രാഹുല്‍ ഗാന്ധിയുടെ അടുത്ത ധ്യാനം കേദാര്‍നാഥില്‍?
ദില്ലി: 56 ദിവസം അജ്ഞാത വാസത്തിലായിരുന്നു കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി. രാഹുല്‍ മ്യാന്‍മാറിലെ യാംഗോണില്‍ ധ്യാനത്തിലായിരുന്നു എന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്, തീര്‍ച്ചയില്ല. എന്നാല്‍ രാഹുല്‍ ശരിക്കും ധ്യാനിക്കാന്‍ പോകുകയാണ്. അതെ, കേദാര്‍നാഥിലേക്കാണ് ഇത്തവണ രാഹുലിന്റെ യാത്ര. അതും ഹെലികോപ്ടറിലൊന്നുമല്ല, 18 കിലോമീറ്റര്‍ നടന്നാണ് രാഹുല്‍ കേദാര്‍നാഥിലെത്തുന്നത്.
വ്യാഴാഴ്ച രാഹുല്‍ കേദാര്‍നാഥിലേക്കുള്ള യാത്ര തിരിച്ചു. രണ്ട് ദിവസത്തെ സ്വകാര്യ പരിപാടികളാണ് രാഹുലിന് ഈ യാത്രയിലുള്ളത്. താന്‍ രാഹുലിന് ഒരു ഹെലികോപ്ടര്‍ വാഗ്ദാനം ചെയ്തതാണ് എന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത് പറഞ്ഞു. എന്നാല്‍ അത് വേണ്ട താന്‍ നടന്നുപോകുന്നു എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ മറുപടി.

പാര്‍ട്ടിയില്‍ നിന്നും നീണ്ട അവധിയെടുത്ത് പോയ രാഹുല്‍ തിരിച്ചെത്തിയ ശേഷം രാഷ്ട്രീയത്തില്‍ സജീവമായിരുന്നു. ദില്ലിയില്‍ കിസാന്‍ റാലി സംഘടിപ്പിച്ച അദ്ദേഹം പതിവില്ലാത്ത വിധം ലോക്‌സഭയിലും സംസാരിച്ചു. കര്‍ഷക പ്രശ്‌നങ്ങളെയും നെറ്റ് ന്യൂട്രാലിറ്റിയെയും കുറിച്ചുള്ള ചര്‍ച്ചകളില്‍ പങ്കെടുത്ത് രാഹുല്‍ നടത്തിയ പ്രസംഗങ്ങള്‍ ശ്രദ്ധേയമായിരുന്നു.
ഗൗരീകുണ്ഡില്‍ നിന്നുമാണ് രാഹുലിന്റെ കേദാര്‍നാഥ് യാത്രയുടെ തുടക്കം. ഏതാനും രാഷ്ട്രീയ നേതാക്കളും രാഹുലിനൊപ്പമുണ്ട്. വഴിയില്‍ തങ്ങി വിശ്രമിച്ച ശേഷം വെള്ളിയാഴ്ച രാവിലെ എട്ടരയോടെ കേദാര്‍നാഥ് ക്ഷേത്രത്തില്‍ പ്രാര്‍ഥിക്കാനെത്തും. 1979 ല്‍ ഇന്ദിരാഗാന്ധിക്കൊപ്പം ബദരീനാഥ് യാത്ര നടത്തിയിട്ടുള്ള നേതാവാണ് ഹരീഷ് റാവത്.












Click it and Unblock the Notifications