5 മാസത്തിനുള്ളില്‍ തിരിച്ചെത്തും, രാഹുലിന്റെ പ്ലാന്‍, സോണിയക്ക് സമ്മതം, ടീമിലേക്ക് പുതുമുഖങ്ങള്‍!!
ദില്ലി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് വരുമെന്ന് ഏകദേശം ഉറപ്പായിരിക്കുകയാണ് സോണിയ പ്രഖ്യാപിച്ച കമ്മിറ്റി അത്തരത്തിലുള്ളതായിരുന്നു. മന്‍മോഹന്‍ സിംഗാണ് അധ്യക്ഷനെങ്കിലും നിയന്ത്രിക്കുന്നത് രാഹുലാണ്. പാര്‍ട്ടിയില്‍ നിന്ന് ഒരു വിമത സ്വരവും ഉയരാത്തത് അതുകൊണ്ടാണ്. അതേസമയം അടുത്ത അഞ്ച് മാസത്തിനുള്ളില്‍ മാത്രമേ രാഹുല്‍ അധ്യക്ഷ പദവിയിലേക്ക് എത്തൂ എന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടി യോഗങ്ങളിലാണ് ഇത് സംബന്ധിച്ച് അദ്ദേഹം അറിയിച്ചത്. കൂടുതല്‍ കര്‍ക്കശക്കാരനായ നേതാവായിട്ടാണ് അദ്ദേഹം തിരിച്ചെത്തുകയെന്നാണ് പാര്‍ട്ടിയിലെ സ്വതന്ത്ര നിലപാടുകാര്‍ പറയുന്നത്.

കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് കമ്മിറ്റി
കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് കമ്മിറ്റി യോഗം നാളെ ചേരുന്നുണ്ട്. ഇതിന് നേതൃത്വം നല്‍കുന്നത് രാഹുലായിരിക്കും. കോവിഡിനെതിരായ പ്രവര്‍ത്തനങ്ങളും അതിന്റെ രാഷ്ട്രീയ നീക്കങ്ങളും നയിക്കുന്നത് രാഹുലാണ്. സാമ്പത്തികമായ കാര്യങ്ങള്‍ മന്‍മോഹന്‍ സിംഗും ചിദംബരവും ചേര്‍ന്ന് പരിശോധിക്കും. അതേസമയം നിര്‍ണായകമായ ഈ യോഗത്തില്‍ രാഹുലിന്റെ തിരിച്ചുവരവ് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കും. സോണിയാ ഗാന്ധി ഇക്കാര്യം സീനിയര്‍ നേതാക്കളെ അറിയിച്ചിട്ടുണ്ട്. അവരില്‍ നിന്ന് ആദ്യം എതിര്‍പ്പുണ്ടായെങ്കിലും, ഇപ്പോള്‍ വഴങ്ങിയിരിക്കുകയാണ്. സെപ്റ്റംബറിലാണ് അധ്യക്ഷ സ്ഥാനത്തേക്കുള്ള വര്‍ക്കിംഗ് കമ്മിറ്റി യോഗം നടക്കുന്നത്. ഏപ്രിലിലായിരുന്നു ഇത് നടക്കേണ്ടിയിരുന്നത്. ഇത് കോവിഡിനെ തുടര്‍ന്നാണ് മാറ്റിയത്. എതിരില്ലാതെ തന്നെ രാഹുല്‍ തിരഞ്ഞെടുക്കപ്പെടും. നിര്‍ണായക പദവി സച്ചിന്‍ പൈലറ്റിനുണ്ടാവും

കൂടുതല്‍ കാര്‍ക്കശ്യം
സീനിയര്‍ നേതാക്കളോട് കൂടുതല്‍ കാര്‍ക്കശ്യത്തോടെ ഇടപെടുന്ന രാഹുലിനെ രണ്ടാം വരവില്‍ പ്രതീക്ഷിക്കാമെന്നാണ് നേതൃത്വം നല്‍കുന്ന സൂചന. ഇതിന് പ്രധാന കാരണം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്തെ സീനിയര്‍ നേതാക്കളുടെ ധാര്‍ഷ്ട്യാണ്. സീനിയര്‍ നേതാക്കള്‍ ആ സമയത്ത് കൂടുതല്‍ സ്വാതന്ത്ര്യവും പ്രവര്‍ത്തനത്തില്‍ മുന്‍തൂക്കവും രാഹുല്‍ പല സംസ്ഥാനങ്ങളിലും നല്‍കിയിരുന്നു. എന്നാല്‍ ഇവര്‍ പലയിടത്തും ജൂനിയര്‍ നേതാക്കളെ തോല്‍പ്പിക്കാനും, രാഹുലിന്റെ തന്നെ വീഴ്ച്ചയ്ക്കും വേണ്ടിയാണ് പ്രവര്‍ത്തിച്ചത്. പലരും സ്വന്തം മക്കളെ വിജയിപ്പിക്കാന്‍ വേണ്ടിയാണ് ശ്രമിച്ചതെന്നും, പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചില്ലെന്നും രാഹുല്‍ രാജി പ്രഖ്യാപിച്ച സമയത്ത് പറഞ്ഞിരുന്നു.

രണ്ട് പുതുമുഖങ്ങള്‍
രണ്ട് പുതുമുഖങ്ങള്‍ രാഹുലിന്റെ ടീമിലേക്ക് എത്തുമെന്നാണ് വ്യക്തമാകുന്നത്. രണ്ട് പേരും മധ്യപ്രദേശില്‍ നിന്നുള്ള നേതാക്കളാണ്. ഒന്ന് ജയവര്‍ധന്‍ സിംഗും മറ്റേത് നകുല്‍നാഥുമാണ്. ഇവര്‍ക്ക് യൂത്ത് കേഡറിന്റെ ചുമതലയാണ് ഉണ്ടാവുക. സംസ്ഥാന തലത്തിലെ പ്രവര്‍ത്തനങ്ങളില്‍ രാഹുലിന്റെ ടീമിന് റിപ്പോര്‍ട്ട് നല്‍കുക ഇവരായിരിക്കും. ജയവര്‍ധന്‍ സിംഗ് ദിഗ് വിജയ് സിംഗിന്റെ മകനാണ്. പിതാവിനെ രാഹുലിന് താല്‍പര്യമില്ല. പക്ഷേ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് വളരെ ചെറുപ്പമായിരുന്ന ജയവര്‍ധന്റെ മികവിലാണ് രജോഗഡില്‍ 32 സീറ്റുകള്‍ കോണ്‍ഗ്രസ് നേടിയത്. ജ്യോതിരാദിത്യ സിന്ധ്യയുടെ കോട്ടയായ ഭോപ്പാല്‍-ഗുണയില്‍ വെറും 26 സീറ്റുകളാണ് നേടാനായത്. പരിചയസമ്പന്നനെ പുതുമുഖം തോല്‍പ്പിക്കുന്നതിനും ഈ തിരഞ്ഞെടുപ്പ് സാക്ഷിയായി. ഇത് രാഹുലിന്റെ ശ്രദ്ധ നേടിയിരുന്നു.

എന്തുകൊണ്ട് നകുല്‍നാഥ്
വിവാദങ്ങള്‍ക്കൊന്നും പോകാതെ സ്വന്തം കോട്ടയില്‍ കേന്ദ്രീകരിച്ചുള്ള ചിട്ടയായ പ്രവര്‍ത്തനമാണ് നകുല്‍നാഥ് നടത്തുന്നത്. കമല്‍നാഥിന്റെ മകനെന്ന പരിവേഷത്തിന് മുകളിലുള്ള വ്യക്തിപ്രഭാവം നകുല്‍നാഥിനുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞപ്പോള്‍ ആകെ വിജയിച്ചത് നകുല്‍നാഥാണ്. അതും മികച്ച ഭൂരിപക്ഷത്തില്‍ തന്നെ. പിതാവിന്റെ സഹായം ലഭിച്ചിരുന്നെങ്കിലും, ചിന്ദ്വാരയില്‍ ഒരാള്‍ പോലും നകുല്‍നാഥിനെ കുറ്റം പറഞ്ഞിരുന്നില്ല. വിവാദവും ഇയാള്‍ക്കൊപ്പമുണ്ടായിരുന്നില്ല.

