിയുടെ സുരക്ഷ കവചമായി മാറിയിരിക്കുകയാണ്. ഇത് അവരെ രോഷാകുലരാക്കുകയും പുതിയ തന്ത്രങ്ങള്‍ സ്വീകരിക്കുകയും നിര്‍ബന്ധിരാക്കുകയും ചെയ്‌തെന്ന് മോദി പറഞ്ഞു.
അവര്‍ ഗൂഡാലോചന നടത്തുമ്പോള്‍ ഓരോ ഇന്ത്യക്കാരനും വികസനത്തിലും രാഷ്ട്ര നിര്‍മ്മാണത്തിലും ശ്രദ്ധ ചെലുത്തണം. ഇവിടെ ഭരിച്ച മുന്‍ സര്‍ക്കാരുകള്‍ വോട്ട് ബാങ്ക് പ്രീണനത്തിന്റെ തിരക്കിലാണ്. മുന്‍ സര്‍ക്കാരുകള്‍ ഒരു കുടുംബത്തെ രാജ്യത്തെ പ്രഥമ കുടുംബമായി കണക്കാക്കി. എന്നാല്‍ എന്റെ സര്‍ക്കാര്‍ രാജ്യത്തെ ജനങ്ങളെ തൃപ്തിപ്പെടുത്താനുള്ള തിരക്കിലാണെന്നും മോദി വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ പേര് പരാമര്‍ശിക്കാതെയാണ് മോദിയുടെ വിമര്‍ശനം.












Click it and Unblock the Notifications