പുൽവാമ ആക്രമണം; സൈനികരുടെ മൃതദേഹം കൊണ്ടാണ് ലോക്സഭ തിരഞ്ഞെടുപ്പിൽ പോരാടിയത്; സത്യപാൽ മാലിക്
പുൽവാമ ഭീകരാക്രമണത്തിൽ വീണ്ടും കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് മുൻ ജമ്മു കാശ്മീർ ഗവർണർ സത്യപാൽ മാലിക്. സൈനികരുടെ മൃതദേഹം കൊണ്ടാണ് 2019-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ പോരാടിയതെന്നും സംഭവത്തിൽ യാതൊരു അന്വേഷണവും സർക്കാർ നടത്തിയിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അന്വേഷണം നടന്നിരുന്നുവെങ്കിൽ അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജിവെയ്ക്കേണ്ടി വരുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.അൽവാർ ജില്ലയിൽ വെച്ച് നടന്ന പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ മൃതദേഹം കൊണ്ടാണ് തിരഞ്ഞെടുപ്പിൽ പോരാടിയത്. അന്വേഷണവും നടന്നില്ല. അന്വേഷണം നടന്നിരുന്നുവെങ്കിൽ അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന രാജ്നാഥ് സിംഗ് രാജിവെയ്ക്കേണ്ടി വരുമായിരുന്നു. നിരവധി ഉദ്യോഗസ്ഥരെ ജയിലിൽ അടക്കേണ്ടി വരുമായിരുന്നു, വലിയ വിവാദം തന്നെ ഉണ്ടാകുമായിരിന്നു', സത്യപാൽ പറഞ്ഞു.

'പുൽവാമ ആക്രമണം നടക്കുമ്പോൾ ജിം കോർബറ്റ് നാഷ്ണൽ പാർക്കിൽ ഒരു ഷൂട്ടിംഗ് പരിപാടിയിലായിരുന്നു പ്രധാനമന്ത്രി. അത് കഴിഞ്ഞെത്തി അദ്ദേഹം എന്നെ വിളിച്ചു. നമ്മുടെ സൈനികർ കൊല്ലപ്പെട്ടെന്നും നമ്മുടെ വീഴ്ച കൊണ്ടാണ് അത് സംഭവിച്ചതെന്നും ഞാൻ അദ്ദേഹത്തോട് പറഞ്ഞു. എന്നാൽ മൗനം പുലർത്താനായിരുന്നു അദ്ദേഹത്തിന്റെ നിർദ്ദേശം', സത്യപാൽ പറഞ്ഞു.
2019 ഫെബ്രുവരിയിൽ പുൽവാമ ഭീകരാക്രമണ സമയത്തും ആർട്ടിക്കിൾ 370 റദ്ദാക്കിയപ്പോഴും ജമ്മു കശ്മീരിൽ സത്യപാൽ മാലിക് ആയിരുന്നു ഗവർണർ. പുൽവാമ ആക്രമണത്തിൽ അന്ന് 40 സൈനികരായിരുന്നു കൊല്ലപ്പെട്ടത്. പുൽവാമ ജില്ലയിലെ അവന്തിപൊരയിൽ സി ആർ പി എഫ് വാഹനവ്യൂഹത്തിന് നേരെയായിരുന്നു ആക്രമണം ഉണ്ടായത്. സ്‌ഫോടക വസ്തുക്കൾ നിറച്ച സ്‌കോർപിയോ കാര്‍, സൈനിക വാഹനവ്യൂഹത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നു.
ആയിരത്തോളം ജവാൻമാരെ റോഡിലൂടെ വാഹന വ്യൂഹത്തിൽ കൊണ്ട് പോകരുതെന്ന് സി ആർ പി എഫ് അധികൃതർ ആവശ്യപ്പെട്ടിട്ടും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യം തള്ളുകയായിരുന്നുവെന്നും സുരക്ഷാ വീഴ്ചയാണ് സംഭവത്തിന് കാരണമായതെന്നും സത്യപാൽ നേരത്തേ വെളിപ്പെടുത്തിയിരുന്നു.
പുൽവാമ ആക്രമണം ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് സഹായകമായെന്നും അന്ന് സംഭവത്തിന്റെ മുഴുവൻ സത്യങ്ങളും പുറത്ത് വരാൻ കേന്ദ്രസർക്കാരിന് താത്പര്യം ഉണ്ടായിരുന്നില്ലെന്നും സത്യപാൽ മാലിക് നേരത്തെ വിമർശിച്ചിരുന്നു.
അതേസമയം അധികാര സ്ഥാനത്തിരുന്നപ്പോൾ എന്തുകൊണ്ടാണ് ഇക്കാര്യങ്ങൾ സത്യപാൽ പറയാതിരുന്നതെന്നും ബിജെപിയുമായി ഇടഞ്ഞപ്പോൾ മാത്രമാണോ ഇക്കാര്യങ്ങൾ മനസിലേക്ക് വന്നതെന്നുമായിരുന്നു സത്യപാലിന്റെ വെളിപ്പെടുത്തിലുകളോട് അമിത് ഷാ പ്രതികരിച്ചത്. രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടിയാണ് ഇത്തരം പ്രതികരണങ്ങൾ അദ്ദേഹം നടത്തുന്നതെന്നും അമിത് ഷാ കുറ്റപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications