സോണിയയ്‌ക്കെതിരെ വംശീയ അധിക്ഷേപം; ഗിരിരാജ് സിങ്ങിനെതിരെ കേസ്
പട്‌ന: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ വംശീയ അധിക്ഷേപം നടത്തിയ കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങിനെതിരെ കേസ്. ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തന്‍ നല്‍കിയ പരാതി പരിഗണിച്ച് ബിഹാറിലെ മുസാഫര്‍പൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഗിരിരാദ് സിങ്ങിന്റെ ആക്ഷേപത്തിനെതിരെ വിവിധ കോണുകളില്‍ നിന്നും വിമര്‍ശം ഉയരവെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഒരു പൊതു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ഗിരിരാജ് സിങ് സോണിയയ്‌ക്കെതിരെ വംശീയ അധിക്ഷേപം നടത്തിയത്. രാജീവ് ഗാന്ധി ഒരു വെളുത്തവര്‍ഗക്കാരിയെ വിവാഹം ചെയ്തതുകൊണ്ടാണ് കോണ്‍ഗ്രസുകാര്‍ അവരെ പ്രസിഡന്റാക്കിയതെന്നും അല്ലാതെ ഒരു നൈജീരക്കാരി ആയിരുന്നു രാജീവിന്റെ ഭാര്യയെങ്കില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ആക്കില്ലായിരുന്നെന്നുമായിരുന്നു കേന്ദ്രമന്ത്രിയുടെ വിവാദ പരാമര്‍ശം.

സംഭവത്തിലെ വിവാദം അവസാനിപ്പിക്കണമെന്ന് ബിജെപി അഭ്യര്‍ഥിച്ചു. മുതിര്‍ന്ന നേതാക്കള്‍ നിരുത്തരവാദപരമായ പരാമര്‍ശങ്ങള്‍ പുറത്തുവിടുന്നത് നരേന്ദ്രമോദിക്ക് തലവേദനയായിട്ടുണ്ട്. അതിനിടെ ഗിരിരാജ് സിങ്ങിനെ ബിജെപി അധ്യക്ഷന്‍ അമിത് ഷാ ശാസിച്ചതായും പരസ്യമായി മാപ്പ പറണമെന്ന് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.
ഗിരിരാജ് സിങ്ങിന്റെ പ്രസ്താവനയ്‌ക്കെതിരെ സോണിയാ ഗാന്ധിയും പ്രതികരിച്ചു. ഇടുങ്ങിയ മനസ് ആയതിനാലാണ് ഇത്തരത്തില്‍ വിലകുറഞ്ഞ പ്രസ്താവനകള്‍ ചിലര്‍ നടത്തുന്നതെന്നാണ് സോണിയാഗാന്ധിയുടെ പ്രതികരണം. ഇത്തരക്കാരോട് കൂടുതല്‍ പ്രതികരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും സോണിയ പറഞ്ഞു.












Click it and Unblock the Notifications