രാഹുല്‍ ഗാന്ധി; വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമോ, തിരഞ്ഞെടുപ്പ് കമ്മിഷന് മുന്നില്‍ 3 മാര്‍ഗങ്ങള്‍
ദില്ലി: മാനനഷ്ടക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് ലോക്‌സഭ അംഗത്വം റദ്ദാക്കിയതോടെ വയനാട് മണ്ഡലം വീണ്ടും ദേശീയ രാഷ്ട്രീയത്തില്‍ ചര്‍ച്ചയായിരിക്കുകയാണ്. മണ്ഡലത്തില്‍ ഒരു ഉപതിരഞ്ഞെടുപ്പിനുള്ള സാധ്യകള്‍ ഏറെയാണ്. അങ്ങനെ ഒരു ഉപതിരഞ്ഞെടുപ്പ് വന്നാല്‍ ദേശീയ തലത്തില്‍ തന്നെ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടും.
രാഹുല്‍ അയോഗ്യനായതോടെ മണ്ഡലത്തെ സംബന്ധിച്ചുള്ള തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനാണ്. കര്‍ണാടകയില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് തന്നെ വയനാട്ടിലും ഉപതിരഞ്ഞെടുപ്പ് നടന്നേക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് കൂടാതെ മറ്റ് രണ്ട് മാര്‍ഗങ്ങള്‍ കൂടി തിരഞ്ഞെടുപ്പ് കമ്മിഷന് മുന്നിലുണ്ട്.

വയനാട് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടത്തുക എന്നതാണ് തിരഞ്ഞെടുപ്പ് കമ്മിഷനെ സംബന്ധിച്ചുള്ള ആദ്യത്തെ മാര്‍ഗം. ജനപ്രതിനിധി നിയമത്തിന്റെ 151 എ വകുപ്പ് പ്രകാരം മണ്ഡലത്തില്‍ ഒഴിവ് വന്നാല്‍ ആറ് മാസത്തിനുള്ളില്‍ ഉപതിരഞ്ഞെടുപ്പ് നടത്തണം. ഈ സമയത്ത് അടുപ്പിച്ച് മറ്റ് തിരഞ്ഞെടുപ്പുകള്‍ നടക്കുന്നുണ്ടെങ്കില്‍ അതോടൊപ്പം നടക്കും. അങ്ങനെ വന്നാല്‍ കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പിനൊപ്പം വയനാടും പോളിംഗ് ബൂത്തില്‍ കയറും.
ഉപതിരഞ്ഞെടുപ്പ് കൂടാതെ തിരഞ്ഞെടുപ്പ് കമ്മിഷന് മുന്നിലുള്ള മറ്റൊരു മാര്‍ഗം ലോക്‌സഭ തിരഞ്ഞെടുപ്പിനായി കാത്തിരിക്കുക എന്നതാണ്. ഉടന്‍ ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിനേക്കാള്‍, 2024ലെ പൊതുതിരഞ്ഞെടുപ്പിന് കാത്തിരിക്കണോ എന്ന് പരിഗണിക്കണിക്കുന്നുണ്ച്, അംഗത്വ കാലാവധി ഒരു വര്‍ഷത്തില്‍ താഴെയാണെങ്കില്‍ തിരഞ്ഞെടുപ്പ് നടത്താതിരിക്കാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ട്.
എന്നാല്‍ കാലാവധി അവസാനിക്കാന്‍ 2024 ജൂണ്‍ 16 വരെ സമയമുണ്ട്. ഒരു വര്‍ഷത്തിലേറെ സമയമുണ്ട്. അതുകൊണ്ട് ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടിവരും. വയനാടിന് ഒരിക്കലും ദീര്‍ഘകാലം ജനപ്രതിനിധിയെ നിഷേധിക്കാന്‍ സാധിക്കില്ല. ഇത് കൂടാതെ മറ്റൊരു മാര്‍ഗവും തിരഞ്ഞെടുപ്പ് കമ്മിഷന് മുന്നിലുണ്ട്. രാഹുല്‍ ഗാന്ധിക്ക് അപ്പീലിന് അവസരം നല്‍കുക എന്നതാണ്.
ധൃതി പിടിച്ച് തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇറക്കാതെ രാഹുല്‍ ഗാന്ധിക്ക് അപ്പീല്‍ നല്‍കാന്‍ സമയം നല്‍കിയേക്കും. ഇത് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിവേചന അധികാരത്തില്‍പ്പെടുന്ന കാര്യമാണ്. എന്നാല്‍ അപ്പീലിന് അവസരം നല്‍കാതെ തിരഞ്ഞെടുപ്പ് വിഞ്ജാപനം പുറത്തിറക്കിയ സാഹചര്യങ്ങളും നിലവിലുണ്ട്. എന്നാല്‍ തിരക്കിട്ട് വിഞ്ജാപനം ഇറക്കാതെ നേതാക്കള്‍ക്ക് അപ്പീല്‍ നല്‍കാന്‍ അവസരം കൊടുക്കണമെന്നാണ് സുപ്രീം കോടതി നേരത്തെ പറഞ്ഞിട്ടുള്ളത്.
സമാജ്വാദി പാര്‍ട്ടി നേതാവും രാംപൂര്‍ എം എല്‍ എയുമായിരുന്ന അസം ഖാനെ യു പി നിയമസഭ അയോഗ്യനാക്കിയിരുന്നു. അയോഗ്യനാക്കി നാല് ദിവസത്തിന് ശേഷം തന്നെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിഞ്ജാപനം പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ അസം ഖാന്‍ നേരിട്ട് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. അന്ന് ചിഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് അപ്പീലില്‍ വിധി വന്ന ശേഷം മാത്രമേ തിരഞ്ഞെടുപ്പ് നടത്താവൂ എന്ന് നിര്‍ദ്ദേശിച്ചു.
ലക്ഷദ്വീപിലെ എന്‍ സി പി എംപി പി പി ഫൈസലിനെ കവരത്തി കോടതി ശിക്ഷിച്ചതിനെ നാലാം ദിവസം ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ വിഞ്ജാപനം കേരള ഹൈക്കോതിയുടെ വിധി വന്നപ്പോള്‍ പിന്‍വലിക്കുകയായിരുന്നു. രാഹുലിനെതിരെ ഇപ്പോഴുള്ള വിധിക്കെതിരെ ഉടന്‍ തന്നെ സുപ്രിം കോടതിയെ സമീപിക്കും. ഇതിന് വേണ്ടി നിയമ വിദഗ്ദര്‍ അടങ്ങുന്ന ഒരു സംഘത്തെ കോണ്‍ഗ്രസ് ഒരുക്കിക്കഴിഞ്ഞിട്ടുണ്ട്.
അതേസമയം, രാഹുല്‍ ഗാന്ധിക്കെതിരായ വിധിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് ഇന്ന് രാജ്ഘട്ടില്‍ സത്യാഗ്രഹം നടത്തും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, പ്രിയങ്ക ഗാന്ധി തുടങ്ങിയ നേതാക്കളും പ്രവര്‍ത്തകരും വൈകീട്ട് അഞ്ച് മണിവരെ നടക്കുന്ന സത്യഗ്രഹത്തില്‍ പങ്കെടുക്കും.












Click it and Unblock the Notifications