രാഹുലിന് മോദിയോട് ദേഷ്യം.. അതാണ് ഇങ്ങനെയൊക്കെ പറയുന്നത്; മാപ്പ് പറയണമെന്ന് സ്മൃതി ഇറാനി
രാഹുല്‍ ഗാന്ധി യുകെയില്‍ നടത്തിയ പ്രസംഗത്തില്‍ ഇന്ത്യയില്‍ ജനാധിപത്യം അപകടത്തിലാണ് എന്ന് പറഞ്ഞിരുന്നു. ബിജെപിക്കും ആര്‍എസ്എസിനും എതിരെ രൂക്ഷവിമര്‍ശനമാണ് രാഹുല്‍ വിദേശത്ത് നടത്തിയത്.

ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി വനിതാ ശിശുക്ഷേമ വികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനി. രാഹുല്‍ ഗാന്ധി വിദേശത്ത് പോയി ഇന്ത്യയെ അപമാനിക്കുന്ന പ്രസ്താവന നടത്തി എന്നും ഇതില്‍ അദ്ദേഹം മാപ്പ് പറയണം എന്നും സ്മൃതി ഇറാനി പറഞ്ഞു.
പാര്‍ലമെന്റ് നടപടികള്‍ ആരംഭിക്കുന്നതിന് മുന്‍പ് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സ്മൃതി ഇറാനി രാഹുല്‍ ഗാന്ധിക്ക് എതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയത്. തന്റെ അപകീര്‍ത്തികരമായ പ്രസ്താവനയില്‍ രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ മാപ്പ് പറയണം എന്നും സ്മൃതി ഇറാനി ആവശ്യപ്പെട്ടു.
രാജ്യത്തെ ഓരോ പൗരനേയും പ്രതിനിധീകരിക്കുന്നതാണ് ഇന്ത്യന്‍ പാര്‍ലമെന്റ്. അതിനാല്‍ രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ നിര്‍ബന്ധമായും മാപ്പ് പറയണം എന്ന് സ്മൃതി ഇറാനി കൂട്ടിച്ചേര്‍ത്തു. വിദേശത്ത് ഇന്ത്യയെക്കുറിച്ച് വാചാലനാകുന്ന രാഹുല്‍ പാര്‍ലമെന്റിനെ മാത്രമല്ല, സുപ്രീം കോടതിയെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും വരെ ആക്രമിച്ചു എന്നും സ്മൃതി പറഞ്ഞു.
രാഹുല്‍ ഗാന്ധി ഇന്ത്യയ്‌ക്കെതിരെ നടത്തിയത് ജനാധിപത്യവിരുദ്ധമായ ആക്രോശമാണ് എന്നും സ്മൃതി ഇറാനി പറഞ്ഞു. ഇന്ത്യയിലെ ജനാധിപത്യം അപകടത്തിലല്ല എന്ന് രാഹുല്‍ മനസിലാക്കണം. എന്നാല്‍ വിദേശത്ത് നിങ്ങള്‍ രാജ്യത്തിനെതിരെ പ്രകടിപ്പിച്ച ഈ പെരുമാറ്റത്തിന്റെ പേരില്‍ കോണ്‍ഗ്രസ് ആണ് അപകടത്തിലായിരിക്കുന്നത് എന്നും സ്മൃതി ഇറാനി പറഞ്ഞു.

ഇന്ത്യയെ അപമാനിക്കുന്നത് ജനാധിപത്യമാണോ എന്നും സഭാ ചെയര്‍മാനോട് അനാദരവ് കാണിക്കുന്നത് ജനാധിപത്യമാണോ എന്നും സ്മൃതി ഇറാനി വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയോട് മാപ്പ് പറയണം എന്നാണ് രാജ്യം മുഴുവന്‍ ആവശ്യപ്പെടുന്നത് എന്നും സ്മൃതി ഇറാനി കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള വിദ്വേഷത്തില്‍ നിന്നാണ് രാഹുല്‍ ഗാന്ധിയില്‍ നിന്ന് ഇത്തരം പരാമര്‍ശം ഉണ്ടാകുന്നത് എന്നും സ്മൃതി ഇറാനി ആരോപിച്ചു. സര്‍വകലാശാലകളില്‍ പ്രതിപക്ഷ നേതാക്കളെ സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്ന രാഹുല്‍ ഗാന്ധിയുടെ അവകാശവാദത്തെയും സ്മൃതി ഇറാനി ചോദ്യം ചെയ്തു.
രാജ്യത്തെ ഒരു സര്‍വകലാശാലയിലും സംസാരിക്കാന്‍ അവകാശമില്ല എന്നാണ് രാഹുല്‍ പറയുന്നത്. അങ്ങനെ എങ്കില്‍ 2016 ല്‍ ദല്‍ഹി സര്‍വകലാശാലയില്‍ 'ഭാരത് തേരേ തുക്ഡെ ഹോംഗേ' എന്ന മുദ്രാവാക്യം ഉയര്‍ന്നപ്പോള്‍ നിങ്ങള്‍ അതിനെ പിന്താങ്ങിയത് എങ്ങനെയാണ് എന്നും സ്മൃതി ഇറാനി ചോദിച്ചു.
ഇന്ത്യയെ അടിമകളാക്കിയ ചരിത്രമുള്ള ഒരു രാജ്യം സന്ദര്‍ശിച്ച് രാഹുല്‍ ഇന്ത്യയെ അപമാനിച്ച് സംസാരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ജനാധിപത്യ സംവിധാനങ്ങളെ തകര്‍ക്കുമ്പോള്‍, എന്തുകൊണ്ടാണ് വിദേശ ശക്തികള്‍ ഇന്ത്യയെ ആക്രമിക്കാത്തത് എന്നതില്‍ ആണ് അദ്ദേഹത്തിന് ഖേദം എന്നും സ്മൃതി ഇറാനി പരിഹസിച്ചു












Click it and Unblock the Notifications