രാഹുലിന്‍റെ നിലപാടില്‍ പൊട്ടിത്തെറിച്ച് ആസാദ്; ബിജെപി ബന്ധം തോന്നിയെങ്കില്‍ രാജിവെക്കാന്‍ തയ്യാര്‍
ദില്ലി: ഐഐസിസി ആസ്ഥാനത്ത് ചേരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ പൊട്ടിത്തെറി. പാര്‍ട്ടിക്ക് സ്ഥിരം അധ്യക്ഷന്‍ വേണമെന്ന് ആവശ്യപ്പെട്ട് ഗുലാംനബി ആസാദ്, ശശി തരൂര്‍ തുടങ്ങിയ 23 നേതാക്കള്‍ അയച്ച കത്തിനെതിരെ രൂക്ഷമായ വിമര്‍ശനാണ് രാഹുല്‍ഗാന്ധി യോഗത്തില്‍ നടത്തിയത്. ഇതിനെ പ്രതിരോധിച്ച് മറുപക്ഷവും രംഗത്ത് എത്തിയതോടെ പ്രവര്‍ത്തക സമിതി യോഗം രൂക്ഷമായ വാദ-പ്രതിവാദങ്ങള്‍ക്ക് വേദിയായി. കത്തെഴുതിയവര്‍ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് മുന്‍ അധ്യക്ഷന്‍ കൂടിയായ രാഹുല്‍ ഗാന്ധി വിമര്‍ശനം ഉന്നയിച്ചത്. ഇതിനെ പ്രതിരോധിച്ച് കൊണ്ടാണ് മുതിര്‍ന്ന നേതാക്കളായ ഗുലാം നബി ആസാദ്, കപില്‍ സിബല്‍ എന്നിവര്‍ രംഗത്തെത്തിയത്.

സാഹചര്യം എന്തായിരുന്നു
നേതൃമാറ്റം ആവശ്യപ്പെട്ട് നേതാക്കള്‍ സംയുക്ത കത്തെഴുതേണ്ട സാഹചര്യം എന്തായിരുന്നുവെന്നായിരുന്നു രാഹുല്‍ ഗാന്ധി യോഗത്തില്‍ ചോദിച്ചത്. സോണിയ ഗാന്ധിക്ക് അസുഖമായിരുന്ന സമയത്ത് ഇത്തരമൊരു കത്ത് നല്‍കിയത് ഉടിതമായില്ലെന്നും കത്തെഴുതിയവര്‍ സഹായിച്ചത് ബിജെപിയെ ആണെന്നും രാഹുല്‍ ഗാന്ധി തുറന്നടിച്ചു. രാഹുലിന്‍റെ ഈ പ്രസ്താവനയാണ് യോഗത്തില്‍ പൊട്ടിത്തെറിക്ക് ഇടയാക്കിയത്.

രാജിവെക്കാന്‍ തയ്യാറാണ്
ഇതോടെയാണ് രാഹുലിന്‍റെ പ്രസ്തവാനയ്ക്കെതിരെ ഗുലാംനബി ആസാദും കപില്‍ സിബലും രംഗത്തെത്തിയത്. ബി.ജെ.പിയുമായി സഖ്യം ചേര്‍ന്നാണ് ഇത്തരമൊരു കത്തയച്ചതെന്ന് ആര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കില്‍, അല്ലെങ്കില്‍ ആരെങ്കിലും അത്തരത്തില്‍ കണ്ടെത്തിയാല്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കാന്‍ തയ്യാറാണ് എന്നായിരുന്നു ഗുലാം നബി ആസാദിന്‍റെ മറുപടി.

കത്ത് അയച്ചത്
'സോണിയ ഗാന്ധിക്ക് അയച്ച കത്ത് ബിജെപിക്ക് സഹായകരമായെന്ന് ആര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കില്‍, അല്ലെങ്കില്‍ ബിജെപിയുടെ നിര്‍ദേശത്തോടെയാണ് ഇത്തരമൊരു കത്ത് അയച്ചതെന്ന തോന്നല്‍ ആരിലെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച് പുറത്തുപോകുന്നതില്‍ മടിയില്ല'-ഗുലാംനബി ആസാദ് പറഞ്ഞു

കപില്‍ സിബലും
രാഹുല്‍ ഗാന്ധിക്കെതിരെ ട്വിറ്ററിലൂടെയായിരുന്നു കപില്‍ സിബലിന്‍റെ വിമര്‍ശനം. കോണ്‍ഗ്രസ് പാര്‍ട്ടിയെ പ്രതിരോധിച്ച് രാജസ്ഥാന്‍ ഹൈക്കോടതിയില്‍ വിജയിച്ചു ... മണിപ്പൂരില്‍ പാര്‍ട്ടിയെ പ്രതിരോധിച്ചു ... എന്നിട്ടും ഞങ്ങള്‍ ബി.ജെ.പിയുമായി സഖ്യത്തിലേര്‍പ്പെടുകയാണ്, അല്ലേ എന്നായിരുന്നു ട്വിറ്ററിലൂടെയുള്ള കപില്‍ സിബലിന്‍റെ പ്രതികരണം.

കഴിഞ്ഞ 30 വര്‍ഷത്തിനിടെ
കഴിഞ്ഞ 30 വര്‍ഷത്തിനിടെ ഒരു വിഷയത്തിലും ബി.ജെ.പിയെ അനുകൂലിച്ച് ഒരു പ്രസ്താവനയും നടത്തിയിട്ടില്ല. എന്നിട്ടും ഞങ്ങള്‍ ബി.ജെ.പിയുമായി സഖ്യത്തിലാണല്ലേയെന്നും കപില്‍ സിബല്‍ വിമര്‍ശനാത്മകായി ചോദിച്ചു. നേതൃമാറ്റം ആവശ്യപ്പെട്ട് കത്തയച്ചവര്‍ക്ക് ബിജെപിയുമായി സഖ്യമുണ്ടാകാമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എകെ ആന്‍റണി
അതേസമയം, കത്ത് എഴുതിയവര്‍ക്കെതിരായ നിലപാടാണ് പ്രവര്‍ത്തക സമതി യോഗത്തില്‍ മുതിര്‍ന്ന നേതാവായ എകെ ആന്‍റണിയും സ്വീകരിച്ചത്. ഹൈക്കാന്‍ഡിനെ ദുര്‍ബലപ്പെടുത്തുന്നത് പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്നതിന് തുല്യമാണെന്നും തന്‍റെ സഹപ്രവര്‍ത്തകര്‍ക്ക് എങ്ങനെ അത്തരമൊരു കത്ത് എഴുതാന്‍ കഴിഞ്ഞെന്നുമാണ് ഞാന്‍ ആലോചിക്കുന്നതെന്നും എകെ ആന്‍റണി ചോദിച്ചു.

23 പേര്‍
കോണ്‍ഗ്രസില്‍ അടിമുടി മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രിമാരും എംപിമാരും ഉള്‍പ്പടേയുള്ള 23 മുതിര്‍ന്ന നേതാക്കളായിരുന്നു താല്‍ക്കാലിക അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചത്. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, ശശി തരൂര്‍, പിജെ കൂര്യന്‍, മുകുള്‍ വാസ്നിക് തുടങ്ങിയ നേതാക്കളും കത്ത് അയച്ചവരില്‍ പെടുന്നു. ഇതോടെയാണ് പാര്‍ട്ടി ഇരുധ്രുവങ്ങളിലായി നിന്നുള്ള വാദപ്രതിവാദങ്ങള്‍ക്ക് ചൂടുപിടിച്ചത്.

സ്ഥിരം നേതൃത്വം
കോണ്‍ഗ്രസിന് ഒരു സ്ഥിരം നേതൃത്വം ആവശ്യമാണെന്നും ഇക്കാര്യം ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തയച്ചിട്ടുണ്ടെന്നും പിജെ കൂര്യന്‍ കഴിഞ്ഞ ദിവസം കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും ഏകോപിപ്പിച്ചു കൊണ്ടു പോകണം. അതിനാല്‍ സോണിയ ഗാന്ധി അധ്യക്ഷ പദവി ഒഴിയുമ്പോള്‍ രാഹുല്‍ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാവണം. അതിന് ഇരുവരും തയ്യാറല്ലെങ്കില്‍ ഗാന്ധി കുടുംബത്തിന് പുറത്തുള്ളവര്‍ രംഗത്ത് വരണമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തേയും കത്ത്
അതേസമയം, കോണ്‍ഗ്രസ് നേതൃ മാറ്റം ആവശ്യപ്പെട്ടുകൊണ്ടുള്ള ആദ്യ കത്തല്ല കഴിഞ്ഞ ദിവസത്തേതെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പുതിയ കത്തയച്ച 23 നേതാക്കളില്‍ പെട്ട ഒരു നേതാവ് നേതൃമാറ്റം ആവശ്യപ്പെട്ട് നേരത്തെ രണ്ട് തവണ സോണിയ ഗാന്ധിക്ക് അയച്ചെന്നാണ് റിപ്പോര്‍ട്ട്. ലോക് ഡൗണ്‍സമയത്തു തന്നെ ഈ നേതാവ് കത്തയച്ചതായാണ് പറയുന്നത്. എന്നാല്‍ ആ രണ്ട് കത്തിന്
സോണിയയുടെ ഭാഗത്തു നിന്ന് പ്രതികരണമൊന്നും ഉണ്ടായില്ലെന്നും റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നു.
ജോസഫിന്‍റെ വിപ്പിന് പുല്ലുവില; യുഡിഎഫിന് വോട്ട് ചെയ്യാതെ ജോസ് വിഭാഗം, ഇടതുപാളയത്തില്‍ ചിരി