ചെങ്കോട്ട ആക്രമണം ചാവേര്‍ ആക്രമണമെന്ന് ഡല്‍ഹി പൊലീസ്; ഡോ. ഉമറിനെ കേന്ദ്രീകരിച്ച് അന്വേഷണം
ഡല്‍ഹിയില്‍ ഇന്നലെ സായാഹ്നത്തില്‍ ഉണ്ടായ തീവ്ര സ്‌ഫോടനത്തിന്റെ നടുക്കത്തിലാണ് രാജ്യം. പുല്‍വാമയെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ ജീവന്‍ നഷ്ടമായവരുടെ വേദനയില്‍ നീറുകയാണ് ജനങ്ങള്‍. ഇപ്പോള്‍ പുറത്തുവരുന്ന ഓരോ വിവരങ്ങളും വലിയ ആശങ്ക സൃഷ്ടിക്കുന്നതാണ്. ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഒന്നാം നമ്പര്‍ ഗേറ്റിനു സമീപം പൊട്ടിത്തെറിച്ച ഹ്യുണ്ടായി ഐ20 കാര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
സ്‌ഫോടനം കരുതിക്കൂട്ടിയുള്ളതാണെന്ന് ഉന്നത ഇന്റലിജന്‍സ് വൃത്തങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അന്വേഷണം എന്‍ഐഎ ഏറ്റെടുത്തിരിക്കുകയാണ്. ചാവേര്‍ ആക്രമണ സാധ്യത ഡല്‍ഹി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കാറോടിച്ചത് ഫരീദാബാദ് ഭീകര സംഘത്തില്‍ ഉള്‍പ്പെട്ട ഡോക്ടര്‍ ഉമര്‍ മുഹമ്മദ് എന്ന ആളാണോ എന്ന സംശയം ദൂരീകരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. കാറില്‍ നിന്ന് കണ്ടെത്തിയ കത്തിക്കരിഞ്ഞ മൃതദേഹത്തിന്റെ ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

സ്‌ഫോടനം നടത്തിയ വെള്ള ഐ20 കാറിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മൂന്നു മണിക്കൂറോളം ഈ വാഹനം ചെങ്കോട്ടയ്ക്ക് അടുത്തുള്ള പാര്‍ക്കിംഗ് സ്ഥലത്ത് ഉണ്ടായിരുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതുവരെ സംഭവത്തില്‍ 13 പേരെ ചോദ്യം ചെയ്തിട്ടുണ്ട്.
രാജ്യം നടുങ്ങിയ സ്‌ഫോടനത്തില്‍ എട്ടു പേരാണ് മരിച്ചത്. മുപ്പതോളം പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരില്‍ ആറു പേരുടെ നില അതീവ ഗുരുതരമാണ്. ഡോ. ഉമര്‍ മുഹമ്മദ് എന്ന ആളിലേക്ക് തന്നെയാണ് അന്വേഷണം കേന്ദ്രീകരിക്കുന്നത്. സ്‌ഫോടനത്തിന് ഉപയോഗിച്ച കാര്‍ വാങ്ങിയിട്ടുള്ളത് പുല്‍വാമ സ്വദേശിയായ താരിഖാണ്. ഇയാളെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഫരീദാബാദ് ആസ്ഥാനമായുള്ള ഭീകര സംഘത്തിലെ പ്രധാന കണ്ണിയാണ് താരിഖ് എന്നാണ് സംശയിക്കുന്നത്. സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നു സംശയിക്കുന്ന ഫരീദാബാദ് ഭീകര ഘടകത്തിലെ അംഗമാണ് ഡോക്ടര്‍ ഉമര്‍ മുഹമ്മദ് എന്നാണ് നിഗമനം.
സ്‌ഫോടനത്തില്‍ തകര്‍ന്ന കാറില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം ഇയാളുടേതാണോ എന്ന് സ്ഥിരീകരിക്കുന്നതിനായി ഡിഎന്‍എ പരിശോധന നടത്തുന്നുണ്ട്. ചെങ്കോട്ടയ്ക്ക് സമീപമുള്ള തിരക്കേറിയ ചാന്ദിനി ചൗക് മാര്‍ക്കറ്റ് ആയിരുന്നു ഇവരുടെ ലക്ഷ്യം എന്നാണ് പുറത്തുവരുന്ന സൂചനകള്‍.
സ്‌ഫോടനത്തിന് ഉപയോഗിച്ച കാര്‍ പല കൈകളിലൂടെ മറഞ്ഞ ശേഷമാണ് ഭീകരസംഘടനയുമായി ബന്ധമുള്ള താരിഖിന് ലഭിക്കുന്നത്. തുടര്‍ന്നാണ് ഇത് ഡോക്ടര്‍ ഉമറിന് ലഭിക്കുന്നത്. കാര്‍ ആദ്യം മുഹമ്മദ് സല്‍മാന്‍ എന്നയാളുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. തുടര്‍ന്ന് അത് നദീം എന്നയാള്‍ക്ക് വിറ്റു തുടര്‍ന്ന് അദ്ദേഹം ഫരീദാബാദിലെ ഒരു കാര്‍ ഡീലര്‍ഷിപ്പിന് കൈമാറി. തുടര്‍ന്നാണ് താരിക്കിന്റെ കൈയിലും പിന്നീട് ഉമറിന്റെ കൈയിലും ലഭിച്ചത്. മാസങ്ങളായി ഡോക്ടര്‍ ഉമര്‍ ഒളിവില്‍ ആയിരുന്നു. കാറിന്റെ ഏറ്റവും ഒടുവിലത്തെ ഉടമ ആരാണെന്ന് മനസിലാകാതിരിക്കാനാണ് ഇത്രയും ഇടപാടുകള്‍ നടത്തിയത് എന്ന് സംശയമുണ്ട്.
നിരോധിത ഭീകര സംഘടനകളുമായി ബന്ധമുള്ള അന്തര്‍ സംസ്ഥാന ഭീകര ശൃംഖലയില്‍ ഉള്‍പ്പെട്ട എട്ടു പേര്‍ പേര്‍ ഇന്നലെ സ്‌ഫോടക വസ്തുക്കളുമായി അറസ്റ്റിലായിരുന്നു. ഈ സംഭവത്തിന് മണിക്കൂറുകള്‍ക്കു ശേഷമാണ് ചെങ്കോട്ടയിലെ സ്‌ഫോടനം നടന്നത്. പിടിയിലായവരില്‍ മെഡിക്കല്‍ ഡോക്ടര്‍മാരും ഉണ്ട്. ഉന്നത വിദ്യാഭ്യാസ നേടിയവര്‍, ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ഭീകര സംഘടനകളുടെ ആശയങ്ങളില്‍ ആകൃഷ്ടരായി ഇത്തരം ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതായുള്ള വിവരങ്ങള്‍ അന്വേഷണ സംഘങ്ങള്‍ക്കു ലഭിക്കുന്നുണ്ട്. ഭീകര സംഘടനയില്‍ ഉള്‍പ്പെട്ടവര്‍ക്കായി കാശ്മീരില്‍ വ്യാപകമായ തിരച്ചിലാണ് നടക്കുന്നത്.












Click it and Unblock the Notifications