അധിനിവേശം റഷ്യ ചെയ്താലും അമേരിക്ക ചെയ്താലും തെറ്റാണ്; സിപിഐഎമ്മിനോടും സിപിഐയോടും ടിഎം കൃഷ്ണ
ചെന്നൈ: റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തില്‍ സി പി ഐ എമ്മും സി പി ഐയും സ്വീകരിച്ച നിലപാടുകള്‍ക്കെതിരേ രൂക്ഷമായി പ്രതികരിച്ച് സംഗീതജ്ഞന്‍ ടി എം കൃഷ്ണ. അന്താരാഷ്ട്ര രാഷ്ട്രീയ വിഷയങ്ങളിലെ അവരുടെ അഭിപ്രായങ്ങള്‍ എന്തുതന്നെയായാലും മറ്റൊരു രാജ്യത്തില്‍ അതിക്രമിച്ച് കയറിയ റഷ്യയുടെ നടപടിയെ അപലപിക്കാത്ത സി പി ഐ എമ്മിന്റേയും സി പി ഐയുടെയും നിലപാടിനെ പരിതാപകരം എന്നേ വിശേഷിപ്പിക്കാനാവൂവെന്ന് ടി എം കൃഷ്ണ പറഞ്ഞു. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
റഷ്യയും അമേരിക്കയും ഒരുപോലെ അധിനിവേശക്കാരാണെന്നും അതില്‍ ഒരാളെ മാത്രം അധിനിവേശക്കാരനെന്ന് വിശേഷിപ്പിക്കുകയും മറ്റൊരാള്‍ക്ക് വിഷയത്തില്‍ നിയമപരമായ താത്പര്യം ഉണ്ടെന്ന് മാത്രം പറയുകയും ചെയ്യുന്നത് മാപ്പര്‍ഹിക്കാത്ത കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം യുക്രൈനെ ആക്രമിച്ച റഷ്യയ്‌ക്കെതിരെ നിലപാട് സ്വീകരിച്ച സി പി ഐ എം എല്ലിന്റെ നടപടി ടി എം കൃഷ്ണ സ്വാഗതം ചെയ്തു. റഷ്യയ്‌ക്കെതിരെ നിലപാട് സ്വീകരിച്ചതിന് സി പി ഐ എം എല്ലിന് അഭിനന്ദിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

റഷ്യ ഉടനെ യുക്രൈനെതിരായ ആക്രമണം അവസാനിപ്പിച്ച് സൈന്യത്തെ പിന്‍വലിക്കണമെന്നും റഷ്യയുടെ കടന്നുകയറ്റത്തിനെതിരേ ഇന്ത്യ ശക്യമായ നിലപാട് കൈക്കൊള്ളണമെന്നുമാണ് സി പി ഐ എം എല്‍ ആവശ്യപ്പെട്ടത്. അതേസമയം റഷ്യയുടെ സുരക്ഷയും യുക്രൈനിലും സമാധാനവും പുലരണമെന്നായിരുന്നു സി പി ഐ എം പൊളിറ്റ് ബ്യൂറോ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നത്. യുക്രൈനെ നാറ്റോ സഖ്യത്തില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമം റഷ്യന്‍ സുരക്ഷയ്ക്ക് കടുത്ത ഭീഷണിയാണെന്ന് സി പി ഐം പറഞ്ഞിരുന്നു.

കിഴക്കന്‍ യൂറോപ്യന്‍ അതിര്‍ത്തിയിലുള്ള നാറ്റോ സഖ്യവും അവരുടെ മിസൈല്‍ സംവിധാനവും റഷ്യന്‍ സുരക്ഷയെ ബാധിക്കും. അതിനാല്‍ റഷ്യന്‍ സുരക്ഷയും, ഒപ്പം യുക്രൈനെ നാറ്റോയില്‍ ഉള്‍പ്പെടുത്തരുതെന്ന വാദവും നീതിപൂര്‍വ്വകമാണെന്നുമായിരുന്നു സി പി ഐ എം സ്വീകരിച്ച നിലപാട്. സോവിയറ്റ് യൂണിയന്‍ പിരിച്ചുവിട്ടതിന് പിന്നാലെ നാറ്റോ സൈന്യം കിഴക്കന്‍ മേഖലയിലേയ്ക്ക് നീങ്ങുകയായിരുന്നുവെന്നും അത് അമേരിക്ക നല്‍കിയ ഉറപ്പുകള്‍ക്ക് വിരുദ്ധമായിരുന്നുവെന്നും സി പി ഐ എം നിരീക്ഷിച്ചിരുന്നു. റഷ്യയുടെ ആവശ്യം യു എസും നാറ്റോയും നിരസിക്കുന്നതും കൂടുതല്‍ സേനയെ യുദ്ധഭൂമിയിലേക്കയക്കാനുള്ള നീക്കവും പ്രശ്നം ഗുരുതരമാക്കുന്നു.

കിഴക്കന്‍ യുക്രൈനിലെ ഡോണ്‍ബാസ് പ്രദേശത്തേതടക്കമുള്ള ജനങ്ങളുടെ ആശങ്കകള്‍ പരിഹരിച്ചാല്‍ മാത്രമെ പ്രദേശത്ത് സമാധാനം പുലരുകയുള്ളുവെന്നും സി പി ഐ എം പറഞ്ഞിരുന്നു. യുക്രൈനിലെ വിദ്യാര്‍ഥികളെയടക്കമുള്ള ആയിരക്കണക്കിന് വരുന്ന മനുഷ്യരുടെ സുരക്ഷ എത്രയും പെട്ടെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും എല്ലാ ഇന്ത്യക്കാരേയും യുദ്ധഭൂമിയില്‍ നിന്നും ഒഴിപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും സി പി ഐ എം പറഞ്ഞിരുന്നു. സമാന നിലപാട് തന്നെയായിരുന്നു സി പി ഐയും സ്വീകരിച്ചിരുന്നത്. ലോകത്തിന്റെ ഏത് ഭാഗത്തുള്ള ഒരു ഭൗമ-രാഷ്ട്രീയ സംഘര്‍ഷത്തിനും യുദ്ധം പരിഹാരമല്ലെന്നും യുക്രൈനിനെ നാറ്റോയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം ലോകത്തിന് ഭീഷണിയായിരിക്കുമെന്നും സി പി ഐ പറഞ്ഞിരുന്നു.

സമാധാനപരമായ മാര്‍ഗങ്ങളിലൂടെയും അര്‍ത്ഥവത്തായ ചര്‍ച്ചകളിലൂടെയും മാത്രമേ അവ പരിഹരിക്കാന്‍ കഴിയൂ. കിഴക്കോട്ടും ലോകത്തിന്റെ ഏത് ഭാഗത്തും നാറ്റോ വ്യാപിപ്പിക്കാനുള്ള യു എസ് നീക്കം ലോകസമാധാനത്തിന് ശാശ്വതമായ ഭീഷണിയായിരിക്കുമെന്നും സി പി ഐ അഭിപ്രായപ്പെട്ടു. യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ സുരക്ഷിതമായി തിരിച്ചെത്തിക്കുന്നതിന് ഇടപെടണമെന്ന് ആവശ്യപ്പെട്ട് സി പി ഐ എം പി ബിനോയ് വിശ്വം വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചിരുന്നു.
The statements coming from @cpimspeak @cpofindia on the Ukraine crisis are horrible. Irrespective of their geo-political opinions their inability to unequivocally condemn Russia for 'invading' a country is deplorable.
— T M Krishna (@tmkrishna) February 26, 2022












Click it and Unblock the Notifications