'ഞാൻ സുന്ദരനാണോയെന്ന് അമ്മയോട് ചോദിച്ചു,അമ്മ നൽകിയ മറുപടി..'; വൈറലായി രാഹുലിന്റെ വാക്കുകൾ
ഭോപാൽ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നിലവിൽ മധ്യപ്രദേശിൽ പ്രവേശിച്ചിരിക്കുകയാണ്. യാത്രയ്ക്കിടെ രാഹുൽ ഒരു മാധ്യമപ്രവർത്തകന് നൽകിയ അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
സംദിഷ് ഭാട്ടിയ എന്ന മാധ്യമ പ്രവർത്തകനാണ് രാഹുലിനോട് ചോദ്യങ്ങൾ ചോദിക്കുന്നത്. ജീവിതത്തെ കുറിച്ചും വിശ്വാസത്തെ കുറിച്ചുമെല്ലാമാണ് ചോദ്യങ്ങൾ. ഇതിന് രസകരമായ മറുപടികളാണ് രാഹുൽ നൽകുന്നത്.

രാഹുൽ ഗാന്ധി സുന്ദരനാണെന്ന് ആരാണ് പറഞ്ഞത് എന്നായിരുന്നു ഭാട്ടിയയുടെ ചോദ്യം.
'ഞാൻ ചെറുപ്പത്തിൽ അമ്മയോട് ചോദിച്ചു, അമ്മേ എന്നെ കാണാൻ ഭംഗിയുണ്ടോയെന്ന്. അമ്മ എന്നെ നോക്കി പറഞ്ഞു,'യു ആർ പെർഫെക്ട്ലി ആവറേജ്' (ശരാശരി) എന്ന്', രാഹുൽ പറഞ്ഞു. അഭിമുഖം രസകരമാക്കാനുള്ള മറുപടിയല്ലേയെന്നായി ഇതോടെ ഭാട്ടിയ. എന്നാൽ അങ്ങനെയല്ലെന്നും നിങ്ങൾ എവിടെ നിൽക്കുന്നോ അതിനെ കുറിച്ച് വ്യക്തമായ മറുപടി നൽകുന്നയാളാണ് തന്റെ അമ്മ എന്നായിരുന്നു രാഹുൽ പറഞ്ഞത്. തന്റെ അച്ഛൻ ഉൾപ്പെടെ കുടുംബാംഗങ്ങൾ എല്ലാവരും അങ്ങനെ തന്നെയാണെന്നും രാഹുൽ പറഞ്ഞു. അന്ന് എന്റെ അമ്മ ഞാൻ ശരാശരി മാത്രമാണെന്ന് പറഞ്ഞത് തന്റെ മനസിൽ ഉണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ദൈവത്തിൽ വിശ്വാസമുണ്ടോയെന്ന ചോദ്യത്തിന് തീർച്ചയായും താൻ വിശ്വാസിയാണെന്നായിരുന്നു രാഹുൽ നൽകിയ മറുപടി. ദൈവം എന്നതിന്റെ ഫിലോസഫിക്കൽ വശത്തിലേക്ക് പോയാൽ ശിവൻ ഒരു നല്ല ആശയമാണ്, നമ്മുടെ വ്യവസ്ഥിതിയിൽ ശിവ സങ്കൽപ്പം മനസ്സിലാക്കുന്നത് വളരെ ശക്തമായ ഒന്നാണ്. രാഹുൽ പറഞ്ഞു.

ആരാണ് രാഹുലിന് ഷൂസ് വാങ്ങിത്തരാറുള്ളത് എന്നായിരുന്നു മറ്റൊരു ചോദ്യം. താൻ ചിലപ്പോൾ നേരിട്ട് പോയി ഷൂസ് വാങ്ങാറുണ്ടെന്നും അമ്മയും സഹോദരിയും ചിലപ്പോഴൊക്കെ രാഷ്ട്രീയ സുഹൃത്തുക്കളും സമ്മാനമായി ഷൂ നൽകിയിട്ടുണ്ടെന്നും രാഹുൽ ഗാന്ധി മറുപടി നൽകി. ഏതെങ്കിലും ബി ജെ പിക്കാർ ഷൂ വാങ്ങി തന്നിട്ടുണ്ടോയെന്ന ചോദ്യത്തിന് ഏയ്, അവർ എനിക്ക് നേരെ ഷൂ എറിയാറാണ് പതിവ് എന്നായിരുന്നു ചിരിച്ച് കൊണ്ട് രാഹുൽ നൽകിയ മറുപടി.

പലർക്കും നിങ്ങളിൽ പ്രതീക്ഷയുണ്ടെന്ന് അറിഞ്ഞുകൊണ്ട് താങ്കൾക്ക് രാത്രിയിൽ സുഖമായി ഉറങ്ങാൻ സാധിക്കാറുണ്ടോയെന്ന ചോദ്യത്തിന് ആളുകൾ തന്നെ ഉറ്റുനോക്കുന്നതിനെ പ്രതീക്ഷയായിട്ടല്ല മറിച്ച് 'ബന്ധം' എന്ന നിലയ്ക്കാണ് താൻ കാണുന്നതെന്നായിരുന്നു രാഹുൽ പറഞ്ഞു. ആളുകൾക്ക് എന്നോട് സ്നേഹവും വാത്സ്യവും ഉണ്ട്. അതുപോലെ തന്നെയാണ് തനിക്ക് തിരിച്ചുമുള്ളത്', രാഹുൽ പറഞ്ഞു.












Click it and Unblock the Notifications