സിഎഎയെ പിന്തുണച്ച് രജനീകാന്ത്; പ്രതിഷേധങ്ങള്‍ രാഷ്ട്രീയ പ്രേരിതം
ചെന്നൈ: ഏറെ വിവാദമായ പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് പ്രമുഖ തമിഴ് നടന്‍ രജനികാന്ത്. വിഷയത്തില്‍ ആദ്യമായിട്ടാണ് രജനികാന്ത് പ്രതികരിക്കുന്നത്. സിഎഎ ഇന്ത്യയിലെ മുസ്ലിങ്ങളെ ബാധിക്കില്ലെന്നും പ്രതിഷേധങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു. എന്‍പിആര്‍ അത്യന്താപേക്ഷിതമാണെന്നും കോണ്‍ഗ്രസ് ഭരണകാലത്തും ഇത് ചെയ്തിട്ടുണ്ടെന്നും രജനികാന്ത് പ്രതികരിച്ചു.
എന്‍പിആര്‍ നിര്‍ബന്ധമാണ്. ജനസംഖ്യാ കണക്ക് എടുക്കണം. 2010ല്‍ കോണ്‍ഗ്രസ് എടുത്തിട്ടുണ്ട്. ഇപ്പോള്‍ വീണ്ടും എടുക്കേണ്ടതുണ്ട്. ആരാണ് പൗരന്‍മാര്‍, അല്ലാത്തവര്‍ എന്ന് വ്യക്തമാകേണ്ടതില്ലേ. അതുകൊണ്ട് എന്‍പിആര്‍ നിര്‍ബന്ധമാണ്. അതേസമയം, എന്‍ആര്‍സി നടപ്പാക്കിയിട്ടില്ല. ഇക്കാര്യത്തില്‍ ചര്‍ച്ച നടക്കുന്നേയുള്ളൂ. നടപ്പാക്കുന്ന വേളയില്‍ കരട് രൂപം പരിശോധിച്ചാല്‍ മാത്രമേ എന്‍ആര്‍സി എങ്ങനെയാണ് വരിക എന്ന് വ്യക്തമാകൂ.
അതേസമയം, സിഎഎ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയതാണ്. ഇന്ത്യയിലെ പൗരന്‍മാര്‍ക്ക് യാതൊരു പ്രശ്‌നങ്ങളുമുണ്ടാകില്ല. വിദേശത്ത് നിന്ന് അഭയം ചോദിച്ചെത്തിയവരുമായി ബന്ധപ്പെട്ടതാണ് സിഎഎ. ഇന്ത്യയിലെ മുസ്ലിങ്ങള്‍ക്ക് സിഎഎ പ്രശ്‌നമാകില്ല. ഇന്ത്യയിലെ മുസ്ലിങ്ങള്‍ ഇന്ത്യയാണ് ഞങ്ങളുടെ നാട് എന്ന് പറഞ്ഞവരാണ്. അവരെ എങ്ങനെ ഇവിടെ നിന്ന് പുറത്താക്കും. അങ്ങനെ എന്തെങ്കിലും സംഭവിച്ചാല്‍ ഞാന്‍ മുസ്ലിങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കും. ഇപ്പോള്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ കക്ഷികളാണ്. രാഷ്ട്രീയ കക്ഷികളുടെ നീക്കത്തില്‍ വിദ്യാര്‍ഥികള്‍ വീഴരുതെന്നും രജനികാന്ത് പറഞ്ഞു.
ശ്രീലങ്കന്‍ തമിഴരെ സിഎഎയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്ന കാര്യം മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, 30 വര്‍ഷമായി ഇന്ത്യയില്‍ താമസിക്കുന്നവരാണ് ശ്രീലങ്കന്‍ തമിഴര്‍ എന്നും അവര്‍ക്കും പൗരത്വം കൊടുക്കണമെന്നാണ് തന്റെ നിലപാട് എന്നും രജനി പ്രതികരിച്ചു. ഇവിടെ വന്ന ശ്രീലങ്കന്‍ തമിഴര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കണം. ശ്രീലങ്കയിലെ തമിഴരുടെ കാര്യമല്ല പറയുന്നതെന്നും രജനി വിശദീകരിച്ചു.