25 ഓളം വിമതർ; രാജസ്ഥാനിൽ ബിജെപിക്ക് തലവേദന, അമിത്ഷാ നേരിട്ട് ഇറങ്ങിയിട്ടും രക്ഷയില്ല
ജയ്പൂർ: രാജസ്ഥാനിൽ ഭരണം തിരിച്ച് പിടിക്കാമെന്ന ബി ജെ പി മോഹത്തിന് വെല്ലുവിളി തീർത്ത് വിമതർ. 25 ഓളം നേതാക്കളാണ് ബി ജെ പി സ്ഥാനാർത്ഥികൾക്കെതിരെ വിവിധ മണ്ഡലങ്ങളിൽ മത്സരിക്കുന്നത്. വിമതരെ അനുനയിപ്പിക്കാൻ തീവ്ര ശ്രമങ്ങളാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ നടന്നത്. എന്നാൽ ഇവയൊന്നും വിജയം കണ്ടില്ലെന്ന് മാത്രമല്ല കൂടുതൽ പേർ നേതൃത്വത്തിനെ വെല്ലുവിളിച്ച് രംഗത്തെത്തുകയായിരുന്നു.
മുൻ മുഖ്യമന്ത്രി സുന്ധര രാജെ സിന്ധ്യയുടെ അനുയായി ആയ രാജ്പാൽ ശെഖാവത്തായിരുന്നു ആദ്യം നേതൃത്വവുമായി ഇടഞ്ഞ് തനിച്ച് മത്സരം പ്രഖ്യാപിച്ചത്. ഇതോടെ അമിത് ഷാ അദ്ദേഹത്തെ നേരിട്ട് ബന്ധപ്പെടുകയും സ്ഥാനാർത്ഥിത്വം പിൻവലിപ്പിക്കുകയും ചെയ്തു. എന്നാൽ മറ്റ് നേതാക്കളാരും തന്നെ നേതൃത്വത്തിന്റെ ആവശ്യത്തിന് വഴങ്ങിയില്ല. സ്ഥാനാർത്ഥിത്വം നിഷേധിച്ചതാണ് പലരേയും ചൊടിപ്പിച്ചത്. മുൻപ് ടിക്കറ്റ് നൽകില്ലെങ്കിലും നേതാക്കളെ നേരിട്ട് വിളിക്കുകയും അന്തിമ സ്ഥാനാർത്ഥി പട്ടികയ്ക്ക് മുൻപ് അതൃപ്തികൾ പരിഹരിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഇക്കുറി നേതൃത്തിന്റെ ഭാഗത്ത് നിന്ന് അത്തരത്തിലൊരു ഇടപെടലും ഉണ്ടായിട്ടില്ലെന്ന് നേതാക്കൾ പറഞ്ഞു.

പ്രദേശിക നേതാക്കളെ പരിഗണിച്ചില്ലെന്നും ദേശീയ നേൃത്വം സംസ്ഥാനത്ത് നടത്തുന്ന അനാവശ്യ ഇടപെടലുകൾ സംസ്ഥാനത്തെ സംഘടന സംവിധാനത്തേയും ഇല്ലാതാക്കിയെന്ന് നേതാക്കൾ വിമർശിച്ചു. സ്ഥാനാർത്ഥിത്വം തീരുമാനിക്കുമ്പോൾ പോലും സംസ്ഥാന നേതൃത്വവുമായി ഹൈക്കമാന്റ് കൂടിക്കാഴ്ച നടത്തിയില്ലെന്നും നേതാക്കൾ വിമർശിച്ചു.
'മുൻ മുഖ്യമന്ത്രി ഭൈറോൺ സിംഗ് ഷെഖാവത്തിന്റെ കാലത്ത് അദ്ദേഹമായിരുന്നു പാർട്ടിയിലെ അവസാന വാക്ക്. വിമതശല്യം അദ്ദേഹം ഇടപെട്ട് എളുപ്പം പരിഹരിച്ചിരുന്നു. അതുപോലെ, രാജെ മുഖ്യമന്ത്രിയായിരുന്ന കാലത്ത്, സ്ഥാനാർത്ഥിത്വം നിശ്ചയിക്കുന്നതും വിമതരെ അനുനയിപ്പിക്കുന്നതുമൊക്കെ അവരായിരുന്നു. രണ്ട് നേതാക്കൾക്കും പ്രവർത്തകർക്കിടയിൽ വലിയ സ്വാധീനം ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ തീരുമാനങ്ങൾ എടുക്കുന്നതിൽ അവർക്ക് സ്വാധീനമില്ലെന്ന് അറിയുന്നത് കൊണ്ട് തന്നെ അവർ പറയുന്നതൊന്നും അനുസരിക്കാൻ നേതാക്കൾ തയ്യാറാകുന്നില്ല', ബി ജെ പി നേതാവ് പറഞ്ഞു. സംസ്ഥാന നേതൃത്തെ ദുർബലപ്പെടുത്തിയത് കൊണ്ടാണ് വിമത ശല്യത്തെ നേരിടാൻ അവർക്ക് സാധിക്കാത്തതെന്നും നേതാക്കൾ പറഞ്ഞു. അതേസമയം തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്ക വിമതർ ഉയർത്തുന്ന വെല്ലുവിളി പരിഹരിക്കാൻ സാധിക്കാത്തതിൽ നേതൃത്വം കടുത്ത ആശങ്കയിലാണ്.
നവംബർ 25 നാണ് രാജസ്ഥാനിൽ നിയമസഭ തിരഞ്ഞെടുപ്പ്. ഡിസംബർ 3 നാണ് വോട്ടെണ്ണൽ












Click it and Unblock the Notifications