പ്രധാനമന്ത്രി അവധി പോലും എടുക്കാറില്ല, രാഹുൽ ഗാന്ധി വേനലവധി വിദേശത്ത് ആഘോഷിക്കും; അമിത് ഷാ
ന്യൂഡൽഹി: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ സഖ്യത്തിനെതിരെയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെയും ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. എൻഡിഎ നാന്നൂറിലധികം സീറ്റുകൾ നേടി അധികാരത്തിൽ എത്തുമെന്ന മോദിയുടെ പ്രഖ്യാപനം ഒന്നുകൂടി ഊന്നിപ്പറഞ്ഞ അമിത് ഷാ ഇന്ത്യ സഖ്യത്തെ കുടുംബാധിപത്യത്തിന്റെ സഖ്യമെന്നും, അഴിമതിക്കാരുടെ കൂട്ടായ്‌മയെന്നും പരിഹസിച്ചു.
കർണാടകയിൽ ഒരു തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. സംസ്ഥാനത്തെ 28 സീറ്റുകളിലും പാർട്ടി ജയിക്കുമെന്നും അമിത് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയും കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ സഖ്യവും തമ്മിൽ ഒരു സമാനതയും ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരിക്കലും അവധിയെടുക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും വേനൽക്കാലത്ത് വിദേശയാത്ര നടത്തുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയേയും തമ്മിൽ താരതമ്യപ്പെടുത്താൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ 60 ശതമാനം സംസ്ഥാനങ്ങളിലൂടെയും സഞ്ചരിച്ചുവെന്നും അവിടെയൊക്കെ മോദിയെ പുകഴ്ത്തിയുള്ള മുദ്രാവാക്യങ്ങളാണ് കേട്ടതെന്നും അമിത് ഷാ തിരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞു.
'പ്രധാനമന്ത്രി മോദി ഇത്തവണ എല്ലാ ബിജെപി പ്രവർത്തകർക്കും 400ലധികം എന്ന ലക്ഷ്യമാണ് മുന്നോട്ട് വെച്ചിരിക്കുന്നത്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കർണാടകയിലെ ജനങ്ങൾ 43 ശതമാനം വോട്ട് നൽകുകയും ഞങ്ങൾക്ക് 17 സീറ്റ് നൽകുകയും ചെയ്‌തിരുന്നു. 2019ൽ 51 ശതമാനം വോട്ടും 25 സീറ്റും നൽകി, എന്നാൽ ഇത്തവണ ജനങ്ങളോടും പാർട്ടി പ്രവർത്തകരോടും എൻ്റെ അഭ്യർത്ഥന 60 ശതമാനം വോട്ട് ഉറപ്പാക്കി 28 സീറ്റുകളും ബിജെപി സഖ്യത്തിന് നൽകണമെന്നാണ് "അദ്ദേഹം കൂട്ടിച്ചേർത്തു.
'ഒരു വശത്ത് 23 വർഷം മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും പ്രവർത്തിച്ച നരേന്ദ്ര മോദി; 23 വർഷം കൊണ്ട് മോദിക്കെതിരെ 25 പൈസയുടെ പോലും അഴിമതി ആരോപണം ഉന്നയിക്കാൻ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ല. 23 വർഷമായി സുതാര്യതയോടെ മോദി രാജ്യത്തിന് മാതൃകയാണ്.' അമിത് ഷാ പറയുന്നു.
'മറുവശത്ത്, അഴിമതിയുടെ ഈ അഹങ്കാരി കൂട്ടുകെട്ടാണ്. മൻമോഹൻ സിംഗിന്റെയും സോണിയാ ഗാന്ധിയുടെയും 10 വർഷത്തെ കോൺഗ്രസ് ഭരണത്തിൽ 12 ലക്ഷം കോടി രൂപയുടെ അഴിമതിയും വെട്ടിപ്പും നടന്നിട്ടുണ്ട്' അദ്ദേഹം കൂട്ടിച്ചേർത്തു. അഴിമതിയുടെ വിഷയത്തിൽ കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനെതിരെയും അദ്ദേഹം ആഞ്ഞടിച്ചു.
40 വർഷമായി താൻ പ്രധാനമന്ത്രി മോദിക്കൊപ്പം പ്രവർത്തിക്കുന്നുണ്ടെന്ന് പറഞ്ഞ അമിത് ഷാ, 23 വർഷം മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമായിരുന്ന ലോകത്തിലെ ഒരേയൊരു വ്യക്തി പ്രധാനമന്ത്രി മോദിയാണെന്നും ഒരു ദിവസം പോലും അദ്ദേഹം അവധിയെടുക്കില്ലെന്നും പറഞ്ഞു. "അദ്ദേഹം എപ്പോഴും ഭാരതത്തിനായി പ്രവർത്തിച്ചു, ഒരു ദിവസം പോലും അവധി എടുത്തില്ല. മറുവശത്ത് രാഹുൽ 'ബാബ' വേനൽ ആവുമ്പോൾ വിദേശത്തേക്ക് പോകുന്നു. ഓരോ ആറ് മാസം കൂടുമ്പോഴും കോൺഗ്രസ് അദ്ദേഹത്തെ തിരയുന്നു," അമിത് ഷാ ആരോപിച്ചു.
അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പ് ആരംഭിക്കാൻ കേവലം ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് അമിത് ഷാ കടുത്ത ആരോപണവുമായി പ്രതിപക്ഷ സഖ്യത്തിനെതിരെയും അവരുടെ പ്രധാന നേതാവിനെതിരെയും രംഗത്ത് വരുന്നത്. ഇക്കുറി ദക്ഷിണേന്ത്യയിൽ ബിജെപി ഏറ്റവും പ്രതീക്ഷയോടെ നോക്കി കാണുന്ന സംസ്ഥാനങ്ങളിൽ ഒന്നായ കർണാടകയിൽ പരമാവധി സീറ്റ് ഉറപ്പിക്കുക ലക്ഷ്യമിട്ടാണ് അമിത് ഷാ ഉൾപ്പെടെയുള്ളവർ പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നത്.












Click it and Unblock the Notifications