ചൈനീസ് പ്രതിരോധ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി രാജ്നാഥ് സിംഗ്; ഗാൽവൻ സംഘർഷത്തിന് ശേഷം ആദ്യം
ദില്ലി: ചൈനീസ് പ്രതിരോധമന്ത്രി ലീ ഷാങ്ഫുയുമായി കൂടിക്കാഴ്ച നടത്തി രാജ്നാഥ് സിംഗ്. ഗാൽവാൻ സംഘർഷത്തിന് ശേഷം ആദ്യമായാണ് ഇന്ത്യ-ചൈന പ്രതിരോധ മന്ത്രിമാർ കൂടിക്കാഴ്ച നടത്തുന്നത്.നിലവിലെ കരാർ പ്രകാരം നിയന്ത്രണരേഖയിലെ പ്രശ്നം പരിഹരിക്കണമെന്ന് ഇന്ത്യ കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു.
ഷാങ്‌ഹായ് ഉച്ചകോടിയുടെ ഭാഗമായാട്ടായിരുന്നു ഇരു രാജ്യങ്ങളുടേയും പ്രതിരോധമന്ത്രിമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. നിലവിലുള്ള കരാറുകളുടെ ലംഘനം ഉഭയകക്ഷി ബന്ധത്തിന്റെ അടിത്തറ തന്നെ ഇല്ലാതാക്കിയെന്ന് ഇന്ത്യ ചൈനയെ അറിയിച്ചു.

നിയന്ത്രണ രേഖയിലുള്ള എല്ലാ പ്രശ്നങ്ങളും നിലവിലെ ഉഭയകക്ഷി കരാറുകളുടെ അടിസ്ഥാനത്തിൽ പരിഹരിക്കപ്പെടേണ്ടതുണ്ടെന്ന് രാജ്നാഥ് സിംഗ് കൂടിക്കാഴ്ചയിൽ പറഞ്ഞു. പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ അടിസ്ഥാനത്തിയിൽ അതിർത്തിയിലെ പിൻമാറ്റം തുടരുമെന്നും രാജ്നാഥ് സിംഗ് കൂടിക്കാഴ്ചയിൽ പറഞ്ഞു.
അതേസമയം അതിർത്തി സംഘർഷത്തിൽ ഇരു രാജ്യങ്ങളുടേയും സൈനിക ഉദ്യോഗസ്ഥ തലത്തിലുള്ള 18-ാമത് കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പിന്നാലെയാണ് ഇരു രാജ്യങ്ങളുടേയും മന്ത്രിമാർ തമ്മിലുള്ള കൂടിക്കാഴ്ച നടക്കുന്നതെന്നതും ശ്രദ്ധേയമാണ്.
സൈനിക തല ചർച്ചയിൽ പടിഞ്ഞാറൻ സെക്ടറിലെ തത്സ്ഥിതി നിലനിർത്താൻ ഇരു രാജ്യങ്ങളും സമ്മതിച്ചിരുന്നു. അതേസമയം അതിർത്തിയിൽ സമാധാനം നിലനിൽക്കാതെ ചൈനയുമായുള്ള ബന്ധം സാധാരണ നിലയിലാകില്ലെന്ന നിലപാടിലാണ് ഇന്ത്യ.












Click it and Unblock the Notifications