കാവേരി ജലം തമിഴ് നാടിന് വിട്ടുകൊടുക്കില്ലെന്ന് കേന്ദ്രമന്ത്രി
ബെംഗളൂരു: കാവേരി നദിയില്‍ നിന്നുള്ള ജലം തമിഴ് നാടിന് വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം ആളിക്കത്തിച്ച് രാഷ്ട്രീയ നേതാക്കളും. തമിഴ്‌നാടിന് ജലം വിട്ടു നല്‍കില്ലെന്ന് കര്‍ണാടകത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ വ്യക്തമാക്കി. തമിഴ്‌നാടിന് ഒരു തുള്ളി വെള്ളം പോലും നല്‍കാനുള്ള സ്ഥിതിയിലല്ല കര്‍ണാടകയെന്ന് അദ്ദേഹം പറഞ്ഞു.
കോടതി പരിഗണിക്കുന്ന വിഷയമായതിനാല്‍ പ്രധാനമന്ത്രി ഇക്കാര്യത്തില്‍ ഇടപെടില്ല. ക്രമസമാധാനം സംരക്ഷിക്കുന്നതില്‍ കര്‍ണാടകത്തിലെ മുഖ്യമന്ത്രി സിദ്ധരാമയ്യ പരാജയപ്പെട്ടുവെന്നും ഗൗഡ ആരോപിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യ കാവേരി നദീജലത്തര്‍ക്കത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനോടുള്ള പ്രതികരണമാണ് സദാനന്ദ ഗൗഡ വ്യക്തമാക്കിയത്.

പ്രശ്‌നപരിഹാരം കോടതി വഴി തന്നെ മുന്നോട്ട് പോകട്ടെയെന്നാണ് തന്റെ അഭിപ്രായം. വിദഗ്ദ്ധ സമിതിയെ വച്ച് ഇരു സംസ്ഥാനങ്ങളുടെയും ജലദൗര്‍ബല്യം സംബന്ധിച്ച് പഠിച്ച ശേഷമേ തീരുമാനത്തില്‍ എത്താന്‍ സാധിക്കൂ എന്നും ഗൗഡ കൂട്ടിച്ചേര്‍ത്തു. ഇവിടെ പെയ്യുന്ന മഴയുടെ അളവും റിസര്‍വോയറിലെ വെള്ളത്തിന്റെ കണക്കുമെടുക്കണം.
കര്‍ണാടകയിലെ ജനങ്ങള്‍ക്കു ആവശ്യമായ കുടിക്കാനും മറ്റുമുള്ള വെള്ളത്തിന്റെ അളവു കണക്കാക്കണം. അതിനു ശേഷമേ തമിഴ്‌നാടിനു വെള്ളം കൊടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാനാവൂ എന്നും സദാനന്ദ ഗൗഡ പറയുന്നു. തമിഴ് നാട്ടിലെ നേതാക്കള്‍ സംഭവത്തില്‍ കര്‍ണാടകത്തിനെതിരെ രംഗത്തെത്തിയതോടെ ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള സംഘര്‍ഷ സാധ്യത വര്‍ധിക്കുകയാണ്.












Click it and Unblock the Notifications