വിവേകാനന്ദപ്പാറയിലെ പ്രധാനമന്ത്രിയുടെ ധ്യാനം; സുരക്ഷയ്ക്ക് 2000 പോലീസുകാർ,പൊതുജനങ്ങൾക്കും പ്രവേശനമില്ല
ചെന്നൈ: വിവേകാനന്ദപ്പാറയിൽ ധ്യാനത്തിനായി എത്തുന്ന പ്രധാനമന്ത്രിക്ക് കനത്ത സുരക്ഷ. തിരുനെൽവേലി ഡി ഐ ജിയ്ക്കാണ് സുരക്ഷ ചുമതല. 2000ത്തോളം പോലീസുകാരെയാണ് ഇവിടെ വിന്യസിച്ചിരിക്കുന്നത്. പ്രദേശത്തേക്ക് ശനിയാഴ്ച വരെ വിനോദ സഞ്ചാരികളെ പ്രവേശിപ്പിക്കില്ല. സ്വകാര്യ ബോട്ടുകൾക്കും ഫെറിയിലേക്ക് പ്രവേശിക്കാൻ അനുമതിയുണ്ടാകില്ല. വിവേകാനന്ദപ്പാറയുടെ അഞ്ച് കിമി ചുറ്റളവിൽ മീൻപിടിത്തത്തിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
ഡി ഐ ജി പ്രവേശ് കുമാറിന്റേയും എസ് പി ഇ സുന്ദരവതനത്തിന്റേയും നേതൃത്വത്തിൽ വിവേകാനന്ദപ്പാറ സ്മാരകം,ബോട്ട് ജെട്ടി, ഹെലിപാഡ്, സംസ്ഥാന ഗസ്റ്റ് ഹൗസ് എന്നിവിടങ്ങളിൽ സുരക്ഷാ ക്രമീകരണങ്ങൾ പരിശോധിച്ച് വിലയിരുത്തി.
ഇന്ന് വൈകീട്ട് 4.45 ഓടെയാണ് പ്രധാനമന്ത്രി കന്യാകുമാരിയിൽ എത്തുക. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ഹെലികോപ്റ്ററിൽ കന്യാകുമാരിയിലേക്ക് തിരിക്കും. ഗസ്റ്റ് ഹൗസിൽ വിശ്രമത്തിന് ശേഷ് 5.20 ഓടെ ന് ധ്യാനത്തിനായി പ്രത്യേക ബോട്ടിൽ വിവേകാനന്ദപ്പാറയിലെത്തും. കന്യാകുമാരിയിൽ ഭഗവതി ക്ഷേത്രത്തിലും അദ്ദേഹം ദർശനം നടത്തും.

ജൂൺ 1 വൈകീട്ട് മൂന്ന് വരെയായിരിക്കും അദ്ദേഹം ഇവിടെ ധ്യാനമിരിക്കുക. 45 മണിക്കൂറാണ് അദ്ദേഹം ധ്യാനമിരിക്കുന്നത്. ഈ സാഹചര്യത്തിൽ തീരദേശ സുരക്ഷാ ഗ്രൂപ്പും ഇന്ത്യൻ കോസ്റ്റ് ഗാർഡും ഇന്ത്യൻ നാവികസേനയും സമുദ്രാതിർത്തികളിൽ ജാഗ്രത പുലർത്തുമെന്ന് അധികൃതർ അറിയിച്ചു. ഇതാദ്യമായാണ് വിവേകാനന്ദപ്പാറയിൽ പ്രധാനമന്ത്രി ധ്യാനമിരിക്കുന്നത്. 2019 ലും ഇത്തരത്തിൽ മോദി ധ്യാനത്തിന് ഇരുന്നിരുന്നു. അന്ന് കേദാർനാഥ് ക്ഷേത്രത്തിനടത്തുള്ള ഗുഹയായിരുന്നു തിരഞ്ഞെടുത്തത്.
ലോക്സഭ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാന ഘട്ട പ്രചരണവും പൂർത്തിയാക്കിയാണ് മോദി ധ്യാനമിരിക്കാനായി എത്തുന്നത്. മൂന്നാം വട്ടവും എൻഡിഎ അധികാരത്തിലേറുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് ബി ജെ പിയും മോദിയും. സത്യപ്രതിജ്ഞ ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
അതിനിടെ മോദി ധ്യാനത്തിനിരിക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ ഉൾപ്പെടെയുള്ള കക്ഷികൾ രംഗത്തെത്തിയിട്ടുണ്ട്. നടപടി തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ മോദി ധ്യാനം നടത്തുന്നത് തിരഞ്ഞെടുപ്പ് പ്രചാരണമായി കണക്കാക്കാൻ ആകില്ലെന്നാണ് കമ്മീഷൻ നിലപാട്. ധ്യാനത്തിന്റെ ദൃശ്യങ്ങൾ സംപ്രേഷണം ചെയുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് സി പി എമ്മും രംഗത്തെത്തിയിരുന്നു. വ്യക്തിപരമായ കാര്യത്തിനാണ് മോദിയുടെ ധ്യാനമെന്നും ഇത് രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്നുമാണ് സി പി എം ചൂണ്ടിക്കാട്ടിയത്. എന്നാൽ ഈ ആവശ്യവും കമ്മീഷൻ തള്ളി.












Click it and Unblock the Notifications