ശമ്പളം കൂട്ടാന്‍ റെയില്‍വെ; ജീവനക്കാര്‍ക്ക് സന്തോഷ വാര്‍ത്ത, പക്ഷേ, കടുത്ത നടപടികള്‍ക്ക് സാധ്യത
ന്യൂഡല്‍ഹി: റെയില്‍വെ ജീവനക്കാര്‍ക്ക് സന്തോഷ വാര്‍ത്ത. ശമ്പളം കൂട്ടാനുള്ള നടപടികള്‍ക്ക് റെയില്‍വെ തുടക്കമിട്ടു. വരാനിരിക്കുന്ന അധിക ചെലവ് മുന്‍കൂട്ടി കണ്ട് കടുത്ത ചെലവ് ചുരുക്കലിന് ഒരുങ്ങുകയാണ് റെയില്‍വെ. മാത്രമല്ല, വരുമാനം കൂട്ടാനുള്ള നടപടികളും തുടങ്ങുകയാണ്. ചെവവ് ചുരുക്കല്‍ ഏത് രീതിയില്‍ ജീവനക്കാരെ ബാധിക്കുമെന്ന് കണ്ടറിയണം. വരുമാനം കൂട്ടാനുള്ള നടപടികള്‍ നിരക്ക് വര്‍ധനവിലൂടെ ആകുമോ എന്ന സംശയം ഉയര്‍ന്നിട്ടുണ്ട്.
എട്ടാം ശമ്പള കമ്മീഷന്‍ രൂപീകരിക്കുന്ന പ്രഖ്യാപനം കേന്ദ്ര സര്‍ക്കാര്‍ നടത്തിയത് ഈ വര്‍ഷം ജനുവരിയിലാണ്. എന്നാല്‍ ഒക്ടോബറിലാണ് കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ കേന്ദ്രം തീരുമാനിച്ചത്. ഇപ്പോള്‍ കമ്മീഷന്‍ പ്രവര്‍ത്തനം തുടങ്ങി കഴിഞ്ഞു. 18 മാസമാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള സമയം. പിന്നീട് സര്‍ക്കാര്‍ അംഗീകാരം കൂടി ലഭിക്കുന്നതിന് മൊത്തം രണ്ട് വര്‍ഷം എടുത്തേക്കും.

2028 ജനുവരി മുതലായിരിക്കും എട്ടാം ശമ്പള കമ്മീഷന്‍ നടപ്പാക്കുക എന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വേളയില്‍ വലിയ ശമ്പള വര്‍ധനവ് റെയില്‍വെ ജീവനക്കാര്‍ക്ക് ലഭിക്കും. ഇതിന് അധിക പണം ആവശ്യമാണ്. അതുകൊണ്ടുതന്നെ വരുമാനം കൂട്ടുകയും ചെലവ് കുറയ്ക്കുകയും വേണം. ഈ പദ്ധതിയാണ് റെയില്‍വെ നിലവില്‍ ആരംഭിച്ചിട്ടുള്ളത്.
ഒരു ഭാഗത്ത് റെയില്‍വെ ജീവനക്കാര്‍ക്ക് പ്രതീക്ഷ നല്‍കുന്ന തുടക്കമാണിത്. എന്നാല്‍ ചെലവ് ചുരുക്കല്‍ എങ്ങനെ, വരുമാനം കൂട്ടല്‍ എങ്ങനെ എന്നീ കാര്യങ്ങള്‍ കൂടി അറിയേണ്ടതുണ്ട്. പുതിയ ജീവനക്കാരെ നിയമിക്കാതിരിക്കുക, ജോലി ഭാരം കൂട്ടുക, നിരക്ക് വര്‍ധിപ്പിക്കുക എന്നീ പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത് എങ്കില്‍ തൊഴില്‍ തേടുന്നവര്‍ക്കും പൊതുജനങ്ങള്‍ക്കും തിരിച്ചടിയാകും.
ഫിറ്റ്‌മെന്റ് ഫാക്ടര്‍ 2.86 ആകുമോ
ഏഴാം ശമ്പള കമ്മീഷന്‍ റെയില്‍വെയില്‍ നടപ്പാക്കിയത് ഫിറ്റ്‌മെന്റ് ഫാക്ടര്‍ 2.57 അടിസ്ഥാനമാക്കിയുള്ള ശമ്പള വര്‍ധനവാണ്. ഇപ്പോള്‍ ജീവനക്കാരുടെ സംഘടനകള്‍ ആവശ്യപ്പെടുന്നത് 2.86 ഫിറ്റ്‌മെന്റ് ഫാക്ടറാണ്. ഇക്കാര്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചാല്‍ ശമ്പളം നല്‍കുന്നതിനുള്ള ചെലവ് 22 ശതമാനം വര്‍ധിക്കും. ഈ പണം എവിടെ നിന്ന് റെയില്‍വെ കണ്ടെത്തും, അതിന് എന്തൊക്കെ മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്നതാണ് നിര്‍ണായകം.
അതേസമയം, എട്ടാം ശമ്പള കമ്മീഷന്‍ ശുപാര്‍ശ പ്രകാരമുള്ള ശമ്പളം ലഭിക്കാന്‍ രണ്ട് വര്‍ഷം എടുക്കുമെന്നാണ് കരുതുന്നത്. ഇക്കാലയളവില്‍ വരുന്ന കുടിശ്ശിക അനുവദിക്കണം എന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഏഴാം ശമ്പള കമ്മീഷന്‍ നടപ്പാക്കിയ വേളയില്‍ കുടിശ്ശിക അനുവദിച്ചിരുന്നു. സമാനമായ നിലപാട് കേന്ദ്ര സര്‍ക്കാര്‍ ഇനിയും എടുക്കുമോ എന്നാണ് അറിയേണ്ടത്.
കുടിശ്ശിക അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ ഏകദേശം മൂന്ന് ലക്ഷം രൂപ വരെ ജീവനക്കാര്‍ക്ക് അധികമായി ലഭിച്ചേക്കും. ഇത്രയും വലിയ തുക ഓരോ ജീവനക്കാരനും നല്‍കാന്‍ കേന്ദ്രം തയ്യാറാകുമോ, ആനുകൂല്യങ്ങൡ ലയിപ്പിക്കുകയാണോ ചെയ്യുക, അല്ലെങ്കില്‍ മുന്‍കാല പ്രാബല്യമില്ലാതെ ശമ്പള വര്‍ധനവ് നടപ്പാക്കുകയാണോ ചെയ്യുക എന്നീ കാര്യങ്ങള്‍ കാത്തിരുന്ന് കാണാം.












Click it and Unblock the Notifications