'ഭീകരവാദത്തെ വേരോടെ പിഴുതെറിയുന്നതുവരെ ഞങ്ങള്‍ വിശ്രമിക്കില്ല'; പ്രധാനമന്ത്രി നരേന്ദ്ര മോദി
ദില്ലി: വിവിധ രൂപത്തിലുള്ള ഭീകരവാദത്തെ ഇന്ത്യ ധീരമായി നേരിട്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഭീകരതയെ തകര്‍ക്കുന്നതിന് ഒന്നിച്ചുള്ള ശ്രമം അനിവാര്യമാണെന്നും ചില രാജ്യങ്ങള്‍ ഭീകരവാദത്തെ നയമായി കാണുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പാകിസ്ഥാനെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. ദില്ലിയില്‍ തീവ്രവാദ വിരുദ്ധ ധനസഹായം സംബന്ധിച്ച 'നോ മണി ഫോര്‍ ടെറര്‍' മന്ത്രിതല സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

പതിറ്റാണ്ടുകളായി, ഭീകരവാദം, വ്യത്യസ്ത പേരുകളിലും രൂപങ്ങളിലും, ഇന്ത്യയെ വേദനിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഞങ്ങള്‍ക്ക് ആയിരക്കണക്കിന് വിലപ്പെട്ട ജീവനുകള്‍ നഷ്ടപ്പെട്ടു, പക്ഷേ ഞങ്ങള്‍ തീവ്രവാദത്തിനെതിരെ ധീരമായി പോരാടി- പ്രധാനമന്ത്രി പറഞ്ഞു. ഒരു ആക്രമണം പോലും ഞങ്ങള്‍ ഒന്നിലധികമാണെന്ന് കരുതുന്നു. നഷ്ടപ്പെടുന്നത് ഒരു ജീവനാണെങ്കില്‍ കൂടിയും ഭീകവാദത്തെ വേരോടെ പിഴുതെറിയുന്നതുവരെ ഞങ്ങള്‍ വിശ്രമിക്കില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
അഫ്ഗാനിസ്ഥാനൊപ്പം അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുക്കാത്ത പാകിസ്ഥാനെയും പ്രധാനമന്ത്രി പരിഹസിച്ചു. ചില രാജ്യങ്ങള്‍ അവരുടെ വിദേശനയത്തിന്റെ ഭാഗമായി തീവ്രവാദികളെ പിന്തുണയ്ക്കുന്നെന്ന് പ്രധാനമന്ത്രി പറഞ്ഞു. തീവ്രവാദികള്‍ക്ക് രാഷ്ട്രീയപരമായും സാമ്പത്തികപരവുമായി പിന്തുണ നല്‍കുന്നെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
അതേസമയം, ഭീകരവാദ വിരുദ്ധ ധനസഹായം സംബന്ധിച്ച നിലവിലെ അന്താരാഷ്ട്ര ഭരണകൂടത്തിന്റെ ഫലപ്രാപ്തിയെക്കുറിച്ചും ഉയര്‍ന്നുവരുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് ആവശ്യമായ നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പങ്കെടുക്കുന്ന രാജ്യങ്ങള്‍ക്കും സംഘടനകള്‍ക്കും സവിശേഷമായ സംവിധാനം ഈ സമ്മേളനം വാഗ്ദാനം ചെയ്യുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ഒരു പ്രസ്താവനയിലൂടെ അറിയിച്ചു.
2018 ഏപ്രിലില്‍ പാരീസിലും 2019 നവംബറില്‍ മെല്‍ബണിലും നടന്ന രണ്ട് സമ്മേളനങ്ങളിലെ നേട്ടങ്ങളും പഠനങ്ങളും അടിസ്ഥാനമാക്കിയാണ് ഈ സമ്മേളനം നടക്കുന്നത്. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നിഷേധിക്കുന്നതിനും ആഗോള സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനും ഈ സമ്മേളനം പ്രവര്‍ത്തിക്കുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി .












Click it and Unblock the Notifications