റെയില്‍വേ നന്നാക്കാന്‍ ഇ ശ്രീധരന്റെ ഒറ്റയാള്‍ പട്ടാളം
ദില്ലി: ഇന്ത്യന്‍ റെയില്‍വേയെ നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കേന്ദ്ര സര്‍ക്കാര്‍ 'മെട്രോ മാന്റെ' സഹായം തേടുന്നു. മലയാളിയായ ഇ ശ്രീധരനെ റെയില്‍ പരിഷ്‌കാരങ്ങള്‍ സംബന്ധിച്ച് പഠനം നടത്തി നിര്‍ദ്ദേശം സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചു.
ഇന്ത്യന്‍ റെയില്‍വേയില്‍ നിന്ന് വിരമിച്ച ഇ ശ്രീധരന് എന്തൊക്കെയാണ് അവിടത്തെ പ്രശ്‌നങ്ങളെന്ന് നന്നായി അറിയാം. കൂടാതെ രാജ്യത്തെ മെട്രോ നിര്‍മാണത്തിന്റെ അപ്പോസ്തലനായതിന്റെ അനുഭവ സമ്പത്തും. ഇത് രണ്ടും തന്നെയാണ് അദ്ദേഹത്തെ ഇത്തരം ഒരു ചുമതല ഏല്‍പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാത്.
റെയില്‍വേയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കാനും കൂടുതല്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കാനും വേണ്ട നിര്‍ദ്ദേശങ്ങളാണ് ശ്രീധരനില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഏകാംഗ കമ്മിറ്റിയാണ് ശ്രീധരനെ നിയോഗിച്ചിരിക്കുന്നത്.

പുതിയതായി ചുമതലയേറ്റ റെയില്‍ മന്ത്രി സുരേഷ് പ്രഭുവാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. സദാനന്ദ ഗൗഡയുടെ പ്രവര്‍ത്തനം പോരെന്ന വിമര്‍ശനത്തെ തുടര്‍ന്നാണ് റെയില്‍ വകുപ്പ് നരേന്ദ്ര മോദി സുരേഷ് പ്രഭുവിന് നല്‍കിയത്.
രണ്ടാഴ്ചക്കുള്ളില്‍ ഇടക്കാല റിപ്പോര്‍ട്ട് നല്‍കണം എന്നാണ് ശ്രീധരനോട് ആവശ്യപ്പെട്ടിരിക്കുന്നത്. മൂന്ന് മാസത്തിനകം അന്തിമ റിപ്പോര്‍ട്ട് കൈമാറണം. റിപ്പോര്‍ട്ട് തയ്യാറുക്കുന്നതിന് ശ്രീധരന് ആരുടെ സഹായം വേണമെങ്കിലും തേടാം. ജനറല്‍ മാനേജര്‍മാര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ കൈമാറുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങളും ശ്രീധരന്‍ തയ്യാറാക്കും.
82 കാരനായ ഇ ശ്രീധരന് ഇപ്പോള്‍ കൊച്ചി മെട്രോക്ക് മേല്‍നോട്ടം വഹിച്ചുകൊണ്ടിരിക്കുകയാണ്.












Click it and Unblock the Notifications