ചന്നിയിലൂടെ ദളിത് വോട്ടുറപ്പിച്ച് കോൺഗ്രസ്; ജാട്ട് സിഖ് വോട്ടുകൾ ഇത്തവണയും കൈവിട്ടേക്കും
ദില്ലി; കഴിഞ്ഞ ദിവസമായിരുന്നു പഞ്ചാബിൽ ചരൺ ജിത്ത് സിംഗ് ചന്നിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി രാഹുൽ ഗാന്ധി പ്രഖ്യാപിച്ചത്. പി സി സി അധ്യക്ഷൻ കൂടിയായ നവജ്യോത് സിംഗ് സിദ്ദുവും ചന്നിയും തമ്മിൽ മുഖ്യമന്ത്രി കസേര ലക്ഷ്യം വെച്ച് ചരടുവലികൾ നടക്കുന്നതിനിടെയായിരുന്നു ഹൈക്കമാന്റ് ഇടപെടൽ. സംസ്ഥാനത്തെ ദളിത് വോട്ടുകൾ കൂടി ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ചന്നിയെ നേതൃത്വം തിരഞ്ഞെടുത്തത്.
ഹൈക്കമാന്റിന്റെ തന്ത്രപരമായ തിരുമാനമായിട്ടാണ് പ്രഖ്യാപനത്തെ ഒരു വിഭാഗം വിലയിരുത്തുന്നത്. എന്നാൽ ദളിത് വോട്ടുകൾ ലഭിക്കുമ്പോൾ ജാട്ട് സിഖ് വോട്ടുകളിൽ കോൺഗ്രസിന് തിരിച്ചടി നേരിടുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.

സംസ്ഥാനത്തെ ജനസംഖ്യയുടെ 40 ശതമാനത്തോളം ദളിത് വിഭാഗമാണ്.
ഈ സാഹചര്യത്തിലാണ് നിയമസഭ തിരഞ്ഞെടുപ്പ് കൂടി ലക്ഷ്യം വെച്ച് അമരീന്ദർ സിംഗിന്റെ പടിയിറക്കത്തോടെ ദളിത് നേതാവ് കൂടിയായ ചന്നിയെ കോൺഗ്രസ് മുഖ്യമന്ത്രിയാക്കിയത്. അതേസമയം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പി സി സി അധ്യക്ഷൻ കൂടിയായ സിദ്ദു മുഖ്യമന്ത്രി കസേരയ്ക്കായി ചരടുവലി ആരംഭിച്ചതോടെ ഹൈക്കമാന്റ് പ്രതിസന്ധിയിലായി.

സാധാരണയായി നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്ന പതിവ് ഇല്ല. മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വത്തെ ചൊല്ലി പാർട്ടിയിൽ ആഭ്യന്തര തർക്കങ്ങൾ രൂക്ഷമായി.
സിദ്ദു കോൺഗ്രസ് നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തുന്ന സാഹചര്യം പോലും ഉണ്ടായി.ഇതോടെയാണ് വിഷയത്തിൽ ഹൈക്കമാന്റ് ഇടപെട്ടത്.

തർക്കം രമ്യമായി പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ കണ്ടെത്താൻ ജനങ്ങൾക്കിടയിൽ പ്രത്യേക അഭിപ്രായ സർവ്വേ തന്നെ കോൺഗ്രസ് നടത്തി. സിദ്ദുവിനേയും ചന്നിയേയും ഉൾപ്പെടുത്തിയായിരുന്നു സർവ്വേ. ഇതിൽ ചന്നിക്കായിരുന്നു കൂടുതൽ പിന്തുണ ലഭിച്ചത്. ചന്നിയെ ഉയര്‍ത്തിക്കാട്ടുന്നതിലൂടെ ആപ്പ് ഉയര്‍ത്തുന്ന വെല്ലുവിളി മറിക്കടക്കാനാകുമെന്നും കോൺഗ്രസ് പ്രതീക്ഷിക്കുന്നുണ്ട്. അതേസമയം ചന്നിയെ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ മറ്റൊരു പ്രബല വിഭാഗമായ ജാട്ട് സിഖ് വോട്ടുകൾ കോൺഗ്രസിന് നഷ്ടമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.

പഞ്ചാബിൽ പരമ്പരാഗതമായി ജാട്ട് സിഖ് സമുദായാംഗങ്ങളെയാണ് മുഖ്യമന്ത്രി പദത്തിലേക്ക് പാർട്ടികൾ തിരഞ്ഞെടുക്കാറുള്ളത്. ഇതാദ്യമായാണ് ദളിത് വിഭാഗത്തിൽ നിന്നുള്ള നേതാവിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടുന്നത്. സംസ്ഥാന ജനസംഖ്യയുടെ 18 ശതമാനമാണ് ജാട്ട് സിഖ് വിഭാഗം. ഇവർ കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്ലെല്ലാം ശിരോമണി അകാലിദൾ- ബി ജെ പി സഖ്യത്തെയാണ് കൂടുതൽ പിന്തുണച്ചിരുന്നത്. അടുത്തിടെ ആം ആദ്മി പാർട്ടിയ്ക്കും സമുദായത്തിനിടയിൽ സ്വാധീനം ലഭിച്ചിട്ടുണ്ട്.
Recommended Video

2017 ൽ തങ്ങളുടെ കന്നി പോരാട്ടത്തിനിറങ്ങിയ ആം ആദ്മി 20 സീറ്റുകൾ നേടിയിരുന്നു. അന്ന് ആപ്പിന് ലഭിച്ച 30 ശതമാനം വോട്ടുകളും സിഖ് വിഭാഗത്തിൽ നിന്നാണ്. 2012 ൽ എസ് എ ഡി- ബി ജെ പി പാർട്ടികൾക്ക് ലഭിച്ച ജാട്ട് വോട്ട് വിഹിതം 52 ശതമാനമായിരുന്നു. എന്നാൽ ആം ആദ്മിയുടെ വരവോടെ 2017 ൽ ഇത് 37 ശതമാനമായി കുറഞ്ഞു.

അതേസമയം കഴിഞ്ഞ മൂന്ന് നിയമസഭ തിരഞ്ഞെടുപ്പിലും ജാട്ട് സിഖ് വോട്ടുകൾ നേടിയെടുക്കാൻ കോൺഗ്രസിന് സാധിച്ചിട്ടില്ല. ചന്നിയെ ഉയർത്തിക്കാട്ടിയതിലൂടെ ഇത്തവണയും ഈ വോട്ടുകളിൽ നഷ്ടം സംഭവിച്ചേക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രത്യേകിച്ച് ജാട്ട് വിഭാഗത്തിൽ നിന്നുള്ള സിദ്ദുവിനെ മാറ്റി നിർത്തിക്കൊണ്ടുള്ള നീക്കം. ചന്നിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കിയത് ഒറ്റക്കെട്ടായിട്ടാണെന്ന് നേതൃത്വം വ്യക്തമാക്കുന്നുണ്ടെങ്കിലും സിദ്ദുവിന് അമര്‍ഷമുണ്ടെന്നാണ് വിവരം.
ബോൾഡ് ലുക്കിൽ അനുശ്രീ.. പൂച്ചയായിരിക്കും ഉദ്ദേശിച്ചെയെന്ന് കമന്റ്..വൈറലായി ഫോട്ടോസ്












Click it and Unblock the Notifications