Get Updates
Get notified of breaking news, exclusive insights, and must-see stories!

പഞ്ചാബിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി; തിരക്കിട്ട പ്രഖ്യാപനത്തിന് പിന്നിലെ കാരണങ്ങള്‍ ഇതാണ്

അമൃത്സര്‍: പഞ്ചാബ് തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്ന കോണ്‍ഗ്രസിന്റെ പ്രഖ്യാപനം ഗത്യന്തരമില്ലാതെ. പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജോത് സിംഗ് സിദ്ദുവും നിലവിലെ മുഖ്യമന്ത്രി ചരണ്‍ജിത്ത് ചന്നിയുമാണ് മുഖ്യമന്ത്രി സ്ഥാനത്തിനായി വടംവലി നടത്തുന്നത്. പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുമെന്ന് ഇരുവരും പറയുന്നുണ്ടെങ്കിലും കോണ്‍ഗ്രസിന് എളുപ്പമല്ല ആ പണി. സമീപ കാലത്ത് കോണ്‍ഗ്രസ് ഏറെ പ്രതിസന്ധി നേരിട്ട സംസ്ഥാനമാണ് പഞ്ചാബ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വിഭിന്നമായി പാര്‍ട്ടിയ്ക്കുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രിയെ മാറ്റുന്നതിലേക്കും അദ്ദേഹം പിന്നീട് പാര്‍ട്ടി വിടുന്നതിലേക്കും വരെ കാര്യങ്ങള്‍ കൊണ്ടെത്തിച്ചിരുന്നു.

ഇതാണ് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുന്നത്. അമരീന്ദര്‍ സിംഗ്- നവജോത് സിംഗ് സിദ്ദു തര്‍ക്കമാണ് അമരീന്ദറിന്റെ മുഖ്യമന്ത്രി സ്ഥാനം തെറിപ്പിച്ചത്. ഈ തര്‍ക്കത്തില്‍ ഗാന്ധി കുടുംബത്തിന്റെ പിന്തുണ സിദ്ദുവിനുണ്ടായിരുന്നു. പിന്നീട് ചരണ്‍ജിത് ചന്നിയെ മുഖ്യമന്ത്രി സ്ഥാനത്ത് അവരോധിച്ചു. ചന്നി മുഖ്യമന്ത്രിയായി തുടരുന്നതിനിടെ തന്നെ പി സി സി അധ്യക്ഷ സ്ഥാനത്ത് നിന്ന് സിദ്ദു രാജി പ്രഖ്യാപിച്ചു. മയക്കുമരുന്ന് സംഘങ്ങള്‍ക്കെതിരെ ക്രിയാത്മക നടപടി വേണമെന്ന് സിദ്ദു നിരന്തരം പറഞ്ഞു. ഇതെല്ലാം കോണ്‍ഗ്രസിന് ചെറിയ പരിക്കല്ല ഏല്‍പ്പിച്ചിട്ടുള്ളത്. ഒരു വിധേനയാണ് സിദ്ദുവിനെ വീണ്ടും പി സി സി അധ്യക്ഷ സ്ഥാനത്തേക്ക് തിരികെയെത്തിച്ചത്. ഇതോടെ സിദ്ദു-ചന്നി അധികാര വടംവലിയും തുടങ്ങി.

1

നവ്‌ജോത് സിംഗ് സിദ്ദുവിന് ഗാന്ധി കുടുംബത്തോടുള്ള അടുപ്പം വെച്ച് മുഖ്യമന്ത്രിയാകാന്‍ സാധ്യത കൂടുതലാണെങ്കിലും അതത്ര എളുപ്പമാവില്ല. ദളിത് വിഭാഗങ്ങളില്‍ ചന്നിയ്ക്കുള്ള സ്വാധീനം സിദ്ദുവിനില്ല. മാത്രമല്ല നേരത്തെ ഫെബ്രുവരി 14 ന് തീരുമാനിച്ച സംസ്ഥാന തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് ആദ്യമാവശ്യപ്പെട്ടത് സര്‍ക്കാരാണ്. മുഖ്യമന്ത്രി ചരണ്‍ജിത് ചന്നിയാണ് തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് ആദ്യം രംഗത്തെത്തിയത്. ഫെബ്രുവരി 20 നാണ് പുതുക്കിയ തിയതി. ഗുരു രവിദാസിന്റെ ജന്മവാര്‍ഷികാഘോഷം പ്രമാണിച്ചാണ് വോട്ടെടുപ്പ് മാറ്റിയത്. കുറഞ്ഞത് ആറ് ദിവസമെങ്കിലും തെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്നായിരുന്നു ചന്നി ആവശ്യപ്പെട്ടിരുന്നത്. സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ച് ആറ് ദിവസത്തേക്കാണ് തെരഞ്ഞെടുപ്പ് മാറ്റിയിരിക്കുന്നത്.

