രാമക്ഷേത്ര പ്രതിഷ്‌ഠാ ചടങ്ങ്; കേസിലെ എതിർകക്ഷി ഇഖ്ബാൽ അൻസാരിക്കും ക്ഷണം...
ന്യൂഡൽഹി: അയോധ്യയില്‍ നടക്കാനിരിക്കുന്ന രാമക്ഷേത്ര പ്രതിഷ്‌ഠാ ചടങ്ങിലേക്ക് രാമജന്മഭൂമി കേസിലെ എതിർകക്ഷിയായ ഇഖ്ബാല്‍ അന്‍സാരിക്കും ക്ഷണം. ശ്രീരാമജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്‌റ്റാണ് അന്‍സാരിയെ നേരിട്ട് വീട്ടിലെത്തി ക്ഷണിച്ചത്. ജനുവരി 22നാണ് അയോധ്യയിൽ രാമക്ഷേത്ര പ്രതിഷ്‌ഠാ ചടങ്ങ് നടക്കുന്നത്.
രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനുള്ള ഔപചാരിക ക്ഷണക്കത്ത് പിടിച്ചുനിൽകുന്ന ഇഖ്ബാൽ അൻസാരിയുടെ ചിത്രം ഉൾപ്പെടെ സമൂഹ മാധ്യമങ്ങളിൽ നിറയുന്നുണ്ട്. 2020 ഓഗസ്‌റ്റ് 5ന് നടന്ന രാമക്ഷേത്രത്തിന്റെ 'ഭൂമിപൂജൻ' ചടങ്ങിൽ പങ്കെടുക്കാനുള്ള ക്ഷണവും ഇഖ്ബാൽ അൻസാരിക്ക് ലഭിച്ചിരുന്നു.

ഡിസംബർ 30ന് അയോധ്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്‌ത നൂറുകണക്കിന് ആളുകളിൽ അൻസാരിയും ഉൾപ്പെടുന്നു. ഇവിടയെത്തിയ പ്രധാനമന്ത്രി പുനർവികസിപ്പിച്ച റെയിൽവേ സ്‌റ്റേഷനും പുതുതായി നിർമ്മിച്ച വിമാനത്താവളവും ഉദ്ഘാടനം ചെയ്‌തിരുന്നു, കൂടാതെ ഉത്തർപ്രദേശിലെ മറ്റ് നിരവധി പദ്ധതികളുടെ തറക്കല്ലിടുകയും ചെയ്‌തിരുന്നു.
നേരത്തെ പുറത്തുവന്ന ഒരു വീഡിയോയിൽ ഇഖ്ബാൽ അൻസാരി പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ പുഷ്പവൃഷ്ടി നടത്തുന്നതും കാണാമായിരുന്നു. "അദ്ദേഹം (മോദി) ഞങ്ങളുടെ നാട്ടിലേക്ക് വന്നിരിക്കുന്നു, അദ്ദേഹം ഇപ്പോൾ ഞങ്ങളുടെ അതിഥിയാണ്, നമ്മുടെ പ്രധാനമന്ത്രിയാണ്" ഇഖ്ബാൽ അൻസാരി പറഞ്ഞു.
ഇഖ്ബാലിന്റെ പിതാവ്, രാമജന്മ ഭൂമി തർക്ക കേസിലെ ഏറ്റവും പ്രായം കൂടിയ വ്യവഹാരിയായിരുന്ന ഹാഷിം അൻസാരി 2016ൽ തന്റെ 95-ാം വയസിലാണ് അന്തരിച്ചത്, അതിനുശേഷമാണ് ഇഖ്ബാൽ കോടതിയിൽ കേസ് തുടരാൻ തീരുമാനിച്ചത്. പിന്നാലെ അദ്ദേഹം കേസിൽ കക്ഷി ചേരുകയും ചെയ്‌തിരുന്നു.
തുടർന്ന് ഏറെ നാളത്തെ വാദ പ്രതിവാദങ്ങൾക്ക് ശേഷം 2019 നവംബർ 9ന്, അയോധ്യയിലെ തർക്ക സ്ഥലത്ത് ഒരു സർക്കാർ ട്രസ്‌റ്റ് രാമക്ഷേത്രം നിർമ്മിക്കുന്നതിനുള്ള നിർദ്ദേശം സുപ്രീം കോടതി മുന്നോട്ട് വയ്ക്കുകയും, ഹിന്ദുക്കളുടെ പുണ്യനഗരത്തിൽ പൊളിച്ച പള്ളിക്ക് പകരമായി അഞ്ചേക്കർ സ്ഥലം കണ്ടെത്തണമെന്ന് വിധിക്കുകയും ചെയ്‌തിരുന്നു.
അതേസമയം, ജനുവരി 22ന് ക്ഷേത്രത്തിൽ നടക്കുന്ന പ്രാണ പ്രതിഷ്ഠയ്ക്കായി അയോധ്യ നഗരം ഒരുങ്ങി കൊണ്ടിരിക്കുകയാണ്. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ക്രിക്കറ്റ് താരങ്ങളും ബോളിവുഡ് താരങ്ങളുമടക്കം ഏഴായിരത്തിലധികം അതിഥികൾ ചടങ്ങിൽ പങ്കെടുക്കും. പരമ്പരാഗത നാഗര ശൈലിയിൽ നിർമ്മിച്ച രാമക്ഷേത്ര സമുച്ചയത്തിന് 380 അടി നീളവും (കിഴക്ക്-പടിഞ്ഞാറ് ദിശയും), 250 അടി വീതിയും 161 അടി ഉയരവുമുണ്ടാകും.












Click it and Unblock the Notifications