എടിഎമ്മില്‍ നിന്നും 38 ലക്ഷം രൂപ കവര്‍ന്നു
റാഞ്ചി: ജാര്‍ഖണ്ഡിലെ ഹസാരിബാഗ് ജില്ലയിലെ ഒരു എടിഎമ്മില്‍ നിന്നും 38 ലക്ഷംരൂപ തട്ടിയെടുത്തു. കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും സംശയത്തിന്റെ പേരില്‍ രണ്ടുപേരെ കസ്റ്റഡിയിലെടുത്തതായും പോലീസ് അറിയിച്ചു. എടിഎം തകര്‍ത്ത് മോഷണം നടത്തുന്ന പതിവ് രീതികള്‍ വിട്ടായിരുന്നു മോഷ്ടാക്കളുടെ കവര്‍ച്ച.
ഹസാരിബാഗില്‍ ഉള്‍പ്രദേശത്ത് സ്ഥിതിചെയ്യുന്ന തിരക്കുകുറഞ്ഞ എടിഎം ആണ് മോഷ്ടാക്കള്‍ മോഷണത്തിനായി തെരഞ്ഞെടുത്തത്. തുടര്‍ന്ന് എടിഎം തുറക്കാനുപയോഗിക്കുന്ന പാസ്‌വേര്‍ഡ് ഉപയോഗിച്ച് തുറക്കുകയും പണം മോഷ്ടിക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. പാസ്‌വേര്‍ഡ് ഉപയോഗിച്ച് എടിഎം മോഷ്ടിക്കുന്നത് അത്യപൂര്‍വ സംഭവമാണ്.

എടിഎം പാസ്‌വേര്‍ഡ് കണ്ടുപിടിക്കുക അതീവ ബുദ്ധിമുട്ടേറിയ കാര്യമായതിനാല്‍ എടിഎമ്മില്‍ പണം നിക്ഷേപിക്കുന്നവരുടെ സഹായം ലഭിച്ചിട്ടുണ്ടാകുമെന്നാണ് പോലീസ് നല്‍കുന്ന സൂചന. എടിഎം പാസ്‌വേര്‍ഡുകള്‍ കൈക്കലാക്കുന്ന ഐടി വിദഗ്ധരുടെ സഹായം ഇവര്‍ക്ക് ലഭിച്ചുവോ എന്നും പരിശോധിക്കുന്നുണ്ട്.
സിസിടിവിയില്‍ നിന്നും ഇവരുടെ മുഖം വ്യക്തമായി ലഭിക്കാത്തത് അന്വേഷണത്തിന് തടസമാണ്. എടിഎമ്മില്‍ പണം നിക്ഷേപിക്കുന്നവരെ ഒരുവട്ടം ചോദ്യം ചെയ്‌തെങ്കിലും കാര്യമായ വിവരം പോലീസിന് ലഭിച്ചിട്ടില്ല. ജീവനക്കാരുടെ ഫോണ്‍ സംഭാഷണങ്ങളും കോളുകളും മറ്റും സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചുവരികയാണ്. പ്രതികള്‍ ഉടന്‍ വലയിലാകുമെന്ന് പോലീസ് പറഞ്ഞു.












Click it and Unblock the Notifications