കേള്‍ക്കാനാളില്ല, രാഹുല്‍ ഗാന്ധി പ്രസംഗം നിര്‍ത്തി
ദില്ലി: തന്റെ പ്രസംഗം കേട്ട് ആള്‍ക്കാര്‍ എണീറ്റ് പോകുന്നത് കണ്ട് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധിക്ക് പ്രസംഗം നിര്‍ത്തേണ്ടി വന്നു. നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ശക്തി കാണിക്കാന്‍ നടത്തിയ പാര്‍ട്ടി റാലിയിലാണ് കോണ്‍ഗ്രസിന്റെ യുവരാജാവിന് ഇത്തരമൊരു പ്രതികരണം നേരിടേണ്ടി വന്നത്. ആരും എഴുന്നേറ്റ് പോകരുതെന്ന് മുഖ്യമന്ത്രി ഷീല ദീക്ഷിത് അഭ്യര്‍ഥിച്ചിട്ട് പോലും പാര്‍ട്ടി പ്രവര്‍ത്തകര്‍ അനുസരിക്കാന്‍ കൂട്ടാക്കിയില്ല.
കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായ ദക്ഷിണ്‍പുരിയിലാണ് പാര്‍ട്ടിയുടെ വൈസ് പ്രസിഡണ്ടും ഭാവി പ്രധാനമന്ത്രിയുമായ രാഹുല്‍ ഗാന്ധിക്ക് ദുരനുഭവം ഉണ്ടായത് എന്നതും ശ്രദ്ധേയമാണ്. നിശ്ചയിച്ചതിലും മൂന്ന് മണിക്കൂര്‍ വൈകി രാഹുല്‍ പരിപാടിയില്‍ എത്തിയത് തന്നെ ആള്‍ക്കാരുടെ ആവേശം നശിപ്പിച്ചിരുന്നു. ബോറന്‍ പ്രസംഗവും ദുര്‍ബലമായ ആസൂത്രണവും കൂടിയായതോടെ കേള്‍വിക്കാര്‍ എഴുന്നേറ്റ് സ്വന്തം പാട്ടിന് പോയി.

വെറും ഏഴ് മിനുട്ട് മാത്രമാണ് രാഹുൽ ഗാന്ധി പ്രസംഗിച്ചത്. സാധാരണ ഗതിയിൽ മണിക്കൂറുകളോളം പാർട്ടി നയങ്ങൾ പ്രവർത്തകരോട് വിശദീകരിക്കുന്നയാളാണ് രാഹുൽ. ദില്ലിയിലെ ഷീല ദീക്ഷിത് നയിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളും ഭരണ നേട്ടങ്ങളുമായിരുന്നു രാഹുല്‍ പ്രസംഗത്തില്‍ എടുത്തുകാട്ടിയത്. എന്നാല്‍ ഇതിനോട് പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ മുഖം തിരിച്ചത് ഭരണകക്ഷിയായ കോണ്‍ഗ്രസിന് തിരിച്ചടിയായി. ദക്ഷിണ്‍പുരിയിലെ പാര്‍ട്ടിയുടെ സാധ്യതകള്‍ വെള്ളത്തിലാക്കുന്നതാണ് രാഹുലിന്റെ പ്രകടനം എന്നും അഭിപ്രായമുയരുന്നുണ്ട്.
മറ്റ് നേതാക്കളെല്ലാം ആം ആദ്മി പാര്‍ട്ടിയെ വിമര്‍ശിച്ച് കയ്യടി നേടാനാണ് ശ്രമിച്ചത്. ദില്ലി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വെല്ലുവിളി ഉയര്‍ത്താന്‍ അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിക്ക് കഴിയും എന്നാണ് സര്‍വ്വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ കര്‍ണാടകത്തിലും മഹാരാഷ്ട്രയിലും മറ്റും ചെയ്യുന്നത് പോലെ പ്രാദേശികാവാദം ഉയര്‍ത്താന്‍ പ്രതിപക്ഷത്തെ ദില്ലിയില്‍ കോണ്‍ഗ്രസ് അനുവദിക്കില്ല എന്ന് പറഞ്ഞ് ബി ജെ പിയെ പരോക്ഷമായി വിമര്‍ശിക്കുകയായിരുന്നു രാഹുല്‍.












Click it and Unblock the Notifications