'അഴിമതിക്കാരുടെ' പട്ടികയിൽ മോദിക്കൊപ്പം രാഹുൽ ഗാന്ധിയും; കെജ്രിവാൾ ഇന്ത്യ സഖ്യം വിടണമെന്ന് കോൺഗ്രസ്
ഡൽഹി: 'അഴിമതിക്കാരായ' നേതാക്കൾ എന്ന പേരിൽ ആം ആദ്മി പുറത്തിറക്കിയ പോസ്റ്ററിൽ രാഹുൽ ഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതാക്കളും. നരേന്ദ്ര മോദി, അമിത് ഷാ, യോഗി ആദിത്യനാഥ്, അനുരാഗ് ഠാക്കൂർ അടക്കമുളള 11 നേതാക്കളെ ഉൾപ്പെടുത്തിയിലുള്ള പട്ടികയിലാണ് രാഹുൽ ഗാന്ധി, സന്ദീപ് ദീക്ഷിത്, അജയ് മേഖൻ എന്നിവരെ ഉൾപ്പെടുത്തിയിരിക്കുന്നത്. അതേസമയം പോസ്റ്ററിനെതിരെ കോൺഗ്രസ് രംഗത്തെത്തി. ഉടൻ തന്നെ കെജ്രിവാൾ ഇന്ത്യ സഖ്യം വിടണമെന്ന് കോൺഗ്രസ് പ്രതികരിച്ചു.
കെജ്രിവാളിന് ധൈര്യം ഉണ്ടെങ്കിൽ ഉടൻ ഇന്ത്യ സഖ്യം വിടുകയാണെന്ന് പ്രഖ്യാപിക്കണമെന്ന് കോൺഗ്രസ് നേതാവ് അൽക്ക ലംബ പറഞ്ഞു. '100 എംപിമാരുമായി കോൺഗ്രസ് ഉറച്ച് നിൽക്കുകയാണ്. അരവിന്ദ് കെജ്രിവാൾ ഡൽഹിയിലെ ഏഴ് സീറ്റുകളും ബിജെപിക്ക് കൊടുത്തയാളാണ്. ലോക്സഭ തിരഞ്ഞെടുപ്പ് കാലത്ത് ഇന്ത്യ സഖ്യത്തിൽ ചേരാൻ യാചിച്ചയാളാണ് കെജ്രിവാൾ. ഡൽഹിയിൽ ആം ആദ്മിയുമായി സഖ്യമുണ്ടാക്കിയത് കോൺഗ്രസ് ചെയ്ത വലിയ തെറ്റായിപ്പോയി. അതുകൊണ്ട് തന്നെ കോൺഗ്രസ് വലിയ നഷ്ടം സഹിക്കേണ്ടി വന്നു', അവർ പറഞ്ഞു.

മുതിർന്ന നേതാവ് ജയറാം രമേശും ആം ആദ്മിക്കെതിരെ രംഗത്തെത്തി. ' ബിജെപിയും ആം ആദ്മിയും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. അവർ തമ്മിൽ യാതൊരു വ്യത്യാസവും ഇല്ല. ബി ജെ പിക്കും ആം ആദ്മിക്കുമെതിരെയാണ് ഞങ്ങളുടെ പോരാട്ടം. ബി ജെ പിയുടെ ബി ടീമാണ് ആം ആദ്മി. അവർ തമ്മിൽ ബന്ധമുണ്ട്. ആരാണ് അണ്ണാ ഹസാരെ മൂവ്മെന്റിന് തുടക്കമിട്ടത്? എവിടെ നിന്നാണ് അവർക്ക് പ്രോത്സാഹനം ലഭിച്ചത്? ഇതിനെല്ലാം പിന്നിൽ ആർ എസ് എസ് ആയിരുന്നു', ജയറാം രമേശ് പറഞ്ഞു.
ഡൽഹി കോൺഗ്രസിലും ആം ആദ്മിയിലും ഉണ്ടായ ആഭ്യന്തര തർക്കങ്ങളാണ് ഇരു പാർട്ടികളും തമ്മിലുള്ള സഖ്യത്തിൽ വിള്ളൽ വരാൻ കാരണമായത്. ആം ആദ്മിയുമായി ലോക്സഭ തിരഞ്ഞെടുപ്പിൽ സഖ്യമുണ്ടാക്കിയത് തന്നെ കോൺഗ്രസ് നേതാക്കൾക്കിടയിൽ അതൃപ്തിക്ക് കാരണമായിരുന്നു. അതേസമയം കോൺഗ്രസും ആം ആദ്മിയും തമ്മിൽ ശക്തമായ തിരഞ്ഞെടുപ്പ് പോരാട്ടത്തിനാണ് കേരളത്തിൽ കളമൊരുങ്ങിയിരിക്കുന്നത്. ഇത്തവണ എന്ത് വിലകൊടുത്തും ഡൽഹിയിൽ മുന്നേറ്റം ഉണ്ടാക്കുമെന്നാണ് കോൺഗ്രസ് അവകാശവാദം. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ പാർട്ടി സംപൂജ്യരായിരുന്നു.












Click it and Unblock the Notifications