അമരീന്ദറും തയ്യാര്‍; ആദ്യഘട്ട പട്ടിക പുറത്തിറക്കി; പഞ്ചാബില്‍ പോര് മുറുകുന്നു
അമൃത്സര്‍: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ഞായറാഴ്ച തന്റെ പാര്‍ട്ടിയായ പഞ്ചാബ് ലോക് കോണ്‍ഗ്രസിന്റെ 22 സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കി. തന്റെ സ്ഥാനാര്‍ത്ഥികള്‍ക്കെല്ലാം ശക്തമായ രാഷ്ട്രീയ യോഗ്യതയുണ്ടെന്നും അതാത് മണ്ഡലങ്ങളില്‍ അറിയപ്പെടുന്ന മുഖങ്ങളാണെന്നും സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കി കൊണ്ട് അമരീന്ദര്‍ സിംഗ് പറഞ്ഞു.
ആദ്യ പട്ടികയില്‍ ഒരു സ്ത്രീയും ഇടം പിടിച്ചിട്ടുണ്ട്. ശിരോമണി അകാലി ദള്‍ മുന്‍ എം എല്‍ എയും അന്തരിച്ച ഡി ജി പി ഇസ്ഹാര്‍ ആലം ഖാന്റെ ഭാര്യയുമായ ഫര്‍സാന ആലം ഖാന്‍ മാള്‍വ മേഖലയിലെ മലര്‍കോട്ലയില്‍ നിന്ന് മത്സരിക്കും. സ്വന്തം മണ്ഡലമായ പട്യാല അര്‍ബനില്‍ നിന്നാണ് അമരീന്ദര്‍ സിംഗ് മത്സരിക്കുന്നത്. സമുദായ സന്തുലിതാവസ്ഥ പാലിച്ചുള്ള ആദ്യ പട്ടികയില്‍ അമരീന്ദര്‍ സിങ്ങിനെ കൂടാതെ എട്ട് ജാട്ട് സിഖുകാരുണ്ട്. സ്ഥാനാര്‍ത്ഥികളില്‍ നാല് പേര്‍ എസ് സി വിഭാഗത്തിലും മൂന്ന് പേര്‍ ഒബിസി വിഭാഗത്തിലും ഉള്‍പ്പെടുന്നവരാണ്.

മൂന്ന് പണ്ഡിറ്റുകളും രണ്ട് അഗര്‍വാളുകളുമുള്‍പ്പടെ അഞ്ച് പേര്‍ ഹിന്ദുക്കളാണ്. 37 സീറ്റിലാണ് അമരീന്ദറിന്റെ പാര്‍ട്ടി മത്സരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ സിറ്റിംഗ് എം എല്‍ എമാരുള്‍പ്പെടെ സീറ്റ് നഷ്ടപ്പെട്ടവരെ അമരീന്ദര്‍ സിംഗ് തന്റെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിരുന്നു. ബി ജെ പിയുമായി സഖ്യം ചേര്‍ന്നാണ് അമരീന്ദര്‍ സിംഗ് ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. സംസ്ഥാനത്ത് തന്റെ മുഖ്യമന്ത്രി ഭരണത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും ദേശീയതലത്തില്‍ ബി ജെ പിയുടെ നേട്ടങ്ങളും ഉയര്‍ത്തിക്കാട്ടിയാണ് പഞ്ചാബ് ലോക് കോണ്‍ഗ്രസ് പ്രചാരണത്തിനിറങ്ങുന്നത്

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പട്യാലയില്‍ നിന്ന് 72,586 വോട്ടുകള്‍ക്കാണ് അമരീന്ദര്‍ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. ആം ആദ്മിയ്ക്ക് അന്ന് 20000 ത്തില്‍പ്പരം വോട്ടുകള്‍ മാത്രമാണ് കിട്ടിയത്. തന്റെ കുടുംബവുമായി പട്യാലയ്ക്ക് 300 വര്‍ഷത്തോളം നീണ്ട ബന്ധമുണ്ടെന്ന് ക്യാപ്റ്റന്‍ പറഞ്ഞു. പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്ജോത് സിംഗ് സിദ്ദുവുമായുള്ള പ്രശ്നങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ കൂടി പിന്തുണ നഷ്ടമായതോടെയാണ് അമരീന്ദര്‍ സിംഗ് മുഖ്യമന്ത്രിസ്ഥാനം രാജിവച്ചത്. ഇതിന് പിന്നാലെയാണ് അമരീന്ദര്‍ സിംഗ് പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്ന പാര്‍ട്ടി രൂപീകരിച്ചത്

ബി ജെ പിയുമായും സുഖ്‌ദേവ് സിംഗ് ദിന്‍ഡ്‌സയുടെ ശിരോമണി അകാലിദള്‍ സംയുക്തുമായുള്ള സഖ്യത്തിലാണ് അമരീന്ദര്‍ സിംഗ് പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. 1985 ല്‍ തല്‍വണ്ടി സാബോയില്‍ നിന്നാണ് അമരീന്ദര്‍ ആദ്യമായി പഞ്ചാബ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 1992-ലും ഇവിടെ നിന്ന് തന്നെ മത്സരിച്ച് വിജയിച്ചു. 1998-ല്‍ പട്യാല മണ്ഡലത്തില്‍ നിന്ന് പരാജയപ്പെട്ടെങ്കിലും 2002, 2007, 2012 വര്‍ഷങ്ങളില്‍ വിജയം അമരീന്ദറിനൊപ്പമായിരുന്നു. ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം 2014-ല്‍ അദ്ദേഹം എം എല്‍ എ സ്ഥാനം രാജിവെച്ചിരുന്നു
Recommended Video

2017 ല്‍ വീണ്ടും മത്സരിച്ച് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും മുഖ്യമന്ത്രിയാവുകയുമായിരുന്നു. തെരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്ന സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് അധികാരമുള്ള ഏക സംസ്ഥാനമാണ് പഞ്ചാബ്. 2017 ലെ തിരഞ്ഞെടുപ്പില്‍ 117 ല്‍ 77 സീറ്റുകള്‍ നേടിയായിരുന്നു കോണ്‍ഗ്രസ് അധികാരം പിടിച്ചത്. 20 സീറ്റില്‍ വിജയിച്ച് ആം ആദ്മി സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷ കക്ഷിയായി. ലോക് ഇന്‍സാഫ് പാര്‍ട്ടി 2 സീറ്റുകളും കരസ്ഥമാക്കി. ഏറ്റവും വലിയ നഷ്ടം സഭവിച്ചത് ഭരണത്തിലിരുന്ന എന്‍ ഡി എ സഖ്യത്തിനായിരുന്നു. 15 സീറ്റുകള്‍ മാത്രമായിരുന്നു ശിരോമണി അകാലി ദളിന് ലഭിച്ചത്. 23 സീറ്റില്‍ മത്സരിച്ച ബി ജെ പി 3 സീറ്റിലും വിജയിച്ചു.












Click it and Unblock the Notifications