ബ്രിട്ടീഷ് പൗരത്വ വിവാദം; ബിജെപിക്ക് പ്രിയങ്കയുടെ മറുപടി, രാഹുലിന്റെ പൗരത്വം ഇന്ത്യക്കാർക്കറിയം
Recommended Video
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പ് തലയ്ക്ക് മീതെ നിൽക്കുമ്പോൾ രാഹുൽ ഗാന്ധിക്കെതിരെയുള്ള ആരോപണങ്ങൾ കൂടുതൽ ശക്തമാക്കുകയാണ് ബിജെപി. ബ്രിട്ടീഷ് പൗരത്വ വിവാദത്തിൽ രാഹുൽ ഗാന്ധിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നോട്ടീസ് അയച്ചിരിക്കുകയാണ്. ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടിയിൽ രൂക്ഷമായ വിമർശനമാണ് കോൺഗ്രസ് ഉന്നയിക്കുന്നത്.
രാഹുൽ ഗാന്ധി ബ്രിട്ടീഷ് പൗരനാണെന്ന ബിജെപിയുടെ ആരോപണത്തിനെതിരെ ആഞ്ഞടിക്കുകയാണ് പ്രിയങ്കാ ഗാന്ധി. ബിജെപിയുടെ ആരോപണം അസംബന്ധമാണെന്ന് പ്രിയങ്ക പ്രതികരിച്ചു.

ബ്രിട്ടീഷ് പൗരൻ
രാഹുൽ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയുടെ പരാതിയിലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. രണ്ടാഴ്ചയ്ക്കകം മറുപടി നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. രാഹുൽ ഗാന്ധിക്ക് ഇരട്ട പൗരത്വമുണ്ടെന്ന് സുബ്രഹ്മണ്യൻ സ്വാമി നേരത്തെയും ആരോപണം ഉന്നയിച്ചിരുന്നു. രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത് നൽകുകയും ചെയ്തിരുന്നു.

2003ൽ
യുകെയിൽ രാഹുൽ ഗാന്ധി ഡയറക്ടറായി ബാക്കോപ്സ് ലിമിറ്റഡ് എന്ന കമ്പനി 2003ൽ രജിസ്റ്റർ ചെയ്തതായി സുബ്രഹ്മണ്യൻ സ്വാമി അറിയിച്ചതായി രാഹുൽ ഗാന്ധിക്ക് അയച്ച നോട്ടീസിൽ ആഭ്യന്തരമന്ത്രാലയം പറയുന്നു. കമ്പനി രേഖകളിൽ ബ്രിട്ടീഷ് പൗരനാണ് താനെന്ന് രാഹുൽ വ്യക്തമാക്കിയിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു 15 ദിവസത്തിനകം മറുപടി പറയണമെന്നാണ് രാഹുൽ ഗാന്ധിയോട് നിർദ്ദേശിച്ചിരിക്കുന്നത്.

ആഞ്ഞടിച്ച് പ്രിയങ്ക
രാഹുൽ ഒരു ഇന്ത്യക്കാരനാണെന്ന് രാജ്യത്തെ എല്ലാവർക്കും അറിയാം. അദ്ദേഹം ജനിച്ചതും വളർന്നതും ഇവിടുത്തെ ജനങ്ങൾക്ക് മുമ്പിലാണ്. എന്തൊരു അസംബന്ധമാണ് ബിജെപി പറയുന്നത്. പ്രിയങ്കാ ഗാന്ധി ആഞ്ഞടിച്ചു. രാഹുൽ ഗാന്ധിക്ക് വേണ്ടി അമേഠിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് പ്രിയങ്ക ഇപ്പോൾ. മെയ് ആറിനാണ് അമേഠിയിൽ വോട്ടെടുപ്പ് നടക്കുന്നത്.

ആയുധമാക്കി കോൺഗ്രസ്
ലോക്സഭാ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ ഉയർന്ന ആരോപണം ആയുധമാക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ്. രാഹുൽ ഗാന്ധിയുടെ മുന്നേറ്റത്തിൽ ബിജെപി അസ്വസ്ഥരാണെന്നാണ് ഇത് തെളിയിക്കുന്നതെന്ന് കോൺഗ്രസ് വൃത്തങ്ങൾ പ്രതികരിച്ചു. എന്നാൽ നോട്ടീസിൽ യാതൊരു രാഷ്ട്രീയ താൽപര്യങ്ങളുമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് പ്രതികരിച്ചു.

2015ൽ
2015ലാണ് സുബ്രഹ്മണ്യസ്വാമി ആദ്യമായി രാഹുൽ ഗാന്ധിയുടെ ബ്രിട്ടീഷ് പൗരത്വത്തെ കുറിച്ച് ആരോപണം ഉന്നയിക്കുന്നത്. പാർലമെന്റ് എത്തിക്സ് കമ്മിറ്റിക്ക് പരാതി നൽകുകയും ചെയ്തിരുന്നു എന്നാൽ തന്റെ പേര് അപകീർത്തിപ്പെടുത്താൻ നടക്കുന്ന ശ്രമങ്ങളാണ് ഇതിന് പിന്നിലെന്നാണ് രാഹുൽ ഗാന്ധി വാദിച്ചത്. അന്ന് വിവാദങ്ങൾ കെട്ടടങ്ങിയിരുന്നെങ്കിലും തിരഞ്ഞെടുപ്പ് കാലത്ത് വീണ്ടും കുത്തിപ്പൊക്കിയതിൽ ദുരൂഹതയുണ്ടെന്നാണ് കോൺഗ്രസ് വാദിക്കുന്നത്.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications