ഉക്രെയ്‌നില്‍ റഷ്യയുടെ മാരക വ്യോമാക്രമണം; ഉക്രെയ്‌നെ ലക്ഷ്യമിട്ട് 367 ഡ്രോണുകളും മിസൈലുകളും
കൈവ്: ഉക്രെയ്‌നിന് മേല്‍ മാരകമായ വ്യോമാക്രമണം നടത്തി റഷ്യ. ഒറ്റ രാത്രി കൊണ്ട് റഷ്യന്‍ സൈന്യം ഉക്രേനിയന്‍ നഗരങ്ങളില്‍ 367 ഡ്രോണുകളും മിസൈലുകളും അഴിച്ചുവിട്ടു, യുദ്ധം ആരംഭിച്ചതിന് ശേഷം ഇതുവരെയുള്ള ഏറ്റവും വലിയ വ്യോമാക്രമണമാണിത്. 13 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത് എന്നാണ് വിവരം. ഇതില്‍ ഷൈറ്റോമിറിലെ മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു.
കീവ്, ഖാര്‍കിവ്, മൈക്കോലൈവ്, ടെര്‍നോപില്‍, ഖ്‌മെല്‍നിറ്റ്‌സ്‌കി എന്നിവിടങ്ങളില്‍ ആക്രമണങ്ങള്‍ ഉണ്ടായി. നിരവധി പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റതായാണ് വിവരം. അതേസമയം റഷ്യന്‍ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ ശ്രമിച്ച ഉക്രെയ്‌നിന്റെ വ്യോമസേന 266 ഡ്രോണുകളും 45 മിസൈലുകളും തകര്‍ത്തു. പക്ഷേ നാശനഷ്ടങ്ങള്‍ വ്യാപകമായിരുന്നു. നിരവധി അപ്പാര്‍ട്ട്‌മെന്റ് ബ്ലോക്കുകളും അടിസ്ഥാന സൗകര്യങ്ങളും തകര്‍ന്നതായാണ് വിവരം.

കൈവില്‍ 11 പേര്‍ക്ക് പരിക്കേറ്റു. അതേസമയം ഖ്‌മെല്‍നിറ്റ്‌സ്‌കി നാല് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ച കൈവിനെ ലക്ഷ്യമിട്ട് ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ചുള്ള വലിയ ആക്രമണം റഷ്യ നടത്തിയിരുന്നു. അതേസമയം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണത്തിന് കീഴില്‍ അമേരിക്ക പുലര്‍ത്തുന്ന നിശബ്ദ പ്രതികരണത്തെ ഉക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി വിമര്‍ശിച്ചു.
റഷ്യയ്ക്കെതിരെ ശക്തമായ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തണം എന്ന് സെലെന്‍സ്‌കി ആവശ്യപ്പെട്ടു. റഷ്യയും ഉക്രെയ്നും തമ്മിലുള്ള തടവുകാരുടെ കൈമാറ്റ പദ്ധതിയിലെ മൂന്നാം ദിവസമാണ് ആക്രമണം നടന്നത്, ഈ മാസം ആദ്യം ഇസ്താംബൂളില്‍ നടന്ന സമാധാന ചര്‍ച്ചകളില്‍ നിന്ന് ഇതുവരെ ഒരു വെടിനിര്‍ത്തല്‍ ധാരണയിലെത്താന്‍ ഇരുരാജ്യങ്ങള്‍ക്കും സാധിച്ചിട്ടില്ല. എങ്കിലും തടവുകാര കൈമാറ്റം ചെയ്യാന്‍ ഇരുകൂട്ടരും സമ്മതിച്ചിരുന്നു.
അതിനിടെയാണ് ആക്രമണം. ഞായറാഴ്ച പുലര്‍ച്ചെ 3 മണി വരെ തലസ്ഥാനത്ത് 10 പേര്‍ക്ക് പരിക്കേറ്റതായി കൈവ് മേയര്‍ വിറ്റാലി ക്ലിറ്റ്ഷ്‌കോ പറഞ്ഞു. തൊട്ടുപിന്നാലെ, കൈവ് മേഖലയില്‍ മാത്രം നാല് പേര്‍ കൊല്ലപ്പെടുകയും 3 കുട്ടികള്‍ ഉള്‍പ്പെടെ 16 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഉക്രെയ്നിന്റെ അടിയന്തര സേവനം അറിയിച്ചു. ഹോളോസിവ്സ്‌കി ജില്ലയിലെ ഒരു വിദ്യാര്‍ത്ഥി ഡോര്‍മിറ്ററിയില്‍ ഡ്രോണ്‍ ആക്രമണം ഉണ്ടായതായും കെട്ടിടത്തിന്റെ ഒരു ചുവരിന് തീപിടിച്ചതായും ക്ലിറ്റ്ഷ്‌കോ പറഞ്ഞു.
ഡിനിപ്രോവ്സ്‌കി ജില്ലയില്‍ ഒരു വീട് നശിപ്പിക്കപ്പെട്ടു. ഷെവ്ചെന്‍കിവ്സ്‌കി ജില്ലയില്‍ ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലെ ജനാലകള്‍ തകര്‍ന്നു. അതേസമയം ശനിയാഴ്ച ഇരുപക്ഷവും 307 സൈനികരെ കൂടി കൈമാറ്റം ചെയ്തതായി വോളോഡിമര്‍ സെലെന്‍സ്‌കിയും റഷ്യയുടെ പ്രതിരോധ മന്ത്രാലയവും പറഞ്ഞിരുന്നു. വാരാന്ത്യത്തില്‍ പ്രതീക്ഷിക്കുന്ന കൂടുതല്‍ മോചനങ്ങള്‍ മൂന്ന് വര്‍ഷത്തിലേറെ നീണ്ട യുദ്ധത്തിലെ ഏറ്റവും വലിയ സൈനിക കൈമാറ്റമായിരിക്കും എന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications