'നരേന്ദ്ര മോദിയുമായി പൊതു വിഷയങ്ങളിൽ സംവാദത്തിന് തയ്യാർ, പക്ഷേ..'; സംശയം പ്രകടിപ്പിച്ച് രാഹുൽ ഗാന്ധി
ന്യൂഡൽഹി: പൊതു വിഷയങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംവാദത്തിന് തയ്യാറാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എന്നാൽ ഇങ്ങനെയൊരു പരിപാടിയിൽ പങ്കെടുക്കാനുള്ള മോദിയുടെ സന്നദ്ധതയെ അദ്ദേഹം ചോദ്യം ചെയ്‌തു. ഇരുവരും തമ്മിൽ പരസ്യ സംവാദം നടത്തണമെന്ന മുതിർന്ന മാധ്യമപ്രവർത്തകന്റെയും രണ്ട് മുൻ ജഡ്‌ജിമാരുടെയും അഭ്യർത്ഥനയോട് പ്രതികരിക്കുകയായിരുന്നു രാഹുൽ.
ലഖ്‌നൗവിൽ 'രാഷ്ട്രീയ സംവിധാൻ സമ്മേളനം' എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. ഇരുവരും ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു പൊതു സംവാദത്തിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ട് ഒരു മുതിർന്ന മാധ്യമപ്രവർത്തകനും രണ്ട് മുൻ ജഡ്‌ജിമാരും എഴുതിയ കത്ത് സംബന്ധിച്ച ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'ഞാൻ ഏത് പ്ലാറ്റ്‌ഫോമിൽ വച്ചുള്ള സംവാദത്തിനും തയ്യാറാണ്. എന്നാൽ അദ്ദേഹം അതിന് തയ്യാറാവില്ല എന്നെനിക്ക് ഉറപ്പുണ്ട്, എനിക്ക് നന്നായറിയാം' എന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. 'ദി ഹിന്ദു' പത്രത്തിന്റെ മുൻ എഡിറ്റർ എൻ റാം, സുപ്രീം കോടതി മുൻ ജഡ്‌ജി മദൻ ലോകൂർ, മുൻ ഡൽഹി ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് എപി ഷാ എന്നിവരാണ് ഈ ആവശ്യം ഉന്നയിച്ചത്.
ആരോപണങ്ങളും, വെല്ലുവിളികളും മാത്രമാണ് ഇരു വശത്ത് നിന്നും ഉയരുന്നതെന്നാണ് ഇവർ കത്തിൽ ചൂണ്ടിക്കാണിക്കുന്നത്. വ്യാജ വാർത്തകളും തെറ്റായ വിവരങ്ങളും ഒഴുകുന്ന ഈ കാലഘട്ടത്തിൽ ഇത്തരം സംവാദങ്ങൾ ശരിയായ രീതിയിലുള്ള വോട്ടർമാരെ വാർത്തെടുക്കാൻ സഹായിക്കുമെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു.
കൂടാതെ ഇരുവർക്കും സംവാദത്തിൽ പങ്കെടുക്കാൻ കഴിയില്ലെങ്കിൽ അതിനൊരു പ്രതിനിധിയെ ഏർപ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടു. അതിനിടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഹുൽ ഗാന്ധിയും മോദിയും തമ്മിലുള്ള വാഗ്വാദം കനക്കുകയാണ്. സംവരണ വിഷയവുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ ദിവസങ്ങളിൽ ഇരുവരും ഏറ്റുമുട്ടിയത്.
ഏറ്റവും ഒടുവിൽ ഇന്ന് രൂക്ഷമായ ഭാഷയിലാണ് രാഹുൽ ഗാന്ധി പ്രതികരിച്ചത്. നരേന്ദ്ര മോദി ഇനി ഒരിക്കൽ കൂടി പ്രധാനമന്ത്രിയാകില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഇനിയും ബിജെപി അധികാരത്തിൽ വന്നാൽ അവർ ഭരണഘടന ഇല്ലാതാക്കുമെന്നും അദ്ദേഹം ആരോപിച്ചു. കൂടാതെ യുപിയിൽ ഇന്ത്യ സഖ്യത്തിന്റെ കൊടുങ്കാറ്റ് വീശിയെന്നും ബിജെപിക്ക് വൻ തോൽവി വഴങ്ങേണ്ടി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.












Click it and Unblock the Notifications