രാജീവ് ഗാന്ധി വധം; എല്ലാ തടവുകാരെയും വിട്ടയക്കണമെന്ന് എംകെ സ്റ്റാലിന്‍, രാഷ്ട്രപതിക്ക് കത്ത്
ചെന്നൈ: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന ഏഴ് പ്രതികളെയും വിട്ടയക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ചു. 2018ല്‍ തമിഴ്‌നാട് സര്‍ക്കാര്‍ തടവുകാരെ മോചിപ്പിക്കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ഗവര്‍ണര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തില്ല. രാഷ്ട്രപതിക്ക് കൈമാറുകയാണ് ചെയ്തത്. രാഷ്ട്രപതി ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി സ്റ്റാലിന്‍ കത്തയച്ചിരിക്കുന്നത്.

എസ് നളിനി, മുരുകന്‍, സന്താന്‍, പേരറിവാളന്‍, ജയകുമാര്‍, റോബര്‍ട്ട് പയസ്, പി രവിചന്ദ്രന്‍ എന്നിവരാണ് ശിക്ഷ അനുഭവിക്കുന്ന പ്രതികള്‍. മൂന്ന് പതിറ്റാണ്ടായി ശിക്ഷ അനുഭവിക്കുന്ന പ്രതികള്‍ പറഞ്ഞറിയിക്കാവുന്നതിലും അപ്പുറം സഹിച്ചിട്ടുണ്ട്. വലിയ വിലയാണ് അവര്‍ നല്‍കിയത്. ഇനിയും തടവിലിടരുത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ശുപാര്‍ശ സമര്‍പ്പിച്ചിട്ട് ഏറെ കാലമായി. നിലവിലെ കൊറോണ പശ്ചാത്തലത്തില്‍ തടവുകാരുടെ എണ്ണം കുറയ്ക്കാന്‍ കോടതി നിര്‍ദേശിച്ചിരിക്കുകയാണെന്നും സ്റ്റാലിന്‍ കത്തില്‍ ചൂണ്ടിക്കാട്ടി.
കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിയാണ് നളിനി. ശിക്ഷ കുറച്ച് പിന്നീട് ജീവപര്യന്തമാക്കി. 2000ത്തില്‍ ഡിഎംകെ അധികാരത്തിലുള്ളപ്പോഴാണ് ശിക്ഷ കുറച്ചത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മറ്റു രണ്ടു പ്രതികളായ മുരുകന്‍, സന്താന്‍ എന്നിവരുടെ ശിക്ഷ 2014ല്‍ സുപ്രീംകോടതി ജീവപര്യന്തമാക്കി കുറച്ചിരുന്നു. തമിഴ്‌നാട്ടിലെ മിക്ക രാഷ്ട്രീയ പാര്‍ട്ടികളും പ്രതികളെ മോചിപ്പിക്കണം എന്ന് അഭിപ്രായമുള്ളവരാണെന്നും സ്റ്റാലിന്‍ പറഞ്ഞു.
അതേസമയം, പേരറിവാളന് സര്‍ക്കാര്‍ പരോള്‍ അനുവദിച്ചു. 30 ദിവസത്തേക്കാണ് പരോള്‍ നല്‍കിയത്. എംകെ സ്റ്റാലിന്‍ ബന്ധപ്പെട്ട ഉത്തരവില്‍ ഒപ്പുവച്ചു. ജയില്‍ ചട്ടം അനുസരിച്ചാണ് പരോള്‍ നല്‍കിയിരിക്കുന്നത്. കൊറോണ വ്യാപനത്തിന്റെ ഘട്ടത്തില്‍ മകന്റെ ആരോഗ്യകാര്യത്തില്‍ ആശങ്കയുണ്ടെന്നും മോചനം അനുവദിക്കണമെന്നും പേരറിവാളന്റെ അമ്മ അര്‍പ്പുത അമ്മാള്‍ മുഖ്യമന്ത്രിക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നു. 1991ലാണ് രാജീവ് ഗാന്ധി തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരിലുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. തമിഴ് പുലികളാണ് ആക്രമണത്തിന് പിന്നിലെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.












Click it and Unblock the Notifications