പണനയം പ്രഖ്യാപിച്ച് ആർബിഐ: ആശ്വാസം, പലിശ നിരക്കുകള്‍ മാറ്റില്ല; റിപ്പോ 6.5 ശതമാനമായി തുടരും
മുംബൈ: പലിശ നിരക്കില്‍ മാറ്റം വരുത്താതെ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരുമെന്ന് ആർബിഐ ഗവർണ്ണർ ശക്തികാന്ത ദാസ് വാർത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. റിസർവ്വ് ബാങ്കിന്റെ മോണിറ്ററി പോളിസി യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. 2023-24 സാമ്പത്തിക വർഷത്തെ യോഗം കഴിഞ്ഞ മൂന്ന് ദിവസമായി ആർബിഐ ആസ്ഥാനത്ത് നടന്ന് വരികയായിരുന്നു.

പലിശ നിരക്ക് ഇത്തവണയും വർധിപ്പിച്ചേക്കില്ലെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. നിലവിൽ 6.5 ശതമാനമാണ് രാജ്യത്തെ റിപ്പോ നിരക്ക്. അടുത്ത യോഗം വരെ ഈ നിരക്ക് തുടരും. പണപ്പെരുപ്പമുണ്ടെങ്കിലും അത് റിസർവ് ബാങ്കിന്റെ സഹനപരിധിക്കുള്ളിൽ നിർത്താൻ കഴിഞ്ഞതാണ് സാഹചര്യങ്ങള്‍ അനുകൂലമാക്കിയത്.
ആർബിആയുടെ മോണിറ്ററി പോളിസി കമ്മിറ്റി രൂപീകൃതമായതിനു ശേഷമുള്ള 43-ാമത്തെ യോഗമാണ് ഇത്തവണ നടന്നത്. ഏപ്രിലില്‍ നടന്ന 42-ാമത്തെ യോഗത്തിലും ആർബിഐ പലിശ നിരക്ക് വർധിപ്പിച്ചിരുന്നില്ല. ഇതിന് മുമ്പ് 2022 മേയ് മാസത്തില്‍ നടന്ന യോഗത്തിലാണ് കേന്ദ്ര ബാങ്ക് റിപ്പോ നിരക്ക് ഉയർത്തിയത്. 250 ബേസിസ് പോയിന്റ് അഥവാ 0.25% വർധനവ് അന്ന് നിരക്കുകളില്‍ പ്രഖ്യാപിച്ചു. ആർബിഐ ഗവർണ്ണർ ശക്തികാന്ത ദാസ് അധ്യക്ഷനായ ആറംഗ സമിതിയാണ് പലിശ നിരക്ക് സംബന്ധിച്ച നയ തീരുമാനമെടുക്കുന്നത്.
രാജ്യത്തെ ബാങ്കുകൾക്ക് വായ്പ നൽകുമ്പോൾ റിസർവ് ബാങ്ക് ഈടാക്കുന്ന പലിശ നിരക്കുകളാണ് റിപ്പോ നിരക്കുകൾ. നിരക്കുകളില്‍ മാറ്റം വരുത്താന്‍ രാജ്യത്തെ പണപ്പെരുപ്പമാണ് ആര്‍ബിഐ പ്രാഥമികമായി പരിഗണിക്കുന്ന ഘടകം. ഏപ്രിലിലെ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 4.7 ശതമാനമായി കുറഞ്ഞിരുന്നു. ഇത് ആര്‍ബിഐയുടെ സഹന പരിധിക്കുള്ളിലാണ്. ഇതോടെയാണ് നിലവിലെ നിരക്കില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് ആർബിഐ എത്തിയത്.
പണപ്പെരുപ്പം കുറഞ്ഞ നിരക്കിലായതിനോടൊപ്പം തന്നെ രാജ്യത്തെ നാലാം പാദത്തിലെ ജിഡിപി വളര്‍ച്ചയും കണക്കിലെടുത്താണ് റിപ്പോ നിരക്ക് വര്‍ധനവില്‍ തല്‍സ്ഥിതി തുടരാനുള്ള തീരുമാനം. അതോടൊപ്പം വരും നാളുകളില്‍ പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതയുണ്ടെന്നും ചില റിപ്പോർട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. 2024 ഫെബ്രുവരിയിലെ യോഗത്തില്‍ റിപ്പോ നിരക്ക് കുറച്ചേക്കുമെന്നാണ് പ്രതീക്ഷ. ആര്‍ബിഐ പലിശ നിരക്ക് കുറയ്ക്കുമ്പോള്‍ ബാങ്കുകളും പലിശ നിരക്കില്‍ ഇളവ് വരുത്തുമെന്നത് ആശ്വാസമാണ്.












Click it and Unblock the Notifications