ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകന് വദ്രയുടെ ചീത്ത
ദില്ലി: ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകന് നേരെ റോബര്‍ട്ട് വദ്രയുടെ ശകാരവും കയ്യേറ്റശ്രമവും. ദില്ലിയിലെ അശോക ഹോട്ടലില്‍ വച്ചായിരുന്നു സംഭവം.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകനും വിവാദ വ്യവസായിയും ആണ് റോബര്‍ട്ട് വദ്ര. ഹരിയാനയിലെ ഭൂമി ഇടപാടിനെക്കുറിച്ചുള്ള ചോദ്യമാണ് വദ്രയെ പ്രകോപിതനാക്കിയത്.

ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകന്റെ മൈക്ക് വദ്ര തട്ടിമാറ്റി. ക്യാമറ ഓഫാക്കാന്‍ ആക്രോശിച്ചു. പിന്നീട് മറ്റുള്ളവരെത്തി വദ്രയെ മുറിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
'നിങ്ങള്‍ സീരിയസ് ആണോ' എന്ന് മൂന്ന് തവണ ദേഷ്യത്തോടെ ചോദിച്ചു വദ്ര. നിങ്ങള്‍ക്കെന്തിന്റെ പ്രശ്‌നമാണെന്ന് മാധ്യമപ്രവര്‍ത്തകനോട് കയര്‍ത്തു. എഎന്‍ഐയുടെ റിപ്പോര്‍ട്ടറോടാണ് വദ്ര മോശമായി പെരുമാറിയത്. ഇത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കണോ എന്ന കാര്യം നിയമവിദഗ്ധരുമായി ആലോചിച്ച ശേഷം തീരുമാനമെടുക്കുമെന്നാണ് എഎന്‍ഐ അറിയിച്ചിട്ടുള്ളത്.
ഹരിയാനയില്‍ വദ്രക്ക് പങ്കാളിത്തമുള്ള ഡിഎല്‍എഫ് കമ്പനി നടത്തിയ ഭൂമി ഇടപാടുകളും സര്‍ക്കാര്‍ അവര്‍ക്ക് നല്‍കിയ ആനുകൂല്യങ്ങളും ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഹരിയാനയില്‍ കോണ്‍ഗ്രസ് സമ്പൂര്‍ണ പരാജയമാണ് രുചിച്ചത്. തുടര്‍ന്ന് അധികാരത്തിലെത്തിയ ബിജെപി സര്‍ക്കാര്‍ വദ്രക്കെതിരെ സമഗ്ര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
സംഭവം വിവാദമായതോടെ വിശദീകരണവുമായി വദ്രയുടെ ഓഫീസ് രംഗത്തെത്തി. ഒരു സ്വകാര്യ ചടങ്ങായിരുന്നുവെന്നും ചോദ്യം ചോദിച്ച വ്യക്തി മാധ്യമപ്രവര്‍ത്തകനാണോ എന്ന് വദ്രക്ക് അറിയില്ലായിരുന്നു എന്നുമാണ് വിശദീകരണം.
കോണ്‍ഗ്രസ് നേതൃത്വവും വദ്രയെ ന്യായീകരിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഒരു വ്യക്തിയുടെ സ്വകാര്യതയെ മാനിക്കാന്‍ മാധ്യമങ്ങള്‍ തയ്യാറാകണമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.












Click it and Unblock the Notifications