മമതയും അനന്തരവനും 'പൊരിഞ്ഞ തല്ല്'; ദേശീയ മോഹം നടന്നേക്കില്ല, പികെ മധ്യസ്ഥന്‍
കൊല്‍ക്കത്ത: നരേന്ദ്ര മോദിക്കെതിരെ ദേശീയ തലത്തില്‍ ബദലാകാന്‍ ശ്രമിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയ്ക്ക് കനത്ത തിരിച്ചടിയായി പാളയത്തില്‍ പട. മമത ബാനര്‍ജിയുടെ പിന്‍ഗാമിയായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ കാണുന്ന അനന്തരവന്‍ അഭിഷേക് ബാനര്‍ജിയുടെ ചില പരിഷ്‌കാരങ്ങളാണ് പാര്‍ട്ടിക്കുള്ളില്‍ കലഹത്തിന് ഇടയാക്കിയത്. ഇതിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസിലെ സീനിയര്‍ അംഗങ്ങള്‍ രംഗത്തെത്തി കഴിഞ്ഞു.
ഇന്ന് മമത ബാനര്‍ജി നിര്‍ണമായകമായ യോഗം വിളിച്ചു ചേര്‍ത്തിരിക്കുകയാണ്. അഭിഷേകിന്റെ നടപടികളില്‍ മമതയ്ക്കും അതൃപ്തിയുണ്ട്. കഴിഞ്ഞ ദിവസം അവര്‍ ഇക്കാര്യം പരോക്ഷമായി സൂചിപ്പിക്കുകയും ചെയ്തു. രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ ആണ് ഇരുവര്‍ക്കുമിടയില്‍ മധ്യസ്ഥത വഹിക്കുന്നത്. അറിയാം കൂടുതല്‍ വിവരങ്ങള്‍...

ദേശീയതലത്തില്‍ മോദിക്ക് ബദലാകാനുള്ള ശ്രമത്തിലാണ് മമത ബാനര്‍ജി. പ്രതിപക്ഷ നിരയില്‍ ഐക്യം കൊണ്ടുവന്ന് ബിജെപിയെ ചെറുക്കാന്‍ സാധിക്കുമെന്ന് മമത കരുതുന്നു. എന്നാല്‍ കോണ്‍ഗ്രസിനെ കൂടെ ചേര്‍ക്കാന്‍ അവര്‍ മുന്‍കൈ എടുക്കുന്നുമില്ല. മമതയുടെ ദേശീയ മോഹങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് പ്രശാന്ത് കിഷോറിന്റെ ഐ-പാക് ഏജന്‍സിയാണ്.

ദേശീയ മോഹങ്ങളുമായി നീങ്ങുന്ന മമത ബംഗാളിന് പുറത്ത് സജീവമാക്കാന്‍ ശ്രമിക്കുന്നുണ്ട്. ഗോവ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യമായി തൃണമൂല്‍ കോണ്‍ഗ്രസ് മല്‍സരിക്കുകയാണ്. കൂടാതെ ത്രിപുരയിലും പാര്‍ട്ടി ശക്തമാകുന്നുണ്ട്. പ്രതിപക്ഷ നേതാക്കളെ അടുത്തിടെ ഡല്‍ഹിയിലും മുംബൈയിലും വച്ച് മമത കാണുകയും ചെയ്തു. യുപിയില്‍ എസ്പിക്ക് വേണ്ടിയുള്ള പ്രചാരണത്തില്‍ മമത പങ്കെടുത്തിരുന്നു.

അതിനിടെയാണ് മമതയുടെ മോഹങ്ങള്‍ക്ക് തിരിച്ചടിയായി തൃണമൂല്‍ കോണ്‍ഗ്രസില്‍ ഉള്‍പ്പോര് തുടങ്ങിയിരിക്കുന്നത്. അനന്തരവന്‍ അഭിഷേക് ബാനര്‍ജിയുടെ പരിഷ്‌കാങ്ങള്‍ മുതിര്‍ന്ന അംഗങ്ങള്‍ക്ക് പിടിക്കുന്നില്ല. മുതിര്‍ന്ന നേതാക്കളെ അദ്ദേഹം ഗൗനിക്കുന്നില്ല എന്ന ആക്ഷേപം നിലനില്‍ക്കവെയാണ് പുതിയ പരിഷ്‌കാരങ്ങള്‍. ഇതിനെതിരെ അവര്‍ മമതയോട് പരാതി പറഞ്ഞു. മമത വിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്ന് യോഗം വിളിച്ചിരിക്കുകയാണ്.

