ഗുജറാത്തിലെ രാജ്കോട്ട് വിമാനത്താവളത്തിന്റെ മേൽക്കൂര തകർന്നു വീണു; 3 ദിവസത്തിനിടയിലെ മൂന്നാമത്തെ അപകടം
ഡൽഹി: കനത്ത മഴയെ തുടർന്ന് ഗുജറാത്തിലെ രാജ്കോട്ട് വിമാനത്താവളത്തിന്റെ മേൽക്കൂര തകർന്നുവീണു. യാത്രക്കാരെ വാഹനങ്ങളിൽ എത്തിക്കുകയും തിരികെ കൊണ്ടുപോവുകയും ചെയ്യുന്ന പിക്ക്-അപ് ഏരിയയാണ് തകർന്നത്. അപകട സമയത്ത് എയർപോർട്ട് ജീവനക്കാർ സമീപത്തുണ്ടായിരുന്നുവെങ്കിലും ആർക്കും ആളപായം ഇല്ല.
കഴിഞ്ഞ മൂന്നു ദിവസങ്ങൾക്കുള്ളിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന മൂന്നാമത്തെ അപകടമാണിത്. കഴിഞ്ഞ ദിവസം കനത്ത മഴയിൽ ഡൽഹി വിമാനത്താവളത്തിന്റെ മേൽക്കൂര തകർന്നുവീണ് ഒരാൾ മരിച്ചിരുന്നു. ടെർമിനൽ ഒന്നിന്റെ മേൽക്കൂരയായിരുന്നു തകർന്നത്. സംഭവത്തിൽ 6 പേർക്ക് പരിക്കേറ്റിരുന്നു. അപകടത്തെ തുടർന്ന് സർവ്വീസുകൾ നിർത്തിവെച്ചിരുന്നു.

മധ്യപ്രദേശിലെ ജബൽപൂരിലും വിമാനത്താവളത്തിന്റെ മേൽക്കൂര തകർന്നിരുന്നു. വ്യാഴാഴ്ചയായിരുന്നു അപകടം. അപകടത്തിൽ നിന്നും താലനാരിഴയ്ക്കായിരുന്നു ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ രക്ഷപ്പെട്ടത്. പാർക്ക് ചെയ്തിരുന്ന കാറിന് മുകളിലേക്കാണ് മേൽക്കൂര തകർന്ന് വീണത്. സംഭവത്തിൽ അന്വേഷണം നടത്താൻ പ്രോജക്ട് ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഇത്തരം സംഭവം ആവർത്തിക്കാതിരിക്കാൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും എയർപോർട്ട് ഡയറക്ടർ രാജീവ് രത്‌ന പാണ്ഡെ അറിയിച്ചു.
അതേസമയം ഗുജറാത്തിൽ കനത്ത മഴ തുടരുകയാണ്. അടുത്ത 5 ദിവസം സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ദക്ഷിണ ഗുജറാത്തിൽ ഇന്ന് യെല്ലോ അലർട്ടാണ്.












Click it and Unblock the Notifications