രാഹുലിന്റെ പ്ലാന്‍
രാഹുല്‍ തന്റെ ടീമിനെ മുഴുവന്‍ ഘട്ടം ഘട്ടമായി കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. 2017ലാണ് ഇത് നിലവില്‍ വന്നത്. സീനിയര്‍ ടീം രാഹുലിന്റെ ഓഫീസെന്നാണ് ഇതിനെ പരിഹസിച്ചിരുന്നത്. നിഖില്‍ ആല്‍വ, അലങ്കാര്‍ സവായ്, സച്ചിന്‍ റാവു, കെ രാജു, പ്രവീണ്‍ ചക്രവര്‍ത്തി, സന്ദീപ് സിംഗ്, കെബി ബൈജു എന്നിവരാണ് ആദ്യ ഘട്ടത്തില്‍ മുന്‍നിരയിലുണ്ടായിരുന്നത്. രാഷ്ട്രീയക്കാര്‍, അല്ലാത്തവര്‍, സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍മാര്‍ എന്നിവരെല്ലാം ചേര്‍ന്ന ടീമായിരുന്നു ഇത്. ഇവരൊക്കെ തിരിച്ചുവരവിന് കാത്തിരിക്കുകയാണ്. ഇവരെ പുറത്താക്കിയിരുന്നില്ലെങ്കിലും സീനിയര്‍ നേതാക്കളെ അകറ്റി നിര്‍ത്തിയിരുന്നു.

തലയ്ക്ക് മുകളില്‍ വളര്‍ന്നു
സോണിയ വഴങ്ങാനുള്ള പ്രധാന കാരണം സീനിയര്‍ നേതാക്കള്‍ തലയ്ക്ക് മുകളിലേക്ക് വളരുന്നു എന്ന കാരണം കൊണ്ടാണ്. അഹമ്മദ് പട്ടേലിനോട് ഗുജറാത്തിലെ വിഭാഗീയത അവസാനിപ്പിക്കണമെന്ന് നിര്‍ദേശിച്ചിരുന്നുവെങ്കിലും അത് വഷളാക്കിയതും നിരവധി പേര്‍ ബിജെപിയിലേക്ക് പോയതിനും കാരണക്കാരന്‍ അഹമ്മദ് പട്ടേലാണ്. പല ജൂനിയര്‍ നേതാക്കളും സോണിയയുമായി ഇടഞ്ഞത് പട്ടേല്‍ കാരണമാണ്. ഇവര്‍ക്കിടയില്‍ തെറ്റിദ്ധാരണ വളര്‍ത്താനും പട്ടേല്‍ സഹായിച്ചിരുന്നു. ആന്റണിക്ക് ഹിന്ദുത്വ സമീപനം വേണമെന്ന റിപ്പോര്‍ട്ട് തിരിച്ചടിയായെന്നാണ് സൂചന. ചിദംബരത്തെ മാത്രമാണ് സോണിയ സംരക്ഷിച്ചത്.

