ശമ്പളം കൂടുന്നത് മാത്രമല്ല കാര്യം; മൂന്ന് ലക്ഷം രൂപ ഒറ്റയടിക്ക് കൈയ്യിലെത്തും, 2016ല്‍ ലഭിച്ചിരുന്നു
ന്യൂഡല്‍ഹി: എട്ടാം ശമ്പള കമ്മീഷന്‍ പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. ഏഴാം ശമ്പള കമ്മീഷന്റെ കാലാവധി ഈ മാസം 31ന് അവസാനിക്കുകയും ചെയ്യും. ഇനി ശമ്പളത്തില്‍ മാറ്റം വരുത്തണമെങ്കില്‍ എട്ടാം ശമ്പള കമ്മീഷന്റെ ശുപാര്‍ശ ലഭിക്കുകയും സര്‍ക്കാര്‍ അംഗീകരിക്കുകയും വേണം. അതിന് മാസങ്ങള്‍ എടുക്കും. എന്നാല്‍ ഇക്കാലയളവില്‍ കുടിശ്ശിക കിട്ടുമോ എന്നാണ് ചോദ്യം. അങ്ങനെയാണെങ്കില്‍ എത്ര രൂപ കിട്ടും?
ഓരോ പത്ത് വര്‍ഷത്തിലാണ് ഒരു ശമ്പള കമ്മീഷന്‍ മാറി വരുന്നത്. 2006 മുതല്‍ 2015 വരെയായിരുന്നു ആറാം ശമ്പള കമ്മീഷന്റെ കാലാവധി. 2016 മുതല്‍ ശമ്പളം നല്‍കുന്നതിന് ഏഴാം ശമ്പള കമ്മീഷന്റെ നിര്‍ദേശങ്ങളാണ് പരിഗണിച്ചത്. റിപ്പോര്‍ട്ട് നടപ്പാക്കിയത് 2016 ജൂലൈയില്‍ ആയിരുന്നു എങ്കിലും ജനുവരി മുതല്‍ മുന്‍കാല പ്രാബല്യം സര്‍ക്കാര്‍ അനുവദിച്ചു. അത് ജീവനക്കാര്‍ക്ക് വലിയ നേട്ടമാകുകയും ചെയ്തു.

എട്ടാം ശമ്പള കമ്മീഷനെ നിയോഗിക്കുന്നത് വളരെ വൈകിയാണ്. കഴിഞ്ഞ മാസം മുതലാണ് കമ്മീഷന്‍ പ്രവര്‍ത്തനം തുടങ്ങിയത്. 18 മാസം വരെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സമയം അനുവദിച്ചിട്ടുണ്ട്. അതായത് 2026 കഴിഞ്ഞാല്‍ ആയിരിക്കും റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. പിന്നീട് സര്‍ക്കാരിന്റെ അവലോകനം ആയിരിക്കും. ആറ് മാസം വരെ അതിന് സമയമെടുക്കും.
കമ്മീഷന്റെ ശുപാര്‍ശകളും രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയും സംസ്ഥാന സര്‍ക്കാരുകളുടെ ജീവനക്കാരുടെ ശമ്പളവുമെല്ലാം അവലോകനം ചെയ്താണ് മന്ത്രിസഭ വിഷയം പരിഗണിക്കുക. മന്ത്രിസഭ അനുമതി നല്‍കിയാല്‍ ആയിരിക്കും പുതുക്കിയ ശമ്പളം കൈയ്യിലെത്തുക. ശമ്പളം, ആനുകൂല്യം, പെന്‍ഷന്‍ എന്നിവയെല്ലാം അതുമുതല്‍ മാറും.
കുടിശ്ശിക അനുവദിച്ചാല്‍ എത്ര കിട്ടും?
2016ല്‍ ഏഴാം ശമ്പള കമ്മീഷന്‍ നടപ്പാക്കിയത് മുന്‍കാല പ്രാബല്യത്തോടെ ആയിരുന്നു. അതുകൊണ്ടുതന്നെ കുടിശ്ശിക സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുകയും ചെയ്തു. സമാനമായ രീതിയില്‍ ആയിരിക്കും എട്ടാം ശമ്പള കമ്മീഷനും നടപ്പാക്കുക എന്നാണ് വിവരം. സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകള്‍ ഇക്കാര്യം സര്‍ക്കാരിനോട് പ്രത്യേകം ആവശ്യപ്പെട്ടിട്ടുണ്ട്.
വിപണി വിശകലന വിദഗ്ധരായ അംബിത് കാപിറ്റലിന്റെ കണക്കുകള്‍ പ്രകാരം ശമ്പളത്തില്‍ 30 മുതല്‍ 34 ശതമാനം വരെ വര്‍ധനവ് വരുമെന്നാണ് പ്രതീക്ഷ. ശമ്പള വര്‍ധനവിന് കണക്കാക്കുന്ന ഫിറ്റ്‌മെന്റ് ഫാക്ടര്‍ 1.83 മുതല്‍ 2.46 വരെ ആകുമെന്നും കരുതുന്നു. ഇത് ശരിയാണെങ്കില്‍ ലെവല്‍ ഒന്ന് ജീവനക്കാരുടെ ശമ്പളം എല്ലാ അലവന്‍സുകളും ചേര്‍ത്ത് 35000 വരെ ഉയര്‍ന്നേക്കാം. 34 ശതമാനം വര്‍ധനവ് വരികയാണെങ്കില്‍ ശമ്പളം 40000 കടക്കും. ഏകദേശം 12000 രൂപയോളം വര്‍ധിക്കും.
2028 ജനുവരി മുതലാണ് പുതിയ ശമ്പള വര്‍ധനവ് നിലവില്‍ വരുന്നത് എങ്കില്‍ 2026, 2027 വര്‍ഷങ്ങളിലെ വര്‍ധനവ് കുടിശ്ശികയാകും. രണ്ട് വര്‍ഷത്തെ കുടിശ്ശിക ഏകദേശം മൂന്ന് ലക്ഷത്തോളം വരും. മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ ഇത്രയും തുക ജീവനക്കാര്‍ക്ക് കിട്ടും. ഗ്രേഡ് കൂടിയ ജീവനക്കാര്‍ക്ക് ഇതിനേക്കാള്‍ കൂടിയ കുടിശ്ശിക കൈയ്യിലെത്തും.












Click it and Unblock the Notifications