'മൊഴി മാറ്റിയത് കുടുംബത്തെ ഭീഷണിപ്പെടുത്തിയതിനാല്‍..'; പോരാട്ടം സര്‍ക്കാരിനെതിരെയല്ലെന്നും സാക്ഷി മാലിക്
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്‍ മേധാവി ബ്രിജ് ഭൂഷണെതിരെ ലൈംഗികാരോപണം ഉന്നയിച്ച പ്രായപൂര്‍ത്തിയാകാത്ത ഗുസ്തി താരം മൊഴി മാറ്റിയതിന് പിന്നാലെ വിശദീകരണവുമായി ഒളിംപ്യന്‍ സാക്ഷി മാലിക്. താരത്തിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയതിനാലാണ് അവര്‍ മൊഴി മാറ്റിയത് എന്ന് സാക്ഷി മാലിക് പറഞ്ഞു. ട്വിറ്ററില്‍ പങ്ക് വെച്ച വീഡിയോയിലൂടെയായിരുന്നു സാക്ഷി മാലിക്കിന്റെ പ്രതികരണം.
ബ്രിജ് ഭൂഷണെതിരെ പ്രായപൂര്‍ത്തിയാകാത്ത ഗുസ്തി താരം നല്‍കിയ പരാതിയില്‍ തെളിവുകളൊന്നുമില്ലെന്ന് ചൂണ്ടിക്കാട്ടി ഡല്‍ഹി പൊലീസ് റദ്ദാക്കാന്‍ ശുപാര്‍ശ ചെയ്തതിന് തൊട്ടുപിന്നാലെയാണ് സാക്ഷി മാലിക്കിന്റെ വെളിപ്പെടുത്തല്‍. അതേസമയം, പോരാട്ടം സര്‍ക്കാരിനെതിരെയല്ലെന്നും ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിന്റെ കൊള്ളരുതായ്മകള്‍ക്ക് എതിരെയാണെന്നും സാക്ഷി മാലിക്കിന്റെ ഭര്‍ത്താവും ഗുസ്തി താരവുമായ സത്യവര്‍ത് കാഡിയന്‍ പറഞ്ഞു.

ജനുവരിയില്‍ ജന്തര്‍മന്തറില്‍ നടന്ന തങ്ങളുടെ ആദ്യ പ്രതിഷേധത്തിന് അനുമതി വാങ്ങിയത് ബി ജെ പി സഹയാത്രികരായ തിരത് റാണയും ബബിത ഫോഗട്ടും ആണെന്നും പിന്നെങ്ങനെ തങ്ങളുടെ പ്രതിഷേധത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന് പറയാനാകുമെന്നും അദ്ദേഹം ചോദിച്ചു. പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ ഏഴ് ഗുസ്തി താരങ്ങളാണ് ബ്രിജ് ഭൂഷണിനെതിരെ ലൈംഗികാതിക്രമ പരാതി ഉന്നയിച്ചിരിക്കുന്നത്.
ബ്രിജ് ഭൂഷണിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സാക്ഷി മാലിക്കും ബജ്‌റംഗ് പൂനിയയും വിനേഷ് ഫോഗട്ടും അടക്കമുള്ള ഗുസ്തി താരങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. 'ഗുസ്തിയുമായി ബന്ധപ്പെട്ടുള്ള ഭൂരിപക്ഷം താരങ്ങള്‍ക്കും കോച്ചുമാര്‍ക്കും ഗുസ്തി ഫെഡഫറേഷനിലെ പ്രശ്നങ്ങളെ കുറിച്ച് അറിയായിരുന്നു എന്നും സാക്ഷി പറഞ്ഞു. പ്രശ്‌നങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ ആഗ്രഹിച്ചിരുന്നെങ്കിലും ഞങ്ങളില്‍ ഐക്യം ഇല്ലായിരുന്നു.
പലരും സ്വന്തം കരിയറിനെ പ്രതികൂലമായി ബാധിക്കുമെന്ന് ഭയപ്പെട്ടു, സാക്ഷി മാലിക് പറഞ്ഞു. 'ഗുസ്തി താരങ്ങളില്‍ പലരും സാമ്പത്തികമായി ഏറെ പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. ബ്രിജ് ഭൂഷണാകട്ടെ ശക്തനും ഭരണകക്ഷിയില്‍പ്പെട്ട വലിയ രാഷ്ട്രീയ സ്വാധീനമുള്ള നേതാവും. അത്തരമൊരു വ്യക്തിക്കെതിരെ പോരാടുക എന്ന് പറയുന്നത് വലിയ ആശങ്കയുണ്ടാക്കിയിരുന്നു', സാക്ഷി പറഞ്ഞു.
സമരത്തിലുടനീളം തങ്ങളെ പിന്തുണച്ച വ്യക്തികള്‍ക്കും സംഘടനകള്‍ക്കും നന്ദി അറിയിക്കുന്നതായി സാക്ഷി മാലിക് പറഞ്ഞു. സംയുക്ത കിസാന്‍ മോര്‍ച്ച, ഭീം ആര്‍മി നേതാവ് ചന്ദ്ര ശേഖര്‍ ആസാദ്, ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് എന്നിവരുടെ പേരെടുത്ത് പറഞ്ഞാണ് സാക്ഷി മാലിക്കും സത്യവര്‍ത് കാഡിയനും നന്ദി അറിയിച്ചത്. തങ്ങളെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറ്റണമെന്നും സാക്ഷി മാലിക്ക് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.












Click it and Unblock the Notifications