
രാജസ്ഥാനിൽ ബിജെപിക്ക് അടിപതറി; 3 സീറ്റിലും വിജയിച്ച് കോൺഗ്രസ്
ജയ്പൂർ;രാജ്യസഭ തിരഞ്ഞെടുപ്പിൽ ശക്തമായ മത്സരത്തിന് കളമൊരുങ്ങിയ രാജസ്ഥാനിൽ മൂന്ന് സീറ്റിൽ വിജയിച്ച് കോൺഗ്രസ്. രണ്‍ദീപ് സുര്‍ജെവാല, മുകുള്‍ വാസ്‌നിക്, പ്രമോദ് തിവാരി എന്നിവരാണ് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ബി ജെ പിക്ക് ഒരു സീറ്റ് ലഭിച്ചു. ഘനശ്യാം തിവാരിയാണ് വിജയിച്ചത്. ബിജെപി പിന്തുണ ച്ച സ്വതന്ത്ര സ്ഥാനാർത്ഥി സുഭാഷ് ചന്ദ്ര പരാജയപ്പെട്ടു.

നാല് സീറ്റിലേക്കായിരുന്നു രാജസ്ഥാനിൽ തിരഞ്ഞെടുപ്പ് നടന്നത്. നിലവിലെ അംഗസംഖ്യ അനുസരിച്ച് രണ്ട് സീറ്റിൽ കോൺഗ്രസിനും ഒരു സീറ്റിൽ ബി ജെ പിക്കും ജയിക്കാം എന്നതായിരുന്നു സ്ഥിതി. മൂന്നാം സീറ്റിലേക്ക് പ്രമോദ് തിവാരിയെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കി. അതേസമയം നാലാം സീറ്റിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായ സുഭാഷ് ചന്ദ്രയെ ബി ജെ പി പിന്തുണയ്ക്കാൻ തയ്യാറായതോടെയാണ് മത്സരം കടുത്തത്.

നിയമസഭയില്‍ കോണ്‍ഗ്രസിന് 108 അംഗങ്ങളാണുള്ളത്. ബി ജെ പിക്ക് 71 ഉം. സ്വതന്ത്രര്‍ 13, ആർ എൽ പി 3, സി പി എം, ബി ടി പി - 3 വീതം എന്നിങ്ങനെയാണ് കക്ഷി നില. മൂന്ന് സീറ്റ് ജയിക്കാന്‍ കോണ്‍ഗ്രസിന് 123 വോട്ടായിരുന്നു വേണ്ടത്. എന്നാൽ സുഭാഷ് ചന്ദ്രയെ വിജയിപ്പിക്കാൻ ബി ജെ പി സകല തന്ത്രങ്ങളും പുറത്തെടുത്തതോടെ വീണ്ടുമൊരു റിസോർട്ട് രാഷ്ട്രീയത്തിന് കൂടിയായിരുന്നു സംസ്ഥാനം വേദിയായത്. തിരഞ്ഞെടുപ്പിന് മുൻപ് തങ്ങളുടെ മുഴുവൻ എംഎൽഎമാരേയും കോൺഗ്രസ് റിസോർട്ടിലേക്ക് മാറ്റി. ഇതിനിടയിൽ ബി എസ് പിയിൽ നിന്നും രാജിവെച്ച് കോൺഗ്രസിൽ ചേർന്ന ആറ് എം എൽ എമാർക്ക് സുഭാഷ് ചന്ദ്രയ്ക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബി എസ് വിപ്പ് നൽകിയത് കോൺഗ്രസിനെ പ്രതിസന്ധിയിലാക്കി. എന്നാൽ തിരഞ്ഞെടുപ്പിൽ വിപ്പ് ബാധകമല്ലെന്ന് കമ്മീഷൻ വ്യക്തമാക്കുകയായിരുന്നു.

രാവിലെ വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മിനിറ്റുകൾക്ക് മുൻപ് മാത്രമായിരുന്നു മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനൊപ്പം കോണ്‍ഗ്രസ് എംഎല്‍എമാര്‍ നിയമസഭയിൽ എത്തിയത്. വോട്ടെടുപ്പ് ആരംഭിച്ചപ്പോൾ ആറ് ബി എസ് പി എം എൽ എമാരും വിപ്പ് തള്ളി കോൺഗ്രസിന് വോട്ട് ചെയ്തു. അതിനിടെ ബി ജെ പിയുടെ കണക്ക് കൂട്ടലുകൾ തെറ്റിച്ച് പാർട്ടി എം എൽ എ ശോഭ റാണി ഖുശ്വാഹ കോൺഗ്രസിന് വോട്ടു ചെയ്തു.മറ്റൊരു ബി ജെ പി എം എല്‍ എ കൈലാഷ് ചന്ദ്ര മീണ ചെയ്ത വോട്ട് പാര്‍ട്ടി പോളിംഗ് ഏജന്റിന് കാണിച്ചു കൊടുക്കുന്നതിന് പകരം കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും പോളിംഗ് ഏജന്റുമായ ഗോവിന്ദ് സിംഗ് ദത്തസ്രയ്ക്ക് കാണിച്ചു കൊടുത്തതും വോട്ടെടുപ്പിനെ നാടകീയമാക്കി. കോൺഗ്രസിന് വോട്ട് ചെയ്ത ശോഭ റാണിയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയതായി പിന്നീട് ബി ജെ പി അറിയിച്ചു.

അതേസമയം കോൺഗ്രസ് വിജയം ജനാധിപത്യത്തിന്റെ വിജയമാണെന്നായിരുന്നു വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പ്രതികരിച്ചത്. കോൺഗ്രസിന് മൂന്നു സ്ഥാനാർഥികളേയും വിജയിപ്പിക്കാനുള്ള ഭൂരിപക്ഷമുണ്ടെന്ന് തുടക്കം മുതൽ തന്നെ താൻ വ്യക്തമാക്കിയതാണ്. എന്നാൽ സ്വതന്ത്രനെ രംഗത്തിറക്കി ബി ജെ പിയാണ് കുതിരക്കച്ചവടത്തിന് മുതിർന്നത്. ഒറ്റക്കെട്ടായി പാർട്ടിയുടെ പ്രവർത്തനമാണ് ബി ജെ പിക്കുള്ള മറുപടി. 2023 ലെ നിയമസഭ തിരഞ്ഞെടുപ്പിലും കോൺഗ്രസ് സമാന വിജയം ആവർത്തിക്കും, അശോക് ഗെഹ്ലോട്ട് പറഞ്ഞു.
കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബാലറ്റ് പേപ്പര്‍ പരസ്യമാക്കി; വോട്ട് റദ്ദാക്കണമെന്ന് ബിജെപി, തര്‍ക്കം
നയൻതാരയെ ചേർത്ത് ചുംബിച്ച് വിഘ്നേശ്..വിവാഹ ചിത്രങ്ങൾ പുറത്ത്..വൈറൽ