ശമ്പളം ജനുവരിയില്‍ കൂടും; വലിയ പ്രതീക്ഷ വേണ്ട, 2 ശതമാനം മാത്രം സാധ്യത, പുതിയ വിവരങ്ങള്‍
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതുവര്‍ഷത്തില്‍ ശമ്പളം വര്‍ധിക്കും. ജീവനക്കാര്‍ക്ക് ഡിഎയും പെന്‍ഷന്‍കാര്‍ക്ക് ഡിആറുമാണ് വര്‍ധിക്കുക. എന്നാല്‍ രണ്ട് ശതമാനം മാത്രമാണ് വര്‍ധനവുണ്ടാകുക എന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിലെ 58 ശതമാനം ഡിഎ ഇനി മുതല്‍ 60 ശതമാനമായി ഉയരാനാണ് സാധ്യത. ഇത് ശരിയാണെങ്കില്‍ ഏഴ് വര്‍ഷത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ ഡിഎ വര്‍ധനവാകുമിത്.
എട്ടാം ശമ്പള കമ്മീഷനെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. രണ്ട് വര്‍ഷത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് കരുതുന്നത്. അതായത് റിപ്പോര്‍ട്ട് നടപ്പാക്കണമെങ്കില്‍ 2028 ജനുവരി ആയേക്കും. അതുവരെ പ്രതിവര്‍ഷം രണ്ട് തവണയുള്ള ഡിഎ വര്‍ധനവ് മാത്രമായിരിക്കും ജീവനക്കാര്‍ക്ക് പ്രതീക്ഷ. മുന്‍കാല പ്രാബല്യത്തില്‍ എട്ടാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണം എന്ന് ജീവനക്കാര്‍ ആവശ്യപ്പെടുന്നുണ്ട്. അറിയാം കൂടുതല്‍ വിവരങ്ങള്‍...

വരാനിരിക്കുന്ന ഡിഎ വര്‍ധനവ് മൂന്ന് കാര്യങ്ങളാല്‍ വ്യത്യസ്തമായിരിക്കും. ഏഴാം ശമ്പള കമ്മീഷന്റെ കാലാവധി ഈ മാസം 31ന് അവസാനിക്കുകയാണ്. അതിന് ശേഷമുള്ള ആദ്യ ഡിഎ വര്‍ധനവാണ് അടുത്ത മാസം വരാനിരിക്കുന്നത്. എന്നാല്‍ ഇത് എട്ടാം ശമ്പള കമ്മീഷന്റെ പരിധിയില്‍ വരില്ല എന്നതാണ് രണ്ടാമത്തെ കാര്യം. ഡിഎ വര്‍ധനവ് എട്ടാം ശമ്പള കമ്മീഷന്‍ നടപ്പാക്കുമ്പോള്‍ ഗുണം ചെയ്യുമെന്നതാണ് മൂന്നാമത്തെ കാര്യം.
എട്ടാം ശമ്പള കമ്മീഷന്‍ 2028 ആദ്യത്തിലാകും നടപ്പാക്കുക. അതായത്, 2026ലെ രണ്ട് ഡിഎ വര്‍ധനവും 2027ലെ രണ്ട് ഡിഎ വര്‍ധനവിനും ശേഷം. ശമ്പള കമ്മീഷന്‍ നടപ്പാക്കുന്ന വേളയില്‍ അടിസ്ഥാന ശമ്പളവും ഡിഎയും ലയിപ്പിക്കുമെന്നാണ് വിവരം. അതുകൊണ്ടുതന്നെ ഇപ്പോള്‍ നടപ്പാക്കാന്‍ പോകുന്ന ഡിഎ വര്‍ധനവിന് പ്രാധാന്യമുണ്ട്. പക്ഷേ, രണ്ട് ശതമാനം മാത്രം വര്‍ധനവായാല്‍ നേട്ടമാകില്ല.
2016 മാതൃക ആവര്‍ത്തിച്ചാല്‍
എട്ടാം ശമ്പള കമ്മീഷന്‍ എപ്പോഴാണ് നടപ്പാക്കുക എന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്. ആറാം ശമ്പള കമ്മീഷന്റെ കാലാവധി 2015 ഡിസംബര്‍ 31നാണ് അവസാനിച്ചത്. എന്നല്‍ ഏഴാം ശമ്പള കമ്മീഷന്റെ ശുപാര്‍ശകള്‍ 2016 ജനുവരി ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ സര്‍ക്കര്‍ നടപ്പാക്കിയത് നേട്ടമായിരുന്നു. സമാനമായ നടപടി എട്ടാം ശമ്പള കമ്മീഷന്റെ കാര്യത്തിലുമുണ്ടായാല്‍ വലിയ തുക കൈയ്യിലെത്തും.
എട്ടാം ശമ്പള കമ്മീഷനെ നിയമിച്ച് കഴിഞ്ഞ മാസം ഉത്തരവിറങ്ങിയ വേളയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമയ പരിധി നിശ്ചയിക്കാത്തത് ജീവനക്കാര്‍ക്ക് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. എന്നുമുതല്‍ റിപ്പോര്‍ട്ട് നടപ്പാക്കുമെന്നതും അവ്യക്തമാണ്. മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കുമെന്ന് അടുത്തിടെ കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് സൂചിപ്പിച്ചെങ്കിലും വ്യക്തമായ മറുപടി നല്‍കിയിരുന്നില്ല.
നടപ്പ് പാര്‍ലമെന്റ് സമ്മേളനത്തില്‍ എട്ടാം ശമ്പള കമ്മീഷന്‍ സംബന്ധിച്ച ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നു മുതല്‍ നടപ്പാക്കുമെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം സര്‍ക്കാര്‍ നല്‍കിയില്ല. അതുകൊണ്ടുതന്നെ ക്ഷാമ ബത്ത വര്‍ധിപ്പിക്കുന്നത് അടുത്ത രണ്ട് വര്‍ഷം തുടരുമെന്ന് പ്രതീക്ഷിക്കാം. എന്നാല്‍ രണ്ട് ശതമാനം മാത്രമാണ് വര്‍ധനവ് എങ്കില്‍ വലിയ തുക കൈയ്യിലെത്തില്ല.












Click it and Unblock the Notifications