ഒരാള്‍ക്ക് ഒരു പദവി മതി എന്നാണ് അഭിഷേക് ബാനര്‍ജിയുടെ നിലപാട്. മുതിര്‍ന്ന അംഗങ്ങള്‍ ഒട്ടേറെ പദവികള്‍ വഹിക്കുന്നുണ്ട്. ഒരാള്‍ക്ക് ഒരു പദവി എന്ന തീരുമാനം വന്നാല്‍ മുതിര്‍ന്ന അംഗങ്ങള്‍ക്ക് പല പദവികളും ഒഴിയേണ്ടിവരും. അതാണ് അവര്‍ കലഹമുണ്ടാക്കാന്‍ കാരണം. എന്നാല്‍ അഭിഷേക് ബാനര്‍ജിയെ പിന്തുണയ്ക്കുന്നവര്‍ പറയുന്ന കാര്യങ്ങള്‍ മറ്റൊന്നാണ്.

തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് യുവാക്കള്‍ ഏറെ ആകര്‍ഷിക്കപ്പെടുന്നുണ്ട്. അഭിഷേക് ബാനര്‍ജിയുടെ സാന്നിധ്യമാണ് അവരെ പാര്‍ട്ടിയുമായി അടുപ്പിക്കുന്നത്. യുവാക്കള്‍ക്ക് പാര്‍ട്ടിയില്‍ പദവികള്‍ നല്‍കണമെന്ന ആവശ്യം ശക്തമാണ്. സീനിയര്‍ അംഗങ്ങള്‍ കൂടുതല്‍ പദവികള്‍ വഹിക്കുന്നതാണ് വെല്ലുവിളി. ഈ സാഹചര്യത്തിലാണ് ഒരാള്‍ക്ക് ഒരു പദവി എന്ന നയവുമായി അഭിഷേക് ബാനര്‍ജി രംഗത്തുവന്നിരിക്കുന്നത്.

മമത ബാനര്‍ജിക്കും അഭിഷേക് ബാനര്‍ജിക്കുമിടയിലെ ഭിന്നത പരിഹരിക്കാന്‍ പ്രശാന്ത് കിഷോര്‍ ആണ് ഇടപെടുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം തൃണമൂല്‍ കോണ്‍ഗ്രസിന് വേണ്ടിയുള്ള പ്രവര്‍ത്തനത്തിലാണ് പ്രശാന്ത് കിഷോറിന്റെ ഐ-പാക്. പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിച്ചാല്‍ മാത്രമേ വലിയ ലക്ഷ്യങ്ങളിലേക്ക് കടക്കാന്‍ പറ്റൂ എന്ന് പ്രശാന്ത് കിഷോര്‍ ഉപദേശിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.
Recommended Video

കഴിഞ്ഞ ദിവസം മമത ബനാര്‍ജി ഉത്തര്‍ പ്രദേശില്‍ എസ്പിയുടെ പ്രചാരണത്തില്‍ പങ്കെടുക്കാന്‍ പോയിരുന്നു. ഈ വേളയില്‍ മറ്റു സംസ്ഥാനങ്ങളിലും പോകുമോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു. അത് മറ്റുചിലര്‍ ചെയ്യുന്നുണ്ടല്ലോ എന്നായിരുന്നു മമതയുടെ മറുപടി. അഭിഷേക് ബാനര്‍ജിയെ ഉദ്ദേശിച്ചാണ് മമത മറ്റുചിലര്‍ എന്ന് പറഞ്ഞത്. ഗോവയിലെ പ്രചാരണത്തിന് മുന്നില്‍ നില്‍ക്കുന്നത് അഭിഷേകും മഹുവ മൊയ്ത്രയുമാണ്.












Click it and Unblock the Notifications