അടിപതറി ക്യാപ്റ്റൻ അമരീന്ദർ സിംഗ്, ശക്തികേന്ദ്രമായ പട്യാലയിൽ ആം ആദ്മി പാർട്ടിയോട് ഞെട്ടിച്ച തോൽവി
ദില്ലി: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗിന് തോൽവി. ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി അജിത് പാല്‍ സിംഗ് കോലിയോടാണ് അമരീന്ദർ സിംഗ് പരാജയം ഏറ്റുവാങ്ങിയിരിക്കുന്നത്. അമരീന്ദർ സിംഗിന്റെ ശക്തി കേന്ദ്രമാണ് പട്യാല സീറ്റ്. ഇവിടെ തോൽവി ഏറ്റുവാങ്ങിയത് അമരീന്ദറിന് വലിയ തിരിച്ചടിയായിരിക്കുകയാണ്. ബിജെപിയോടൊപ്പം ചേർന്നായിരുന്നു അമരീന്ദർ സിംഗ് ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്.
രണ്ട് തവണ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്ന അമരീന്ദറിന്റെത് വന്‍ വീഴ്ചയാണ്. 2017ല്‍ വലിയ ഭൂരിപക്ഷത്തില്‍ ആയിരുന്നു അമരീന്ദര്‍ പട്യാല അര്‍ബന്‍ മണ്ഡലത്തില്‍ നിന്നും വിജയിച്ചത്. നവജ്യോത് സിംഗുമായുളള അധികാര വടംവലികള്‍ക്കൊടുവിലാണ് അമരീന്ദര്‍ സിംഗ് കോണ്‍ഗ്രസ് വിട്ടത്. കഴിഞ്ഞ സെപ്റ്റംബറില്‍ കോണ്‍ഗ്രസ് അമരീന്ദര്‍ സിംഗിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കുകയും ചരണ്‍ജിത്ത് ചന്നിയെ മുഖ്യമന്ത്രി കസേരയില്‍ ഇരുത്തുകയും ചെയ്തു.

കോണ്‍ഗ്രസ് നേതൃത്വത്തോട് കലഹിച്ച് പുറത്ത് പോയ അമരീന്ദര്‍ സിംഗ് സ്വന്തം പാര്‍ട്ട് രൂപം നല്‍കി. പഞ്ചാബ് ലോക് കോണ്‍ഗ്രസ് രൂപീകരിച്ച അമരീന്ദര്‍ സിംഗ് നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാവരേയും ഞെട്ടിച്ച് കൊണ്ട് ബിജെപിക്കൊപ്പം നിന്നു. എന്നാല്‍ തീരുമാനം മണ്ടത്തരമായിരുന്നു എന്നാണ് പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു. 91 സീറ്റുകളില്‍ ലീഡ് ചെയ്യുന്ന ആം ആദ്മി പാര്‍ട്ടി ഭരണം ഉറപ്പിച്ച് കഴിഞ്ഞു. കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത് 17 സീറ്റുകളിലാണ്. അതേസമയം ബിജെപിക്ക് ലീഡുളളത് 2 സീറ്റുകളില്‍ മാത്രമാണ്.
അമരീന്ദര്‍ സിംഗിന്റെ തോല്‍വിയില്‍ പ്രതികരണവുമായി പഞ്ചാബ് കോണ്‍ഗ്രസ് നേതൃത്വം രംഗത്ത് വന്നിട്ടുണ്ട്. അമരീന്ദര്‍ സിംഗിനെതിരെ സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ട് എന്ന് തങ്ങള്‍ നേരത്തെ പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞുവെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം. അമരീന്ദര്‍ സിംഗിനെതിരെ പഞ്ചാബിലെ കോണ്‍ഗ്രസ് നേതാക്കള്‍ പരാതിപ്പെട്ടത് പ്രകാരമാണ് പാര്‍ട്ടി നടപടിയെടുത്തത്. അമരീന്ദര്‍ സിംഗിന്റെ നേതൃത്വത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ പാര്‍ട്ടി പരാജയപ്പെടും എന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായി കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കുന്നു. പട്യാലയില്‍ തോറ്റതോടെ അമരീന്ദര്‍ സിംഗിന്റെ രാഷ്ട്രീയ ഭാവിയും അനിശ്ചിതത്വത്തിലായിരിക്കുകയാണ്.












Click it and Unblock the Notifications