99.9 ശതമാനം പേർക്കും കോൺഗ്രസ് പ്രസിഡന്റായി വേണ്ടത് രാഹുൽ ഗാന്ധിയെ: രൺദീപ് സുർജേവാല
ദില്ലി: പുതിയ മേധാവിയെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ കോൺഗ്രസ് ഉടൻ ആരംഭിക്കുമെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല. രാഹുൽ ഗാന്ധി പാർട്ടി പ്രസിഡന്റായി മടങ്ങിവരണമെന്നാണ് 99.9 ശതമാനം നേതാക്കളും ആഗ്രഹിക്കുന്നുവെന്നും സുർജേവാല വക്താവ് പറഞ്ഞു. നാളെ മുതൽ അടുത്ത 10 ദിവസത്തിനുള്ളിൽ സോണിയ ഗാന്ധി മുതിർന്ന പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നും രൺദീപ് സുർജേവാല പറഞ്ഞു.
നേതൃത്വപരമായ തർക്കങ്ങളെത്തുടർന്ന് സംഘടനാപരമായ മാറ്റങ്ങൾ വരുത്തണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതിയ 23 വിമതരുമായും സോണിയാഗാന്ധി കൂടിക്കാഴ്ച നടത്തും. പുതിയ പാർട്ടി പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ പാർട്ടി ഉടൻ ആരംഭിക്കും. ഇതിന്റെ ഭാഗമായി സോണിയാ ഗാന്ധി പാർട്ടിയിലെ മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നും പത്ത് ദിവസത്തോളം നീളുന്ന ഈ കൂടിക്കാഴ്ച ശനിയാഴ്ച ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പുതിയ പാർട്ടി പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ പാർട്ടി ഉടൻ ആരംഭിക്കും. കോൺഗ്രസിന്റെ ഒരു ഇലക്ടറൽ കോളേജ്, എ ഐ സി സി (ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി) അംഗങ്ങൾ, കോൺഗ്രസ് പ്രവർത്തകർ, അംഗങ്ങൾ എന്നിവർ ചേർന്ന് അനുയോജ്യനായ ഒരാളെ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കും. ഞാനടക്കം 99.9% പേരും രാഹുൽ ഗാന്ധിയെ പാർട്ടി പ്രസിഡന്റായി തിരഞ്ഞെടുക്കണമെന്ന് ആഗ്രഹിക്കുന്നത്. അവസാന തീരുമാനം രാഹുൽ ഗാന്ധിയുടേതാണെന്നും സുർജേവാല പറയുന്നു.
എന്നാൽ പാർട്ടി പ്രസിഡന്റ് സ്ഥാനത്തേക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് രാഹുൽ. ഗാന്ധി കുടുംബത്തിൽ നിന്നല്ലാതെ മറ്റൊരാളെ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുകയാണെങ്കിൽ അതും പാർട്ടിക്കുള്ളിൽ മറ്റൊരു കലഹത്തിന് വഴിമരുന്നിട്ടേക്കാം. അടുത്ത കാലത്തുണ്ടായ തിരഞ്ഞെടുപ്പുകളില്ലെലാം കോൺഗ്രസിന് അടിക്കടി പരാജയം ഏറ്റുവാങ്ങേണ്ടി വന്നതിന് പിന്നിൽ ശക്തമായ ഒരു നേതൃത്വത്തിന്റെ പോരായ്മയാണെന്ന് രാഷ്ട്രീയ നിരീക്ഷകർ ഉൾപ്പെടെയുള്ളവർ ചൂണ്ടിക്കാണിച്ചിരുന്നു.
2017 ൽ സോണിയ ഗാന്ധിയിൽ നിന്ന് കോൺഗ്രസ് പ്രസിഡന്റായി ചുമതലയേറ്റ രാഹുൽ ഗാന്ധി 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജിവെച്ചത്.












Click it and Unblock the Notifications