ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തില്‍ വിള്ളല്‍; സീറ്റ് വിഭജന യോഗത്തിനിടെ പുറത്താക്കിയെന്ന് കോണ്‍ഗ്രസ് എംപി
ചെന്നൈ: തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ്- ഡി എം കെ സഖ്യത്തില്‍ വിള്ളല്‍. തമിഴ്‌നാട് തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് വിഭജന ചര്‍ച്ചകള്‍ വഴി മുട്ടിയതായാണ് വിവരം. തിങ്കളാഴ്ച കരൂരിലെ ഡി എം കെ ജില്ലാ ഓഫീസില്‍ തമിഴ്നാട് വൈദ്യുതി മന്ത്രി വി സെന്തില്‍ ബാലാജിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വാര്‍ഡ് വിഭജനം ചര്‍ച്ച ചെയ്യാന്‍ വിളിച്ചതായിരുന്നു യോഗം. കോണ്‍ഗ്രസ് എം പി ജോതിമണിയും യോഗത്തില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ യോഗത്തിനിടെ ജോതിമണിയെ ഇറക്കി വിട്ടുവെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
ഒരു ഡി എം കെ പ്രവര്‍ത്തകന്‍ തന്നോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടെന്ന് പറഞ്ഞ് ജോതിമണി ഓഫീസില്‍ നിന്ന് പുറത്തേക്ക് പോകുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. 'എങ്ങനെയാണ് എന്നോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെടുക? നിങ്ങള്‍ അനാദരവോടെയാണ് സംസാരിക്കുന്നത്... ഞാന്‍ നിങ്ങളുടെ വീട്ടില്‍ വിരുന്നിന് വന്നതാണോ?,' പ്രചരിക്കുന്ന വീഡിയോയില്‍ ജോതിമണി പറയുന്നു. വാര്‍ഡ് വിഭജനത്തെ ചൊല്ലി ജോതിമണിയും ഡി എം കെ അംഗങ്ങളും തമ്മില്‍ രൂക്ഷമായ തര്‍ക്കമുണ്ടായതായി ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പറഞ്ഞു.

ചില വാര്‍ഡുകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നല്‍കണമെന്ന് ജോതിമണി പറഞ്ഞപ്പോള്‍ സെന്തില്‍ ബാലാജി വിയോജിച്ചു. ഇതിനെ ചൊല്ലി അവര്‍ തര്‍ക്കിച്ചപ്പോള്‍, ഡി എം കെ അംഗങ്ങള്‍ അപമര്യാദയായി സംസാരിക്കുകയും യോഗത്തില്‍ നിന്ന് പുറത്തുപോകാന്‍ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നെന്നാണ് കോണ്‍ഗ്രസ് പറയുന്നു. ഡി എം കെയുടെ കരൂര്‍ ചുമതലയുള്ള സെന്തില്‍ ബാലാജിയും സ്ഥലം എം പിയായ ജോതിമണിയും തമ്മിലുള്ള ഭിന്നത തുടങ്ങിയിട്ട് നാളേറെയായി. ഇരു പാര്‍ട്ടികളുടെയും നേതൃത്വങ്ങള്‍ ഇടപെട്ടിട്ടും ഇതില്‍ പരിഹാരമായിട്ടില്ല.

കരൂര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ആര്‍ ചിന്നസാമി ഉള്‍പ്പെടെ ഡി എം കെയുടെയും കോണ്‍ഗ്രസിന്റെയും മുതിര്‍ന്ന നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. കോണ്‍ഗ്രസും സി പി ഐ എമ്മും അടക്കമുള്ള സഖ്യകക്ഷികളുമായി ചേര്‍ന്നാണ് ഡി എം കെ തമിഴ്‌നാട്ടില്‍ ഭരിക്കുന്നത്. മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍, മുനിസിപ്പാലിറ്റികള്‍, ടൗണ്‍ പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെ 12,838 സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 21 കോര്‍പറേഷന്‍, 138 മുനിസിപ്പാലിറ്റി, 490 ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലേക്കാണ് തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒറ്റഘട്ടമായി ഫെബ്രുവരി 19 നാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ ഫെബ്രുവരി 22 ന് നടക്കും.

അതേസമയം തദ്ദേശ തിരഞ്ഞെടുപ്പില്‍ എ ഐ സി സിയുടെ സീനിയര്‍ നിരീക്ഷകനായി കേരളത്തിലെ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ കഴിഞ്ഞ ദിവസം നിയമിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെയും പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന്റെയും ചുമതല രമേശ് ചെന്നിത്തലയ്ക്കായിരിക്കും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയാണ് ചെന്നിത്തലയുടെ നിയമനം നടത്തിയത്. സംഘടനാ കാര്യങ്ങളുടെ ചുമതയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ് നിയമനം സംബന്ധിച്ച അറിയിപ്പ് നല്‍കിയിരിക്കുന്നത്.

അതേസമയം സീറ്റ് ചര്‍ച്ച വഴിമുട്ടിയതിനെ തുടര്‍ന്ന് അണ്ണാ ഡി എം കെ എന്‍ ഡി എ സഖ്യത്തിലല്ല മത്സരിക്കുന്നത്. തമിഴ്നാട്ടില്‍ തനിച്ച് മല്‍സരിക്കാനാണ് ബി ജെ പി തീരുമാനം. അണ്ണാ ഡി എം കെയുമായുള്ള സഖ്യം താല്‍ക്കാലികമായി അവസാനിപ്പിച്ചിരിക്കുകയാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പറഞ്ഞു. ദേശീയ നേതൃത്വവുമായി ചര്‍ച്ച ചെയ്ത ശേഷമാണ് തീരുമാനത്തിലെത്തിയതെന്ന് കെ അണ്ണാമലൈ പറഞ്ഞു.












Click it and Unblock the Notifications