എന്തുകൊണ്ട് അഞ്ച് മാസം
ഘട്ടം ഘട്ടമായി കോണ്‍ഗ്രസിലേക്ക് മാറ്റങ്ങള്‍ തിരികെ കൊണ്ടുവരാനാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. പുതിയ നേതാക്കളെ കൊണ്ടുവരുന്നതിന് മുമ്പ് വര്‍ക്കിംഗ് കമ്മിറ്റിയില്‍ ആധിപത്യം നേടാനാണ് രാഹുലിന്റെ ശ്രമം. നവജ്യോത് സിദ്ദു ദേശീയ തലത്തിലേക്ക് കളം മാറാന്‍ സാധ്യത. ദേശീയതയുടെ മുഖമായിട്ടാണ് സിദ്ദുവിനെ കോണ്‍ഗ്രസ് വിലയിരുത്തുന്നത്. നിലവില്‍ പഞ്ചാബ് മന്ത്രിസഭയുടെ ഭാഗമല്ല സിദ്ദു. അടുത്തിടെ സോണിയയെ നേരിട്ട് വന്ന് കണ്ടിരുന്നു സിദ്ദു. പ്രിയങ്കയെയും കണ്ടിരുന്നു. രാഹുലുമായി വീണ്ടും കൈകോര്‍ക്കാനുള്ള ഒരുക്കത്തിലാണ് സിദ്ദു. ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയും സോഷ്യല്‍ മീഡിയ ടീമിന്റെയും ഡാറ്റ അനലറ്റിക്‌സ് ടീമിന്റെ ഭാഗമാവും.

സര്‍വേ കളികള്‍
കോണ്‍ഗ്രസിലെ ആരൊക്കെ മാറണമെന്ന കാര്യത്തില്‍ തന്റെ ടീമിനെ കൊണ്ട് ഒരു സര്‍വേ അനൗദ്യോഗികമായി രാഹുല്‍ നടത്തിയെന്ന് സൂചനയുണ്ട്. ഇതിലൂടെയാണ് ചിലരെ മാറ്റി നിര്‍ത്താന്‍ തീരുമാനിച്ചത്. ഗുലാം നബി ആസാദിനും അഭിഷേക് സിംഗ്‌വിക്കുമൊന്നും ജനപ്രീതി തീരെയില്ലെന്നാണ് വിലയിരുത്തല്‍. ചിദംബരത്തിനും സമാന അവസ്ഥയായിരുന്നു. എന്നാല്‍ മന്‍മോഹനെ നിരവധി പേര്‍ പിന്തുണച്ചുവെന്നാണ് റിപ്പോര്‍ട്ട്. ചിദംബരത്തെ എന്നിട്ടും കൂടെ നിര്‍ത്താന്‍ രാഹുല്‍ നിര്‍ബന്ധിതാവുകയായിരുന്നു. പദവിയില്‍ തിരിച്ചെത്തുന്നതോടെ ചിദംബരത്തെ പൂര്‍ണമായും തഴയാനാണ് സാധ്യത.

സത്യസന്ധരുടെ ടീം
രാഹുലിന്റെ ടീമില്‍ സത്യസന്ധരും, അഴിമതി കറ പുരളാത്തവരും ആയിരിക്കണം നേതാക്കളെന്ന് നിര്‍ബന്ധമുണ്ട്. രാഹുലിന് മുമ്പ് പ്രസംഗം എഴുതി നല്‍കിയിരുന്ന സന്ദീപ് സിംഗിനെ മടക്കി കൊണ്ടുവരും. ഇയാള്‍ ഇപ്പോള്‍ പ്രിയങ്കയ്ക്ക് വേണ്ടിയാണ് പ്രസംഗം എഴുതുന്നത്. മധ്യപ്രദേശിലും രാജസ്ഥാനിലും ദരിദ്രരുടെ ഒപ്പം നിന്ന് രാഹുല്‍ നേടിയ വിജയഫോര്‍മുല തന്നെ ഇവര്‍ ഒരുക്കും. പാളിപ്പോയ ന്യായ് പദ്ധതി അടക്കം വിവിധ സംസ്ഥാനങ്ങളില്‍ ഉന്നയിക്കാനാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. സോഷ്യല്‍ മീഡിയ മാത്രം പോര, പകരം പ്രവര്‍ത്തനം പുതിയ രീതിയിലാക്കണമെന്ന വിശ്വാസത്തിലാണ് രാഹുല്‍.












Click it and Unblock the Notifications