2

ഫെബ്രുവരി 16 ന് ഗുരു രവിദാസിന്റെ ജന്മവാര്‍ഷികമാണെന്നും എസ് സി വിഭാഗക്കാര്‍ ഈ സമയത്ത് ഉത്തര്‍പ്രദേശിലെ ബനാറസില്‍ തീര്‍ത്ഥാടനത്തിന് പോകാറുണ്ടെന്നും ചന്നി വ്യക്തമാക്കിയിരുന്നു. ഫെബ്രുവരി 10 മുതല്‍ 16 വരെയുള്ള ദിവസങ്ങളിലാണ് തീര്‍ത്ഥാടനം നടക്കുന്നത്. അതിനാല്‍ ഫെബ്രുവരി 14 ലെ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ ജനങ്ങള്‍ ബുദ്ധിമുട്ടുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ 32 ശതമാനം എസ് സി വിഭാഗക്കാരാണ്. 20 ലക്ഷത്തോളം പേരാണ് ഗുരു രവിദാസ് ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ബനാറസ് സന്ദര്‍ശനം നടത്താറുള്ളത്. ഇത് ചന്നി അനുകൂലികള്‍ ആയുധമാക്കുമെന്നുറപ്പാണ്. പിന്നാക്ക ദളിത് വിഭാഗങ്ങളെ മുഷിപ്പിക്കുന്ന തീരുമാനം ഹൈക്കമാന്റിന്റെ ഭാഗത്ത് നിന്നുണ്ടായാല്‍ ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും അടക്കം കോണ്‍ഗ്രസിന് ദോഷം ചെയ്യും.

3

മാത്രമല്ല മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ തിരക്കിട്ട് പ്രഖ്യാപിക്കുമെന്ന രാഹുലിന്റെ തീരുമാനത്തിന് പിന്നില്‍ വേറേയും കാരണങ്ങളുണ്ട്. കാര്‍ഷിക സമരത്തിന്റെ അവസാന നാളുകളിലായിരുന്നു കോണ്‍ഗ്രസിനുള്ളിലെ ആഭ്യന്തര കലാപം രൂക്ഷമായത്. ഇത് കാരണം കാര്‍ഷിക സമരം ഉണ്ടാക്കിയ ബി ജെ പി വിരുദ്ധ- കേന്ദ്രസര്‍ക്കാര്‍ വിരുദ്ധ തരംഗം മുതലാക്കാന്‍ കോണ്‍ഗ്രസിനായിരുന്നില്ല. അമരീന്ദര്‍-സിദ്ദു പോരും അമരീന്ദറിന്റെ രാജിയും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയപ്പോള്‍ കര്‍ഷക സമരത്തിന്റെ വിജയത്തെ നേരാം വണ്ണം അഭിസംബോധന ചെയ്യാന്‍ പോലും സംസ്ഥാനത്തെ കോണ്‍ഗ്രസിനായിരുന്നില്ല. കാര്‍ഷിക നിയമവും പിന്നാലെ നടന്ന സമരവുമെല്ലാം ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെടുന്ന തെരഞ്ഞെടുപ്പാണ് പഞ്ചാബിലേത്. അതിലൂന്നി പ്രചരണം നടത്തുന്നതില്‍ കോണ്‍ഗ്രസ് സംസ്ഥാനത്ത് ഇപ്പോഴും പിന്നിലാണ്.

4

അതേസമയം ശിരോമണി അകാലിദള്‍ ഈ അവസരം മുതലാക്കിയാണ് പ്രചരണം കൊഴുപ്പിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ തര്‍ക്കങ്ങളില്ലാതെ പ്രഖ്യാപിച്ച് പ്രചരണത്തിന്റെ ഡ്രൈവിംഗ് സീറ്റിലേക്ക് എത്തുക എന്നതാണ് കോണ്‍ഗ്രസും രാഹുലും രണ്ടിലൊരാളെ മുഖ്യമന്ത്രിയാകൂ എന്ന പ്രസ്താവനയിലൂടെ നല്‍കുന്നത്. ആം ആദ്മി പാര്‍ട്ടി ഉയര്‍ത്തുന്ന ഭീഷണിയാണ് മറ്റൊരു കാരണം. ആം ആദ്മി പാര്‍ട്ടി ജനങ്ങളുടെ അഭിപ്രായം തേടി ഭഗവന്ത് മന്നിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായിട്ടുണ്ട്. വോട്ടെടുപ്പില്‍ 93 ശതമാനം പേരും ഭഗവന്തിനെ പിന്തുണച്ചുവെന്ന ആം ആദ്മിയുടെ അവകാശവാദവും കോണ്‍ഗ്രസിന് തിരിച്ചടിയാണ്. ഭരണപക്ഷ പാര്‍ട്ടി രണ്ട് പേരുമായി തര്‍ക്കം തുടരുമ്പോള്‍ മുഖ്യപ്രതിപക്ഷമായ ആം ആദ്മി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് പ്രചരണം ശക്തമാക്കുകയാണ്. സര്‍വേകളിലെല്ലാം ആം ആദ്മിയ്ക്ക് അനുകൂലമായാണ് പ്രവചനം എന്നതും കോണ്‍ഗ്രസിനെ പിന്നോട്ടടിപ്പിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+