കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്ക് സഭയിൽ വെച്ച് ഫ്‌ളൈയിംഗ് കിസ്സ് നല്‍കി? രാഹുൽ ഗാന്ധിക്കെതിരെ പരാതി
ന്യൂ ഡല്‍ഹി: ലോക്‌സഭയില്‍ വെച്ച് കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്ക് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി ഫ്‌ളൈയിംഗ് കിസ്സ് നല്‍കിയതായി പരാതി. അവിശ്വാസ പ്രമേയ ചര്‍ച്ചയുടെ ഭാഗമായുളള പ്രസംഗത്തിന് ശേഷം സഭ വിട്ട് പോകവേ രാഹുല്‍ ഗാന്ധി ഫ്‌ളൈയിംഗ് കിസ്സ് നല്‍കിയെന്നാണ് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ആരോപണം ഉന്നയിച്ചത്. പിന്നാലെ ബിജെപിയുടെ വനിതാ എംപിമാര്‍ രാഹുലിന് എതിരെ ലോക്‌സഭാ സ്പീക്കര്‍ക്ക് പരാതി നല്‍കി.
മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ച് കൊണ്ടുളളതായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസംഗം. അതിന് ശേഷം രാജസ്ഥാനിലേക്ക് പോകുന്നതിനായി രാഹുല്‍ ഗാന്ധി ലോക്‌സഭ വിട്ട് പുറത്തേക്ക് പോയി. രാഹുലിന്റെ പ്രസംഗത്തിന് മറുപടി നല്‍കവേയാണ് സ്മൃതി ഇറാനി അദ്ദേഹത്തിന് എതിരെ ഫ്‌ളൈയിംഗ് കിസ്സ് ആരോപണം ഉന്നയിച്ചത്.

വനിതാ എംപിമാരുടെ നേര്‍ക്ക് ഫ്‌ളൈയിംഗ് കിസ്സ് നല്‍കാന്‍ സ്ത്രീവിരുദ്ധനായ ഒരാള്‍ക്ക് മാത്രമേ സാധിക്കുകയുളളൂ, സ്മൃതി ഇറാനി പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തി മര്യാദ ഇല്ലാത്തതാണ്. ഇത് പോലുളള സ്ത്രീവിരുദ്ധതയ്ക്ക് പാര്‍ലമെന്റ് ഇതുവരെ സാക്ഷിയാകേണ്ടി വന്നിട്ടില്ലെന്നും സ്മൃതി ഇറാനി കൂട്ടിച്ചേര്‍ത്തു.
സ്ത്രീകളുടെ അഭിമാന സംരക്ഷണത്തിനുളള നിയമങ്ങള്‍ നിര്‍മ്മിക്കുന്ന സഭയില്‍ സമ്മേളനം നടന്ന് കൊണ്ടിരിക്കെയാണ് ഒരാളുടെ സ്ത്രീവിരുദ്ധതയ്ക്ക് സാക്ഷിയാകേണ്ടി വന്നിരിക്കുന്നത്. അദ്ദേഹത്തെ കൊണ്ട് ഉത്തരം പറയിക്കേണ്ടതില്ലേ, സ്മൃതി ഇറാനി മാധ്യമങ്ങളോട് പ്രതികരിച്ചു. സ്മൃതി ഇറാനിയുടെ ആരോപണത്തിന് പിന്നാലെ ബിജെപിയുടെ വനിതാ എംപിമാര്‍ ഒപ്പുവെച്ച പരാതി ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കൈമാറി.
കേന്ദ്ര മന്ത്രി സ്മൃതി ഇറാനി സഭയില്‍ സംസാരിച്ച് കൊണ്ടിരിക്കെ വയനാട്ടില്‍ നിന്നുളള അംഗമായ രാഹുല്‍ ഗാന്ധി അപമര്യാദ കാട്ടിയെന്നും അനാവശ്യ ആംഗ്യം കാണിച്ചുവെന്നും പരാതിയില്‍ പറയുന്നു. രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തി സ്ത്രീകളെ അപമാനിക്കുന്നതാണ് എന്ന് മാത്രമല്ല സഭയുടെ അന്തസ്സ് കൂടി കെടുത്തുന്നതാണ്. അതുകൊണ്ട് അദ്ദേഹത്തിന് എതിരെ കര്‍ശനമായ നടപടി സ്വീകരിക്കണം എന്നും ബിജെപി വനിതാ എംപിമാര്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications