അമേരിക്കയിൽ നിന്നും പറന്നിറങ്ങി പ്രിയങ്ക; ദില്ലിയിൽ നിർണായക യോഗങ്ങൾ, ആദ്യ ദൗത്യം ലക്നൗവിൽ
Recommended Video

ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ സജീവരാഷ്ട്രീയത്തിലേക്കുള്ള പ്രിയങ്ക ഗാന്ധിയുടെ വരവ് കോൺഗ്രസിന്റെ പ്രതീക്ഷകൾ വാനോളം ഉയർത്തിയിട്ടുണ്ട്. ഇരുപ്പത്തിയൊന്നാം നൂറ്റാണ്ടിന്റെ ഇന്ദിര എന്നാണ് പ്രിയങ്ക ഗാന്ധിയെ പലരും വിശേഷിപ്പിക്കുന്നത്. രൂപത്തിലും ഭാവത്തിലും മാത്രമല്ല ജനങ്ങളോടുള്ള അവരുടെ ഇടപടെലും നിശ്ചയദാർണ്ഡ്യവുമെല്ലാം ഇന്ദിരാ ഗാന്ധിയെ ഓർമിപ്പിക്കുന്നുവെന്നാണ് കോൺഗ്രസ് അണികൾ പറയുന്നത്.
കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായാണ് പ്രിയങ്കാ ഗാന്ധിയെ നിയമിച്ചിരിക്കുന്നത്. ഔദ്യോഗിക ചുമതല ലഭിച്ചിട്ടും തന്റെ നിയന്ത്രണത്തിലുള്ള പ്രദേശം ഇതുവരെ പ്രിയങ്ക സന്ദർശിച്ചിട്ടില്ല. ഫെബ്രുവരി ആദ്യം വാരം തന്നെ പ്രിയങ്ക ചുമതലയേൽക്കുമെന്നാണ് റിപ്പോർട്ട്. അമേരിക്കയിൽ നിന്നും മടങ്ങിയെത്തിയ പ്രിയങ്കയ്ക്ക് തിരക്കിട്ട പ്രചാരണ പരിപാടികളാണ് ഇനി നടപ്പിലാക്കാനുള്ളത്.

പറന്നിറങ്ങി പ്രിയങ്ക
കുട്ടികളുടെ വിദ്യാഭ്യാസവും കുടുംബ ജീവിതവുമായി ന്യൂയോർക്കിലായിരുന്നു പ്രിയങ്ക. തിങ്കളാഴ്ച അമേരിക്കിൽ നിന്നും ദില്ലിയിലേക്ക് പറന്നിറങ്ങിയ പ്രിയങ്കയെ ആവേശത്തോടെയാണ് അണികൾ വരവേറ്റത്. തിരികെയെത്തിയ ശേഷം കോൺഗ്രസ് അധ്യക്ഷനും തന്റെ സഹോദരനുമായ രാഹുൽ ഗാന്ധിയുമായി പ്രിയങ്ക കൂടിക്കാഴ്ച നടത്തി

പ്രിയങ്കയെ കാത്ത് ഉത്തർപ്രദേശ്
ഔദ്യോഗിക ചുമതലയുമായി ഉത്തർപ്രദേശിൽ എത്തുന്ന പ്രിയങ്ക ഗാന്ധിയെ കാത്തിരിക്കുകയാണ് പ്രവർത്തകർ. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണ തന്ത്രങ്ങൾക്ക് അന്തിമ രൂപം നൽകേണ്ടതുണ്ട്. ഫെബ്രുവരി 7ാം തീയതി രാഹുൽ ഗാന്ധി എഐസിസി ജനറൽ സെക്രട്ടറിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. ഫെബ്രുവരി 9ന് എല്ലാ സംസ്ഥാനങ്ങളിലേയും കോൺഗ്രസ് അധ്യക്ഷൻമാരുടെയും പ്രധാന നേതാക്കളുടെയും യോഗം വിളിച്ചിട്ടുണ്ട് ഇതിന് ശേഷമാകും പ്രിയങ്ക ഉത്തർപ്രദേശിൽ എത്തുന്നത്.

ഔദ്യോഗിക ചുമതല
ഈ മാസം പകുതിയോടെ കോൺഗ്രസ് പ്രവർത്തക സമിതി യോഗം ചേരുന്നുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് അന്തിമ രൂപം നൽകാനാണ് യോഗം. ഈ യോഗത്തിലാകുംപ്രിയങ്ക ഗാന്ധി ഔദ്യോഗികമായി ചുമതലയേറ്റെടുക്കുക എന്നാണ് റിപ്പോർട്ടുകൾ.

പ്രിയങ്കയും സിന്ധ്യയും
കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതല പ്രിയങ്ക ഗാന്ധിക്കും പടിഞ്ഞാറൻ ഉത്തർപ്രദേശിന്റെ ചുമതല ജ്യോതിരാദിത്യ സിന്ധ്യയ്ക്കുമാണ് നൽകിയിരിക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗൊരഖ്പൂറും പ്രധാനമന്ത്രിയുടെ വാരണാസിയുമെല്ലാം പ്രിയങ്കയുടെ കിഴക്കൻ ഉത്തർപ്രദേശിന്റെ പരിധിയിലാണ്.

സ്വാധീന മേഖല
കോൺഗ്രസിന് കൂടുതൽ സ്വാധീനമുള്ളത് പ്രിയങ്കയുടെ ചുമതലയിലുള്ള കിഴക്കൻ ഉത്തർപ്രദേശ് മേഖലയിലാണ്. ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് രാഹുൽ ഗാന്ധി നടത്താനിരിക്കുന്ന റാലിയാകും ഇരുവരുടെയും സംസ്ഥാനത്തെ ആദ്യ ഉത്തരവാദിത്തം.

പ്രതീക്ഷ കൈവിടാതെ കോൺഗ്രസ്
ഉത്തർപ്രദേശിൽ കോൺഗ്രസിനെ പുറത്ത് നിർത്തി എസ്പിയും ബിഎസ്പിയും സഖ്യം രൂപികരിച്ചത് രാഹുൽ ഗാന്ധിയുടെ പ്രതീക്ഷകൾക്ക് വലിയ തിരിച്ചടി നൽകിയിരുന്നു. തിരഞ്ഞെടുപ്പ് അടുക്കുന്നതിന് മുമ്പ് തന്നെ സഖ്യത്തിൽ വീണ്ടും ചില പൊളിച്ചെഴുത്തുകൾ നടന്നേക്കാമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് കേന്ദ്രങ്ങൾ. പ്രിയങ്കയുടെ വരവ് സഖ്യത്തിനും നെഞ്ചിടിപ്പ് കൂട്ടിയിട്ടുണ്ട്.

പ്രതിഷേധങ്ങൾക്കിടയിൽ മടക്കം
പ്രിയങ്ക ഗാന്ധിക്ക് നേരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന അധിക്ഷേപങ്ങൾക്കെതിരെ മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ വലിയ പ്രതിഷേധം നടക്കുന്നതിനിടെയാണ് പ്രിയങ്ക തിരിച്ചെത്തിയിരിക്കുന്നത്. പ്രിയങ്ക ഗാന്ധിയുടെ അപകീർത്തികരമായ ചിത്രങ്ങൾ പ്രചരിപ്പിച്ചതിനും അശ്ലീല ചുവയുള്ള ട്വീറ്റുകൾക്കുമതെിരെ വനിതാ വിഭാഗം പരാതി നൽകിയിട്ടുണ്ട്. പ്രിയങ്കയ്ക്കെതിരെ ക്യാംപെയിൻ ആരംഭിച്ചവർക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം.

പത്ത് റാലികൾ
രാഹുൽ ഗാന്ധി പങ്കെടുക്കുന്ന പത്തോളം റാലികളാണ് ഉത്തർപ്രദേശിൽ സംഘടിപ്പിക്കുന്നതെന്നാണ് മുതിർന്ന നേതാവ് ഗുലാം നബി ആസാദ് വ്യക്തമാക്കിയിരിക്കുന്നത്. ലക്നൗവിൽ നിന്നാണ് ആദ്യ റാലി ആരംഭിക്കുന്നത്. ഫെബ്രുവരി രണ്ടാം വാരം പ്രചാരണപരിപാടികൾക്ക് തുടക്കമായേക്കും. ഈ റാലികളിൽ വൻ ജനപിന്തുണ ഉറപ്പിക്കേണ്ടത് പുതിയ ജനറൽ സെക്രട്ടറിമാരുടെ ദൗത്യമാണ്.












Click it and Unblock the Notifications